ഇസ്ലാമാബാദ്: ശക്തമായ സമ്പദ്ഘടനയുള്ളൊരു പുതിയ പാകിസ്ഥാനെ നിര്‍മ്മിക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് പ്രമുഖ ഇംഗ്ലീഷ് പത്രമായ ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും, ഇമ്രാന് ഖാന്റെ സര്‍ക്കാരിന് വരുന്ന രണ്ട് വര്‍ഷത്തെ (2021-2023) ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏകദേശം 51.6 ബില്യണ്‍ ഡോളറിന്റെ വിദേശ ധനസഹായമാണ് വേണ്ടതെന്നും ഈ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2021-2022 കാലയളവില്‍ 23.6 ബില്യണ്‍ ഡോളറും 2022-2023 കാലയളവില്‍ 28 ബില്യണ്‍ ഡോളറും വിദേശ ധനസഹായമാണ് പാകിസ്ഥാന് ആവശ്യമായി വരുന്നത്. അന്താരാഷ്ട്ര നാണയ നിധി (ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്) നിര്‍ദേശിച്ചിട്ടുള്ള കണക്കുകള്‍ വകവയ്ക്കാതെയാണ് രാജ്യത്ത് ഇപ്പോള്‍ വികസനം നടക്കുന്നത്.
വിദേശ ധനസഹായ ആവശ്യങ്ങളുടെ വിടവ് നികത്താന്‍ ഐഎംഎഫുമായി ഉദ്യോഗസ്ഥ തലത്തിലുള്ള ഒരു കരാറണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പാകിസ്ഥാന്. ഏറ്റവും കൂടുതല്‍ വിദേശ കടബാധ്യതയുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും ഇടം പിടിച്ചതായി ലോകബാങ്ക് അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാന്റെ വിദേശ കടം 8 ശതമാനം വര്‍ദ്ധിച്ചതായും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ജൂണില്‍ ഇമ്രാന് സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്ന് 442 മില്യണ്‍ ഡോളറാണ് കടമെടുത്തത്. ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) എന്നിവയില്‍ നിന്നുള്ള പ്രോഗ്രാം വായ്പകള്‍ നിര്‍ത്തലാക്കിയതോടെ പാകിസ്ഥാനിപ്പോള്‍ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് പെട്ടിരിക്കുന്നത്. അതേസമയം ലോകബാങ്കും എഡിബിയും പ്രോജക്ട് വായ്പകള്‍ നല്‍കുന്നത് തുടരുമെങ്കിലും, അവ നടപ്പിലാക്കാനുള്ള ശേഷി കൂടെ കണക്കിലെടുത്തായതിനാല്‍ പാകിസ്ഥാന് ഇതും ലഭിക്കുന്നതിനുള്ള സാധ്യത തീരെക്കുറവാണ്. ക്രഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ പാകിസ്ഥാന്റെ റേറ്റിങ് ഇനിയും താഴ്തിയേക്കും. അതിനാല്‍ അന്താരാഷ്ട്ര ബോണ്ടുകളിലൂടെയുള്ള ഫണ്ട് സൃഷ്ടിക്കുന്നത് വലിയ ചെലവേറിയ പ്രക്രിയയായി മാറിയേക്കുമെന്നും ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന് ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വായ്പ്പക്കാരുടെ ഗ്രൂപ്പും, വ്യക്തിഗത ഡിഎസ്എസ്ഐ യോഗ്യതയുള്ള രാജ്യങ്ങളും വിദേശ ധനസഹായം സ്വീകരിക്കുന്ന നിരക്കില്‍ വലിയ വ്യത്യാസമാണുള്ളതെന്ന് 2022 ലെ അന്താരാഷ്ട്ര വായ്പ സ്ഥിതിവിവരക്കണക്കുകളെ (ഇന്റര്‍നാഷണല്‍ ഡെബ്റ്റ് സ്റ്റാറ്റിസ്റ്റിക്സ്) ഉദ്ധരിച്ച് ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: