വടക്കാഞ്ചേരി: മണ്ണുത്തി പറവട്ടാനിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കണ്ടെത്തി. കോലഴി കാരാമ പെട്രോള്‍പമ്പിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ പുലര്‍ച്ചെയാണ് വാഹനം കണ്ടെത്തിയത്. കേസിലെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടില്‍ ഷെരീഫാണ് (നാച്ചു ഷമീര്‍-38) കൊല്ലപ്പെട്ടത്. ഓട്ടോയിലെത്തിയ മൂന്നംഗസംഘം ഇയാളെ പറവട്ടാനിയില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചുങ്കം ബസ്സ്റ്റോപ്പിന് സമീപം വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പിക്കപ്പ് വാനില്‍ മത്സ്യകച്ചവടം ചെയ്യുന്നതിനിടെ വാഹനം തടഞ്ഞുനിര്‍ത്തി ഷെമീറിനെ വെട്ടുകയായിരുന്നു.
കൊല്ലപ്പെട്ട ഷെമീറിനെതിരെ വിവിധ സ്റ്റേഷനുകളിലായി 18 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു. പൂങ്കുന്നം ഹരിനഗര്‍ സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോ. വാഹനം കണ്ടെത്തിയ പെട്രോള്‍ പമ്പിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഓട്ടോയില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പ്രതികള്‍ ജില്ല വിട്ട് പോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികളുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. എസിപി സേതുവിന്റെ നേതൃത്വത്തില്‍ മണ്ണുത്തി സിഐ ശശിധരന്‍പിള്ളയ്ക്കും സംഘത്തിനുമാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: