തൃപ്രയാർ: നാടിന്റെ മുക്കിലും മൂലയിലും കാണപ്പെട്ടിരുന്ന ആലകൾ ഇന്ന് അപൂർവ കാഴ്ചയാണ്. വൻകിട വ്യവസായ സ്ഥാപനങ്ങൾ കാർഷിക ഉൽപന്നങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെ നാട്ടിൻ പുറങ്ങളിലെ ആലകളുടെ മരണമണി മുഴങ്ങി തുടങ്ങിയത്. ജില്ലയുടെ തീരദേശ മേഖലയിൽ നിരവധി ആലകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ അവയിൽ ഭൂരിഭാഗവും അടച്ചു പൂട്ടി. വിരിലിലെണ്ണാവുന്നവ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പരമ്പരാഗത തൊഴിലായ കൊല്ലപ്പണിയിലേക്ക് പുതിയ തലമുറ കടന്നു വരാത്തതും ആലയുടെ നിലനിൽപ്പിന് ഭീഷണിയായെന്ന് വലപ്പാട് കുരിശുപള്ളിയ്ക്കു സമീപം അര നൂറ്റാണ്ടായി ആല നടത്തുന്ന വെന്നിക്കൽ വേലായുധൻ പറയുന്നു.
ഇദ്ദേഹം കുലത്തൊഴിലായ കൊല്ലപ്പണി പഠിച്ചത് അച്ഛൻ അപ്പുവിൽ നിന്നാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അച്ഛനോടൊപ്പം പണി പഠിക്കുമ്പോൾ രാത്രി ഏറെ വൈകിയും തീരാത്തത്ര ജോലി ഉണ്ടായിരുന്നതായി അറുപത്തിയാറുകാരനായ വേലായുധൻ ഓർമിക്കുന്നു.
കത്തിയും വെട്ടുകത്തിയും മൂർച്ച കൂട്ടുന്ന ജോലി മാത്രമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. കത്തി മൂർച്ച വയ്ക്കാൻ 100 രൂപയും വെട്ടുകത്തിക്ക് 130 രൂപയുമാണ് ഈടാക്കുന്നത്. ഒരു കത്തി മൂർച്ച വയ്ക്കാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്ന് വേലായുധൻ പറഞ്ഞു. ഉലയുടെ സഹായത്തോടെ ആയുധം കനലിൽ ചുട്ടെടുത്ത ശേഷം പഴുപ്പിച്ച് കാഠിന്യം കൂട്ടുന്നതിനായി വെള്ളത്തിൽ വയ്ക്കും ശേഷം അടക്കല്ലിൽ വച്ച് ചുറ്റിക കൊണ്ടടിച്ച് ആകൃതി വരുത്തും. ഇത്രയും ജോലി ആയുധം മൂർച്ച വയ്ക്കാനും ചെയ്യണം.എന്നാൽ ചെയ്യുന്ന ജോലിക്കനുസരിച്ച വേതനം കിട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു.
കത്തി, വെട്ടുകത്തി, വാൾ, അരിവാൾ, വാക്കത്തി, തൂമ്പ, മൺവെട്ടി, മഴു, താഴുകൾ തുടങ്ങി നിരവധി ഉപകരണങ്ങൾ ആലകളിലാണ് ഉണ്ടാക്കിയിരുന്നത്. കാർഷികോല്പന്നങ്ങളായ കലപ്പയും ഇരുമ്പ് ഉപകരണങ്ങളും ആലയിൽ രൂപപ്പെട്ടതാണ്. എന്നാൽ ഇവയിൽ പലതും ഇന്ന് ആധുനിക വ്യവസായശാലയിൽ നിർമിക്കുന്നതിനാൽ ആലകൾ ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. കാടുവെട്ടി യന്ത്രം, ട്രില്ലറുകൾ തുടങ്ങിയവ കാർഷികരംഗം കീഴടക്കിയതോടെ ആലകളിൽ പണി ഗണ്യമായി കുറഞ്ഞു. വരുമാനം തീരെ കുറവായതോടെ പുതു തലമുറ പരമ്പരാഗതമായി കൈമാറി കൊണ്ടിരിക്കുന്ന കുലത്തൊഴിലിനെ ഒഴിവാക്കി മറ്റു ജീവിതമാർഗങ്ങളിലേക്ക് തിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: