കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ഇതിനകം ലോകം അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. അതിതീവ്ര മഴ, പ്രളയം, വരള്‍ച അങ്ങനെ നീളുന്നു ആ ഫലങ്ങളുടെ പട്ടിക. ദിനം പ്രതി അന്തരീക്ഷ താപനില ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഭൗമാന്തരീക്ഷത്തിലും കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ മേഖലയായ ഭൂസ്പര്‍ശമണ്ഡലം (ട്രോപോസ്ഫിയര്‍) ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഭൗമോപരിതലത്തില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ പഠനം പറയുന്നത്. ഉത്തരാര്‍ധഗോളത്തില്‍ കാലാവസ്ഥാ ബലൂണുകള്‍ ഉപയോഗിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. ഈ ദശാബ്ദത്തില്‍ മാത്രം 50 മുതല്‍ 60 മീറ്റര്‍ വരെ മുകളിലേക്ക് വരെയാണ് ഭൂസ്പര്‍ശമണ്ഡലം നീങ്ങിയത്.
അന്തരീക്ഷ താപനിലയിലുണ്ടായ വര്‍ധനവാണ് ഈ മാറ്റത്തിനുള്ള പ്രധാന കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ ജേയ്ന്‍ ലിയു പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂസ്പര്‍ശമണ്ഡലത്തിന്റെ ഉയരം വ്യത്യസ്തമാണ്. ഉഷ്ണമേഖലകളില്‍ 20 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഭൂസ്പര്‍ശമണ്ഡലം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ദ്രുവപ്രദേശത്ത് ഇത് 12 കിലോമീറ്ററില്‍ താഴെയായും സ്ഥിതി ചെയ്യുന്നു.
ഓരോ വര്‍ഷവും കാലാവസ്ഥയ്‌ക്കനുസരിച്ച് ഭൂസ്പര്‍ശമേഖലയുടെ മുകളിലെ അതിര്‍ത്തിയായ ട്രോപോപാസ് സ്വാഭാവികമായും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. ചൂട് കൂടുമ്പോള്‍ വായു വികസിക്കുകയും തണുപ്പ് കാലത്ത് വായു ചുരുങ്ങുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ കൂടുതല്‍ ചൂട് പിടിച്ച് നിര്‍ത്തുന്നതിനാല്‍ ഭൂസ്പര്‍ശമണ്ഡലം പതിവില്‍ കവിഞ്ഞ് ഉയരുന്നു. 1980 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ട്രോപോപോസ് 200 മീറ്റര്‍ വരെ ഉയര്‍ന്നിട്ടുണ്ടെന്നാണ് ലിയുവിന്റെയും സംഘത്തിന്റെയും കണ്ടെത്തല്‍.
മിക്കവാറും എല്ലാ കാലാവസ്ഥ പ്രതിഭാസങ്ങളും ഭൂസ്പര്‍ശമണ്ഡലത്തിലാണ് സംഭവിക്കുന്നത്. എങ്കിലും ഈ മാറ്റം കാലാവസ്ഥയെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്ന് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണിതെന്നും എന്ന് അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: