കോഴിക്കോട്: കുറ്റ്യാടിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി 2019 ലും പീഡിപ്പിക്കപ്പെട്ടതായി മൊഴി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മൂന്നാമത്തെ കേസാണിത്. രണ്ട് വര്‍ഷം മുമ്പ് ബന്ധുവും മറ്റൊരാളും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പുതിയ വെളിപ്പെടുത്തല്‍ പ്രകാരം കേസെടുത്ത പോലീസ് അറസ്റ്റ് ഉടനുണ്ടാകുമെന്ന് അറിയിച്ചു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത അഞ്ച് പേരാണ് നിലവില്‍ രണ്ട് കേസിലായി അറസ്റ്റിലായത്.
ഒക്ടോബര്‍ മൂന്നിനാണ് കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് നാലുപേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയത്. പീഡനവിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ കേസില്‍ അടുക്കത്ത്പാറ ചാലില്‍ ഷിബു (34), ആക്കല്‍ പാലോളി അക്ഷയ് (22), മൊയിലോത്തറ തെക്കെ പറമ്പത്ത് സായുജ് (24), മൊയിലോത്തറ തമഞ്ഞിമ്മല്‍ രാഹുല്‍ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി സായുജ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെയും വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്. ഈ സംഭവത്തിനു ശേഷവും രാഹുലും മാവിലപ്പാടി മെര്‍വി (23) നും ചേര്‍ന്ന് പെണ്‍കുട്ടിയെ വീണ്ടും പെരുവണ്ണാമൂഴി പന്നിക്കോട്ടൂര്‍ വനത്തില്‍ എത്തിച്ച് പീഡിപ്പിച്ചതായും പരാതിയുണ്ട്. ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടറോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി കേസെടുത്ത് മെര്‍വിനെയും പിടികൂടുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പൊലീസ് കോഴിക്കോട് പോക്സോ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനാണിത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ എടുത്തിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: