ന്യൂദല്‍ഹി: കൊവിഡ് വാക്സിന് നിര്‍മ്മാണത്തില്‍ രാജ്യത്തിന്റെ ശേഷിയെ പ്രതിപക്ഷം കുറച്ച് കണ്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രജ്ഞരെ വിശ്വസിച്ചതാണ് നൂറ് കോടിയുടെ നേട്ടത്തിന് കാരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. നിശ്ചിത സമയത്തിനുള്ളില്‍ ശാസ്ത്രജ്ഞര്‍ അത് ചെയ്യുമെന്ന് നരേന്ദ്ര മോദി വിശ്വസിച്ചു. ഒപ്പം അതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സജീവമായും കാര്യക്ഷമതയോടെയും നിര്‍വ്വഹിച്ചു.
2020 ഏപ്രില്‍ 14 ന് ‘വാക്സിന് ടാസ്ക് ഫോഴ്സ്’ രൂപീകരിച്ചു. ഒന്‍പത് മാസത്തിനുള്ളില്‍ ഇന്ത്യ രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനേഷന് ആരംഭിച്ചു, 10 മാസത്തിനുള്ളില്‍ നൂറ് കോടി പ്രതിരോധ വാക്സിനെടുത്ത് ലോകത്തിന് മുന്നില്‍ അഭിമാനമായിരിക്കുന്നു ഇന്ത്യ. ‘ഇക്കാര്യത്തില്‍ മുന്‍നിരയില്‍ നിന്ന ആരോഗ്യ പ്രവര്‍ത്തകരോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദി പറയുന്നു. ഇത് രാജ്യത്തെ ഓരോ വ്യക്തിയുടെയും ആരോഗ്യ സുരക്ഷയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
ജനുവരി 16 മുതല്‍ ആരംഭിച്ച വാക്സിനേഷനന്റെ ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാം ഘട്ടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് പ്രതിരോധ വാക്സിന് നല്‍കിയത്. മാര്‍ച്ച് മുതല്‍ രാജ്യത്തെ 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മെയ് ഒന്നു മുതല്‍ 18 വയസു പൂര്‍ത്തിയായവര്‍ക്കും വാക്സിന് നല്‍കിത്തുടങ്ങി.
ലഭ്യതക്കനുസരിച്ച് രണ്ടാം ഡോസ് വാക്സിനുകള്‍ നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിനേഷന് നിരക്ക് കുറഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: