ഇന്ധന വില വര്‍ധനവിന്റെ പേരില്‍ എറണാകുളത്ത് സമരം ചെയ്ത കോണ്‍ഗ്രസിന്റെ മുഖം ഒന്നുകൂടി വികൃതമായിരിക്കുകയാണ്. സംസ്ഥാനത്തു തന്നെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു സമരം ചെയ്തതിനെ ചോദ്യം ചെയ്ത സിനിമാതാരം ജോജു ജോര്‍ജിനെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും താരത്തിന്റെ വിലയേറിയ വാഹനം അടിച്ചുതകര്‍ക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന് വാഹന ഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കുകയും കീമോ തെറാപ്പിക്കു പോകേണ്ട രോഗിയും കുട്ടികളുമടക്കം കുടുങ്ങിപ്പോവുകയും ചെയ്തപ്പോഴാണ് ജോജു ഉള്‍പ്പെടെയുള്ള ചിലര്‍ ചോദ്യം ചെയ്തത്. ഇതില്‍ പ്രകോപിതരായാണ് അക്രമാസക്തരായ കോണ്‍ഗ്രസുകാര്‍, മദ്യപിച്ച് ലക്കുകെട്ടാണ് ജോജു ബഹളമുണ്ടാക്കിയതെന്നും, വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുന്നയിച്ചത്. എന്നാല്‍ പോലീസ് പരിശോധനയില്‍ താരം മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും, കാര്‍ അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സമരം ഉപരോധമാക്കി ജനങ്ങളെ വലച്ചതും, അക്രമത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ്സുകാരെ, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ന്യായീകരിച്ചപ്പോള്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അതിനോട് യോജിച്ചില്ല. മറ്റു പല കോണ്‍ഗ്രസ്സ് നേതാക്കളും മൗനം പാലിച്ചു. എറണാകുളത്തെ സുധാകരന് ബ്രിഗേഡിന്റെ ചെയ്തികളെ കോണ്ഗ്രസ്സുകാര് തന്നെ തള്ളിപ്പറയുന്ന അവസ്ഥ വന്നു. അക്രമാസക്ത സമരത്തെ പിന്തുണച്ച് ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തേണ്ടെന്ന് കരുതിയാണ് പാര്‍ട്ടി നേതാക്കള്‍ അകലം പാലിച്ചത്.
ഒന്നാമതായി ഇന്ധന വില വര്‍ധനവിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ കാപട്യമാണ് തിരിച്ചറിയേണ്ടത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിരുന്ന കാലത്താണ് പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. ഇതേത്തുടര്‍ന്നാണ് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. ഇതിനു പുറമെ പെട്രോളിയം കമ്പനികളുടെ നഷ്ടം നികത്താനെന്ന പേരില്‍ കടപ്പത്രം ഇറക്കുകയും ചെയ്തു. ഈ കടം വീട്ടാന്‍ സഹസ്ര കോടികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അടച്ചുകൊണ്ടിരിക്കുന്നത്. പെട്രോളിയം കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരം തുറന്നുകൊടുത്തത് തങ്ങളാണെന്ന കാര്യം ജനങ്ങള്‍ മറന്നുകാണുമെന്ന ധാരണയില്‍ ദേശീയതലത്തില്‍ തന്നെ ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസുകാര്‍ സമരത്തിനിറങ്ങുകയുണ്ടായി. വഴിതടയല്‍ സമരത്തോട് താന്‍ യോജിക്കുന്നില്ലെന്നാണല്ലോ വി.ഡി.സതീശന് പറയുന്നത്. ഇത് സോണിയയുടെ കോണ്‍ഗ്രസിന് ബാധകമല്ലേയെന്ന് സതീശന് വ്യക്തമാക്കണം. പാര്‍ലമെന്റ് പാസ്സാക്കിയ കര്‍ഷക ബില്ലിനെതിരെ ചില തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ ദല്‍ഹിയിലും മറ്റും ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന വഴിതടയല്‍ സമരത്തെ കോണ്‍ഗ്രസ് പൂര്‍ണമായും പിന്തുണയ്ക്കുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലടക്കം അക്രമം നടത്തിയ ഇക്കൂട്ടരെ സമരവേദിയില്‍ ചെന്ന് പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ചെയ്തത്. എന്തിന്റെ പേരിലാണെങ്കിലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സമരത്തെ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടും അരുംകൊലകളുള്‍പ്പെടെ പൈശാചികമായ അക്രമങ്ങള്‍ അഴിച്ചുവിടുന്ന സമരക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. ഇതിന്റെ ഒരു ചെറുപതിപ്പാണ് എറണാകുളത്ത് കണ്ടത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമാസക്ത സമരങ്ങളെ കണ്ണുമടച്ച് പിന്തുണയ്ക്കുന്നവരാണ് ഇടതുപാര്‍ട്ടികള്‍. അവരാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമരത്തെ തള്ളിപ്പറയുന്നതെന്ന വിരോധാഭാസം കാണാതിരുന്നുകൂടാ. ഇന്ധന വില വര്‍ധനയ്ക്ക് തുടക്കം കുറിച്ചത് സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളഞ്ഞ മന്മോഹന് സര്‍ക്കാരിന്റെ തെറ്റായ നയമാണെന്നു പറയാന്‍ പോലും ഇടതുപാര്‍ട്ടികളുടെ നേതാക്കള്‍ ഇപ്പോള്‍ തയ്യാറാവുന്നില്ല. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിക്കുന്നതും, വികസന പദ്ധതികള്‍ക്കും സബ്സിഡികള്‍ക്കും ഭരണച്ചെലവിനുമായി വിവിധ തരത്തിലുള്ള നികുതികള്‍ ചുമത്തുന്നതുമാണ് ഇന്ധന വില വര്‍ധനവിന് കാരണമാകുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിന് ഒരു പരിഹാരമെന്ന നിര്‍ദേശം ഉയര്‍ന്നിട്ട് വളരെക്കാലമായി. ഇതിന് സന്നദ്ധമാണെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേവലം 58 രൂപയ്ക്ക് പെട്രോള്‍ നല്‍കാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ജിഎസ്ടി കൗണ്‍സിലില്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണ് കേരളം ചെയ്തത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്യുന്നു. പെട്രോള്‍ ലിറ്ററിന് 100 രൂപ ഈടാക്കുമ്പോള്‍ 23 രൂപയോളമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഈ വരുമാനം വേണ്ടെന്നു വയ്ക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറല്ല. പകരം, 33 രൂപ ലഭിക്കുന്ന കേന്ദ്രം നികുതി ഒഴിവാക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
ഇന്ധനവില വര്‍ധന ഒഴിവാക്കേണ്ടത് തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ അണിയറയില്‍ ഇതിനുള്ള ആലോചന ശക്തമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. സമരം ചെയ്യാനുള്ള അവകാശം ജനാധിപത്യപരമാണ്. പക്ഷേ അത് ജനങ്ങളുടെ മേല്‍ കുതിരകയറുന്നതാവരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: