തിരുവനന്തപുരം : കുട്ടിയെ നല്കല് വിവാദവുമായി ബന്ധപ്പെട്ട് അനുപമയക്കെതിരെ പരാമര്‍ശം നടത്തിയതില്‍ മന്ത്രി സജി ചെറിയാനെതിരെ പ്രാഥമിക പരിശോധന നടത്തും. അനുപമയുടെ പരാതിയിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൈമാറി കഴിഞ്ഞു.
പ്രസംഗം നടന്നത് ശ്രീകാര്യം പോലീസ് സ്റ്റേഷന് പരിധിയിലാണെന്നതിനാല്‍ അനുപമയുടെ പരാതി പേരൂര്‍ക്കട പോലീസ് ശ്രീകാര്യം പോലീസിന് കൈമാറി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷം പോലീസ് തുടര്‍ നടപടി കൈക്കൊള്ളും.
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന് ജയിലിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണമെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസംഗം. പ്രസ്താവനയ്ക്കെതിരെ അനുപമ രംഗത്ത് എത്തുകയും വിവാദമാവുകയും ചെയ്തിരുന്നു.
എന്നാല്‍ ദത്ത് വിവാദത്തില്‍ അനുപമയ്ക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ പിന്നോട്ട് പോകാതെയാണ് മന്ത്രി സജി ചെറിയാന് ഇന്നും പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടും ഇത് തിരുത്താന്‍ തയ്യാറായിട്ടില്ല. തന്റെ അഭിപ്രായപ്രകടനം രക്ഷിതാവ് എന്ന നിലയിലാണെന്നും ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. പ്രസംഗത്തില്‍ ആരുടെയും പേര് എടുത്ത് പറഞ്ഞില്ലെന്നും നാട്ടിലെ സംഭവം പൊതുവായി പറഞ്ഞതാണെന്നുമാണ് മന്ത്രിയുടെ ന്യായീകരണം.
അനുപമയ്ക്കൊപ്പമാണെന്ന് സിപിഎം പറയുമ്പോഴും അപകീര്‍ത്തിപരമായ പരാമര്‍ശം മന്ത്രി തന്നെ നടത്തിയതില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതാണ് സിപിഎമ്മിന്റെ യഥാര്‍ത്ഥ നിലപാടെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: