കൊച്ചി: നന്ദകുമാർ കളരിക്കല്‍ സ്ഥിരമായി ഗവേഷക വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്നവനാണെന്ന് എഴുത്തുകാരന് ജീവൻ ജോബ് തോമസ്. താൻ പിഎച്ച്ഡി ഗവേഷണ വിദ്യാർഥി ആയിരുന്നപ്പോൾ അക്കാലത്ത് ഗൈഡായിരുന്ന നന്ദകുമാർ കളരിക്കല്‍ തന്നെയും മറ്റ് വിദ്യാർഥികളെയും വ്യക്തിഹത്യ നടത്തിയിട്ടുണ്ടെന്നും ജീവന് ജോബ് തോമസ് പറഞ്ഞു.
നന്ദകുമാർ കളരിക്കലിന്റെ സ്ഥിരം മധ്യസ്ഥനാണ് വൈസ്ചാൻസർ സാബു തോമസെന്ന് എഴുത്തുകാരനും മുൻ ഗവേഷക വിദ്യാർഥിയുമായ ജീവൻ ജോബ് തോമസ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചത്. അതോടൊപ്പം ദീപയുടെ സമരത്തെ പൊതുസമൂഹം പിന്തുണയ്ക്കണമെന്നും ജീവൻ ജോബ് തോമസ് പറഞ്ഞു.
ഇന്ന് ദീപ പി മോഹൻ എന്ന വിദ്യാർത്ഥിനി സമരം ചെയ്തുകൊണ്ടിരിക്കുന്നത് നന്ദകുമാർ കളരിക്കലിനും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയ്ക്കും എതിരെയാണ്. ഗവേഷക വിദ്യാർഥി ആയിരുന്ന കാലത്ത് ഒരു കെട്ട് ആൻസർ ഷീറ്റുകൾ കാണുന്നില്ല എന്ന് പറഞ്ഞ് തന്നെ നന്ദകുമാർ കുറ്റപ്പെടുത്തി. അതിന് കാരണം താനാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് നന്ദകുമാർ തിരിച്ചു വന്ന് എന്നെ വിളിച്ചു. പിന്നീട് ആൻസർ ഷീറ്റ് തന്റെ വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്ന് പറഞ്ഞ് നന്ദകുമാർ ക്ഷമ പറഞ്ഞു.
ഇതേപോലെ അനേകം സംഭവങ്ങളുണ്ടായിട്ടുണ്ട്. ആറു വർഷത്തെ പിഎച്ച്ഡി കാലത്തെ എംജി സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിലെ ഉറക്കമില്ലാത്ത രാത്രികളിൽ അനുഭവിച്ച വേദനകൾ, ഒഴുകിത്തീർത്ത കണ്ണുനീര് ഒൻപതു വർഷങ്ങൾക്ക് ശേഷം ഇന്നും തന്നെ വേട്ടയാടുന്നുണ്ട്. പിടിച്ചു നിൽക്കാൻ മറ്റൊരു പാട് സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് ആ കാലത്തെ അതിജീവിച്ചത്. അതില്ലാത്ത എത്രയോ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ജാതി എന്ന സാമൂഹിക യാഥാർത്ഥ്യം നിർമ്മിക്കുന്ന അസമത്വം ഏറ്റവും സൂക്ഷ്മ തലത്തിൽ ഇടപെടുന്നത് ഇതുപോലെയാണ്. ഞാനും ദീപ പി മോഹനും അനുഭവങ്ങളുടെ സമാനതയിലും വ്യത്യസ്തമാകുന്നതും സമൂഹം കൂടുതൽ ഉത്തരവാദിത്വത്തോടെ ദീപ പി മോഹനെ കേൾക്കേണ്ടിവരുന്നതും ഈ പറഞ്ഞ സപ്പോർട്ടിങ്ങ് സംവിധാനങ്ങൾ ഞങ്ങൾ രണ്ടു പേരിലും രണ്ടു തരത്തിലാണ് പ്രവർത്തിക്കുന്നത് എന്നതു കൊണ്ടാണ്.
ഞങ്ങളാരും നന്ദകുമാർ കളരിക്കലിനെതിരെ ദീപ പോയതുപോലെ പോരാടാൻ പോയില്ല. എല്ലാവരും എങ്ങനെയെങ്കിലും പിഎച്ച്ഡി തീർക്കണം എന്ന് മാത്രം വിചാരിച്ചു. ഞാനാകെ ചെയ്തത് ഗവേഷണ രംഗത്തെ അടിമ ഉടമ ബന്ധത്തെ മുൻനിർത്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ലേഖനമെഴുതുക മാത്രമാണ്. കാലങ്ങളായി കേട്ടുകൊണ്ടിരുന്ന ഇൻസൽറ്റുകളുടെ ഫ്രീക്വൻസി ഇരട്ടിച്ച് മാസങ്ങളോളം നീണ്ടു നിന്ന ഡിപ്രഷൻ മാത്രമാണ് ആ ലേഖനം എനിക്ക് സമ്മാനിച്ചത്.- കുറിപ്പില്‍ പറയുന്നു.
ദീപയേപ്പോലെ അന്ന് ഞങ്ങൾ സമരം ചെയ്ത് നന്ദകുമാറിന്റെ അബ്യൂസീവ് ബിഹേവിയറിന് തടയിടാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് ദീപയ്ക്ക് ഈ മട്ടിൽ പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ല. പക്ഷെ ഞങ്ങൾ എല്ലാവരും നീതിയേക്കാൾ കൂടുതൽ സ്വന്തം കരിയറിനെ കുറിച്ച് മാത്രം ചിന്തിച്ചു. എല്ലാവരും അവരവരുടെ കാര്യം നോക്കുന്ന നാട്ടിൽ ദീപ വ്യത്യസ്തയാകുന്നത് അവൾ അവൾക്ക് വേണ്ടി മാത്രമല്ല, അവളുടെ പിന്നാലെ വരുന്നവർക്കും വംശാവലിക്കും വേണ്ടി കൂടിയാണ് സംസാരിക്കുന്നത് എന്നത് കൊണ്ടാണ്.- ജീവന് തോമസ് പറയുന്നു.
നന്ദകുമാർ കളരിക്കലിൽ നിന്നും മാനസിക പീഡനങ്ങൾ അനുഭവിച്ചവരിൽ ദളിതല്ലാത്ത ഞാനൊ മറ്റുള്ളവരോ ഉണ്ട് എന്നത് കൊണ്ട് ദീപ അനുഭവിച്ച വിവേചനവും മാനസിക പീഡനങ്ങളും ജാതിപരമല്ലാതാകുന്നില്ല. പല തരം മുൻവിധികൾ വച്ചു കൊണ്ട് ഗവേഷകരോടും വിദ്യാർത്ഥികളോടും അദ്ദേഹം പെരുമാറുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. ഒരധ്യാപകൻ എന്ന നിലയിൽ തുടരാൻ ഒരു കാരണവശാലും അർഹതയില്ലാത്ത മട്ടിലുള്ള അനേകം അനേകം പരാമർശങ്ങളും പ്രവർത്തികളും നന്ദകുമാർ കളരിക്കൽ നടത്തുന്നത് ഏറ്റവും അടുത്ത് നിന്ന് അനുഭവിച്ച ഒരാളാണ് ഞാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: