ഡോ. ലക്ഷ്മിശങ്കര്‍
തപസ്യ ഏര്‍പ്പെടുത്തിയ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് പുരസ്കാരം ഇക്കുറി ആഷാ മേനോനാണ് എന്ന് കേട്ടപ്പോള്‍ ഒരു നിമിഷം ആനന്ദം കൊണ്ട് കണ്ണുകള്‍ സൗമ്യമായി അടഞ്ഞുപോയി. മഹാജ്ഞാനസാധകന്റെ നാമം കൊത്തിവെച്ചതാണ് ആ പുരസ്കാരം. എഴുത്തിന്റെ സാധനയില്‍ ഹിമവല്ധാവള്യത്തെ പ്രതിഷ്ഠിച്ച ആഷാമേനോന് അത് ഏറ്റുവാങ്ങുന്നത് അനിവാര്യതയാണ്. പ്രപഞ്ചദര്‍ശനത്തിന്റെ ആത്മാവ് അറിയുകയും തലമുറകളിലേക്ക് പകരുകയുമായിരുന്നു വിശ്വംഭരന് മാഷ്. അത് അധര്‍മ്മം കൊടികുത്തിവാണ സാമൂഹികാന്തരീക്ഷത്തില്‍ ധര്‍മ്മത്തിന്റെ വാക്കും മൂര്‍ത്തിയുമായി നടത്തിയ സാഹസികമായ യാത്രയായിരുന്നു. നിസ്വന്റെ ധീരതയുടെ മറുപേരായിരുന്നു തുറവൂര്‍ വിശ്വംഭരന് എന്നത്. ഭാരതീയ ജ്ഞാനമീമാംസയുടെ പൊരുളറിഞ്ഞ ആ ഋഷിപ്രജ്ഞയെ പി
ന്തുടരുകയാണ് തപസ്യ ഈ പുരസ്കാരസമര്‍പ്പണത്തിലൂടെ. അവാര്‍ഡുകള്‍ക്കോ പ്രശംസയ്ക്കോ വേണ്ടി തന്റെ സ്വതന്ത്രമായ ചിന്തയും വാക്കുകളും ആരുടെ മുന്നിലും അടിയറ വയ്ക്കാത്ത ആഷാ മേനോന്റെ സഫലസാഹിത്യ ജീവിതത്തെ കൃത്യമായി വിലയിരുത്താനാവുക ഒരു പക്ഷെ വിശ്വംഭരന് മാഷുടെ അപാരമായ ചിന്താധീരതയോട് താരതമ്യപ്പെടുത്തുമ്പോഴാകും..
‘ഇദം ന മമ ‘ എന്ന മന്ത്രത്തിന്റെ സൗമ്യതയത്രയും ആവാഹിച്ച്, നിശബ്ദനായി തന്റെ രചനാനികുഞ്ജത്തില് സ്വസ്ഥമായി വിഹരിക്കുമ്പോള്ത്തന്നെയാണ് ആഷാമേനോന് പുരസ്കൃതനാകുന്നത്.
ഡിഗ്രി പഠനകാലത്തെ പുസ്തകങ്ങളില്‍ പഴയ കൈപ്പടയില്‍ ഞാന്‍ അടിക്കുറിപ്പുകളെഴുതിവച്ച ആഷാ മേനോന്റെ പുസ്തകങ്ങളുണ്ട്.. അന്നത്തെ വായനകളില്‍ അദ്ദേഹമെഴുതിയ പലതും മനസ്സിലായില്ലെങ്കിലും അജ്ഞാതനായ ആ എഴുത്തുകാരന് വരച്ചിടുന്ന മഹാപ്രപഞ്ചം ഒരു അത്ഭുതമായിരുന്നു. പീറ്റര്‍ മാത്തിസണും ജോര്‍ജ് ഷാല്റും കസന്ത്സാക്കിസും ഓഷോയും… അങ്ങിനെ ചിന്തകളില്‍ ജൈവികത തേടിയവരെയൊക്കെ ആഷാമേനോന് മലയാളിക്ക് പരിചയപ്പെടുത്തി. ഭാരതീയ സൗന്ദര്യശാസ്ത്രവും ഉപനിഷത്തുകളിലെ സാധനാപാഠങ്ങളും അമരകോശത്തിലെ ആര്‍ദ്രതകളും ഒ.വി. വിജയനും….. നാം കാണാത്ത യാത്രകളിലെ മൗനാനുഭവങ്ങളൊക്കെയും അദ്ദേഹം കാട്ടിത്തന്നു. ഇനിയും പ്രയോഗ സഫലത നേടിയിട്ടില്ലാത്ത ഭാഷയിലെ അപൂര്‍വ്വ ഭാവങ്ങളെ വാക്കുകളിലേക്ക് ധ്യാനിച്ച് ആഷാമേനോന്, കുനുകുനെ കുത്തിക്കുറിച്ച ചെറിയ കയ്യക്ഷരമുള്ള തന്റെ പുസ്തകത്താളുകളിലൂടെ ആവിഷ്കാരത്തിന്റെ നിര്‍വൃതി എന്നെ അനുഭവിപ്പിച്ചു. നല്ല മഴയുള്ള ഒരു രാത്രിയില്‍.. ആകാശത്ത് സാന്ധ്യരാഗം പടരുന്ന മൂവന്തിയില്‍ .. ഒരുവേള പ്രാര്‍ത്ഥനയോടെ ഉണരുന്നൊരു പ്രഭാതത്തില്‍ ശാന്തമായിരുന്ന് ആഷാമേനോനെ വായിക്കണം. ചിരപുരാതനമായ ഒരു സംസ്കൃതിയുടെ ഹൃദയമിടിപ്പുകള്‍ അരികിലെവിടെയോ സ്പന്ദിക്കുന്നത് അനുഭവിക്കാനാകും.
തിരുവനന്തപുരം ദൂരദര്‍ശനു വേണ്ടി ഒരു സുദീര്‍ഘമായ അഭിമുഖത്തിനു വേണ്ടിയാണ് ആഷാ മേനോനെ ആദ്യമായി നേരില്‍ കാണുന്നത്. അത് ഒരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു.
ആഷാമേനോനെ വായിക്കുന്നത്, അദ്ദേഹത്തിന്റെ പഴയ പുസ്തകങ്ങള്‍ വരെ തേടിയെടുത്ത് വീണ്ടും വീണ്ടും മനനം ചെയ്യുന്നത,് ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നില്ക്കുന്ന ചില വരികളില്‍ നോക്കി ലോകം മറന്നിരിക്കുന്നത് … എനിക്കിന്നും ധ്യാനാത്മകമായ ഒരനുഭവമാണ്.
ആഷാമേനോന്റെ ആശയ പ്രപഞ്ചം പോലെ തന്നെ അപൂര്വ്വസൗന്ദര്യമാണ് ആ ഭാഷയ്ക്കും. കാക്ക എന്നതിന് ‘വായസ’മെന്ന വാക്ക് അദ്ദേഹത്തില്‍ നിന്ന് സ്വാഭാവികമായി പിറക്കും. മരം എന്നിടത്ത് ‘ഭൂരുഹ’ മെന്ന് പ്രയോഗിക്കുമ്പോള്‍ ആ ഭാഷ തന്നെ ഒരു എഴുത്തുരൂപമാവുമെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ കൂടിയിരുന്ന് ആഷാ മേനോനെ നിരൂപണം ചെയ്തു.. അദ്ദേഹത്തിന്റെ ഓരോ പുസ്തകങ്ങളിലൂടെയും സഞ്ചരിച്ച് അങ്ങ് പാലക്കാടന്‍ മലനിരകള്‍ക്കിപ്പുറത്ത് കൊല്ലങ്കോട്ടെ കാമ്പുറത്ത് വീടും അവിടുത്തെ കിളിവാതിലും എഴുത്തുകാരനും എനിക്കേറെ പ്രിയപ്പെട്ട ഒരു സാന്നിധ്യമായി. മനസ്സിനെ ഒട്ടും അസ്വസ്ഥമാക്കാത്ത സൗമ്യസാന്നിധ്യമായി.
ആഷാ മേനോനെ വായിക്കുമ്പോഴൊക്കെ ജീവന്റെ കൈയൊപ്പ് പതിഞ്ഞ വാക്കുകള്‍ അറിഞ്ഞു, സ്ത്രീത്വത്തിന്റെ ശ്രീപദത്തിലുള്ള അര്‍ച്ചനയിലൂടെ പ്രകൃതിയുടെ സൗമ്യഭാവങ്ങള്‍ തേടിയ പയസ്വിനിയില്‍ അലിഞ്ഞു, പരിസ്ഥിതി, സ്ത്രീത്വം, സംസ്കാരം എന്നിവയെ അന്വേഷിച്ച രേഖപ്പെടുത്തലുകള്‍ക്ക് സാക്ഷിയായി, പ്രകൃതിയുടെ താളങ്ങളില്‍ മുഗ്ധനായ ആ കാവ്യോപാസകന്റെ സംഗീതം പോലെ ശ്രുതിശുദ്ധവും താളനിബദ്ധവുമായ വരികള്‍ എത്രയോ വായനക്കാര്‍ക്ക് നിരൂപണത്തിന്റെ സൗമ്യഭാവങ്ങള്‍ പകര്‍ന്നു.
മലയാളത്തിലെ നിരൂപകരില്‍ ആഷാമേനോന്റെ ഇടം മറ്റാര്‍ക്കും അവകാശപ്പെടാനാവാഞ്ഞ വിധം അനുപമമാണ്. അടരുന്ന കക്കകളിലൂടെ, ഹിമാലയ പ്രത്യക്ഷങ്ങളിലൂടെയൊക്കെ ആത്മീയ സ്വത്വം തേടുന്ന ഒരു യാത്രികന്റെ നേരനുഭവങ്ങള്‍ വായനക്കാര്‍ അദ്ദേഹത്തിലൂടെ അറിഞ്ഞു. ഐന്തിണകളില്‍, ഹേമന്തത്തിലൂടെ കടന്ന് കാശ്മീരസന്ധ്യകളുടെ നിറമുള്ള ‘വഹഌക’ത്തില്‍ എത്തി നില്ക്കുമ്പോള് അദ്ദേഹത്തിന്റെ ജീവിതത്തിനും എഴുത്തിനും ഒരു ഋഷിയുടെ സ്വച്ഛതയുണ്ട്.. ശമം ശീലിച്ച ഒരു സാധകന്റെ ശാന്തതയും.
‘ധ്യാനം കയ്യൊഴിഞ്ഞ ധനുര്ധരന് ശരമെയ്യാനാവില്ലെന്ന് അദ്ദേഹമെഴുതിയപ്പോള്‍, ആത്മീയതയെ ‘ഹരിത’മെന്ന് പേരിട്ട് ഹൃദയത്തോട് ചേര്‍ത്തപ്പോള്‍.. ആഷാമേനോനെ കൂടുതല്‍ അറിയുകയായിരുന്നു. അദ്ദേഹം കയ്യൊപ്പിട്ട് നല്കിയ വായനകളിലൂടെ ഏകാഗ്രമായി സഞ്ചരിക്കുമ്പോള്‍ നമ്മളും പ്രപഞ്ചാനുഭവങ്ങളുടെ മുന്നില്‍ മൊഴിയടക്കി…
മിഴിയൊതുക്കി ..
ഇലപ്പടര്‍പ്പുകളുടെ മൂകത…
പട്ടുനൂല്‍ പുഴുവിന്റെ മൂകത..
നദീജലത്തിന്റെ മൂകത..
പൂവിന്റെ മൂകത. . .
നക്ഷത്രങ്ങളുടെ മൂകത…
ഒക്കെ ശാന്തമായനുഭവിച്ച് ഈ ഭൂമിയിലെ ഒഴിഞ്ഞ ഏതോ ഒരു കോണില്‍ പ്രപഞ്ച താളത്തിലലിഞ്ഞ് ഇരുന്നു പോയിട്ടുണ്ടാകും. … ഉറപ്പ്.
സന്ധ്യാകാശത്തിലെ നിറദീപങ്ങള്ക്കുമുന്നില് മുഗ്ധനായി നില്‍ക്കുന്നത്. രാത്രിയുടെ നിശബ്ദതയില്‍ പൂവിടരാന്‍ കാത്തുനി
ല്ക്കുന്നത്, കാട്ടിലെ പുലരിയില്‍ ഒരു കിളിയുടെ പ്രഭാതാഞ്ജലിക്ക് കാതോര്‍ക്കുന്നത്. മുടന്തുന്ന ഒരു പൈക്കിടാവിനെ തോളിലേറ്റുന്നത്, വിശന്നു വലഞ്ഞ ഒരു മനുഷ്യന് അന്നം നല്‍കുന്നത്… നമ്മുടെ ചേതനക്ക് പ്രമേയമല്ലാത്ത ഒരു ജഗല് പ്രഭാവത്തിന് മുന്നില്‍ ശിരസ്സുകുനിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തും പ്രാര്‍ത്ഥനയാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിച്ച അദ്ദേഹം വേദ-ഉപനിഷദ് തത്വങ്ങളെ നിലാസാധന ചെയ്ത് ആ ശീതള സ്പര്‍ശങ്ങളെ തന്റെ വരമൊഴിയിലേക്ക് ആവാഹിക്കുകയാണ് ചെയ്തത്.
ഇന്ന് വിശ്വംഭരന്മാഷ്ടെ ഓര്‍മ്മദിനമാണ്. ജീവിതത്തെ സമസ്തപ്രപഞ്ചത്തിന്റെയും ആകുലതകള്‍ക്കുള്ള ഉത്തരമായി പരിവര്‍ത്തിച്ച മഹാസാധകന്റെ സ്മൃതിദിനം. ധീരമായ വാക്കുകളില്‍, ആരെയും കൂസാത്ത തലപ്പൊക്കത്തില്‍ അറിഞ്ഞവര്‍ക്കെല്ലാം ആദര്‍ശമായി നിലകൊണ്ട പ്രിയഗുരുനാഥന്റെ ഓര്‍മ്മകള്‍ അര്‍ത്ഥപൂര്‍ണമാവുകയാണ് ഈ പുരസ്കാരസമര്‍പ്പണത്തിലൂടെ.
(ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് സംസ്കൃത വിഭാഗം അസി. പ്രൊഫസറാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: