തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ നഷ്ടമായ അനുപമയ്ക്ക് ആശ്വാസമേകി കോടതി വിധി. കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി തിരുവന്തപുരം കുടുംബ കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരും ശിശുക്ഷേമ സമിതിയും അനുപമയ്ക്ക് ഒപ്പമുള്ള നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യമാണ് ഇന്നു കോടതി പരിഗണിച്ചത്. നവംബര്‍ ഒന്നിന് നടക്കുന്ന വാദത്തില്‍ സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയാണെങ്കില്‍ കുട്ടിയെ ദത്തെടുത്തവരില്‍ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. പിന്നീടാകും ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍.കോടതി വിധിയില്‍ അനുപമ നന്ദിയറിയിച്ചു.നവംബര്‍ ഒന്നിന് അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്നതില്‍ സന്തോഷമെന്നും അനുപമ പറഞ്ഞു.
ദത്ത് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കോടതിയില്‍ ഉന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നു. ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്കാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന് കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ടത് എന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചിരുന്നത്. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന കാര്യത്തിലാണ് പ്രധാന തര്‍ക്കമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതില്‍ വ്യക്തത വരുന്നതുവരെ ദത്തെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും അഭിഭാഷകന് പറഞ്ഞു. ഇതാണ് കോടതി അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: