കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി സാമ്പത്തിക കുറ്റകൃത്യകോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സരിത്താണ് ഒന്നാം പ്രതി. സ്വപ്ന സുരേഷും സന്ദീപും കേസില്‍ രണ്ടും മൂന്നും പ്രതികളാണ്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന് കേസില്‍ 29ാം പ്രതിയാണ്. കേസില്‍ 29 പേരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. റമീസാണ് സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസുത്രകന്‍. 21 തവണയാണ് റമീസ് വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയിരിക്കുന്നത്.
ഒരുവര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് കസ്റ്റംസ് ഇപ്പോള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മൂവായിരം പേജുള്ള കുറ്റപത്രമാണ് കസ്റ്റംസ് സമര്‍പ്പിച്ചിരിക്കുന്നത്. എമിറേറ്റ്സ് കാര്‍ഗോ, കസ്റ്റംസ് ബ്രോക്കര്‍ എന്നിവയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും.
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴിയാണ് പ്രതികള്‍ സ്വര്‍ണം കടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസും എന്‍ഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 2020 ജൂലൈ അഞ്ചിനാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുക്കുന്നത്. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് അറിഞ്ഞിട്ട് സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥ പദവിയിലിരുന്നിട്ടും ഇക്കാര്യം മനപ്പൂര്‍വ്വം മറച്ചുവെച്ചുവെന്നതാണ് ശിവശങ്കറിനെതിരായ ആരോപണം. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് വിവരങ്ങള്‍ അറിഞ്ഞിരുന്നതാണെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: