ഇത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷമാണ്. 15 ആഗസ്റ്റ് 1947 ന് നാം സ്വതന്ത്രരായി. രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ നാം അതിന്റെ നിയന്ത്രണം കൈയിലെടുത്തു. സ്വരാജില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിന്റെ ആരംഭ ബിന്ദുവായിരുന്നു അത്. ഈ സ്വാതന്ത്ര്യം ഒറ്റ രാത്രികൊണ്ടു കിട്ടിയതല്ല എന്നു നമുക്കെല്ലാം അറിയാം. വിവിധ ജാതി സമൂഹങ്ങളേയും വ്യത്യസ്ത മേഖലകളേയും പ്രതിനിധീകരിച്ച് നിരവധി സ്വതന്ത്ര്യ സമരസേനാനികള്‍ ഭാരതത്തിന്റെ തനിമയെ ആധാരമാക്കിയും സ്വതന്ത്രദേശം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള സമാന പ്രതിബിംബങ്ങള്‍ പേറിക്കൊണ്ടും ഒരു ലക്ഷ്യത്തിനുവേണ്ടി പവിത്രമായ ത്യാഗവും തപസ്സും അനുഷ്ഠിച്ചു. അടിമത്തത്തിന്റെ ദംശനമേറ്റ് പിടയുകയായിരുന്ന സമൂഹവും ആ ധീരാത്മകള്‍ക്കൊപ്പം ഒറ്റക്കെട്ടായി നിലകൊണ്ടു. അപ്പോള്‍ മാത്രമാണ് എല്ലാ മാര്‍ഗ്ഗങ്ങളും അഹിംസപ്രസ്ഥാനം മുതല്‍ സായുധസമരങ്ങള്‍ വരെ സ്വാതന്ത്ര്യമെന്ന ആത്യന്തികലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ കൃത്രിമ വിഭജനങ്ങളെക്കൊണ്ടും സ്വധര്‍മ്മം, സ്വരാഷ്ട്രം, സ്വതന്ത്രത എന്നിവയുടെ ശരിയായ അര്‍ത്ഥത്തെക്കുറിച്ചുള്ള ബോധമില്ലായ്കയും വ്യക്തതയില്ലായ്മയും ചഞ്ചലവും ശിഥിലവുമായ നയങ്ങളും അവയുടെ മേലെയുള്ള കൊളോണിയല്‍ നയതന്ത്ര ഇടപെടലുകളും കൊണ്ടും നമ്മുടെ സ്വബോധം ക്ഷീണിക്കുകയും ഓരോ ഭാരതീയന്റെയും ഹൃദയങ്ങളില്‍ വിഭജനത്തിന്റെ മായാത്ത മുറിപ്പാടുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു.
നമ്മുടെ സമ്പൂര്‍ണ്ണ സമൂഹവും, പ്രത്യേകിച്ച് യുവതലമുറ ഈ ചരിത്രം അറിയുകയും, മനസ്സിലാക്കുകയും ഓര്‍മ്മവയ്ക്കുകയും വേണ്ടത് അനിവാര്യമാണ്. ആരോടെങ്കിലും ശത്രുത വച്ചു പുലര്‍ത്താനല്ല ഇത്. വൈരുദ്ധ്യങ്ങളെ വര്‍ദ്ധിപ്പിക്കാനും ഭൂതകാലത്തിന്റെ ഭീകരതകളെ കെട്ടഴിച്ചുവിടാനും ശ്രമിക്കുന്നവര്‍ക്കെതിരെ പകയോടെ പെരുമാറുന്നതിനുപകരം നമ്മുടെ ഏകതയും ഏകാത്മതയും പുനഃസ്ഥാപിക്കുന്നതിനാണ് നാം ഭൂതകാലത്തെ സ്മരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.
സാമൂഹിക സമരസത
സമത്വാധിഷ്ഠിതവും വിവേചനരഹിതവുമായ സമൂഹമാണ് ഏകീകൃതവും ഏകാത്മവുമായ ദേശത്തിന്റെ മുന്‍ ഉപാധി. പഴക്കമേറിയ ജാതീയവിഭജനങ്ങളുടെ പ്രശ്നമാണ് ഇതിന് തടസ്സമായിരുന്നത്. ഈ വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിന് വിവിധ മാര്‍ഗ്ഗങ്ങളിലൂടെയും വിവിധ ദിശകളിലൂടെയും നിരവധി പരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ ഇവിടെ തുടങ്ങിയിട്ടുണ്ട്. എങ്കിലും പ്രശ്നം പൂര്‍ണ്ണമായി അവസാനിച്ചില്ല. എന്നാല്‍ സമൂഹമനസ്സ് ഇപ്പോഴും ജാതീയ വികാരങ്ങളാല്‍ ചൂഴുന്ന് നില്ക്കുന്നു.
രാജ്യത്തെ ബൗദ്ധികമേഖലയില്‍, ഈ കുറവ് പരിഹരിച്ച് പരസ്പര സ്നേഹവും സംവാദവും വളര്‍ത്തുന്ന സ്വരം കുറവും തകര്‍ക്കുന്നവരുടേത് ഏറെയുമാണ്. ഈ സംവാദം ക്രിയാത്മകമാക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സമാജത്തിന്റെ ആത്മബന്ധത്തേയും സമത്വത്തേയും അടിസ്ഥാനമാക്കിയുള്ള ഘടനയുണ്ടാവണം എന്ന് ആഗ്രഹിച്ചുള്ള പരിശ്രമം എല്ലാവരും ചെയ്യേണ്ടതാണ്.
സാമൂഹികവും കുടുംബപരവുമായ തലത്തില്‍ കെട്ടുറപ്പ് വര്‍ധിപ്പിക്കേണ്ടതുണ്ട്. കുടുംബങ്ങളുടെ മൈത്രിയും ഇഴയടുപ്പവും സാമൂഹികസമത്വവും ഐക്യവും വര്‍ദ്ധിപ്പിക്കുന്നതിന് ഉതകും.
സാമൂഹിക സമരസതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവര്‍ത്തനം സംഘസ്വയംസേവകര്‍ സാമൂഹിക സമരസതാ ഗതിവിധികളെ മാധ്യമമാക്കിക്കൊണ്ട് ചെയ്തുവരുന്നുണ്ട്.
സ്വാതന്ത്ര്യവും ഏകാത്മകതയും
ഭാരതത്തിന്റെ അഖണ്ഡതയോടും ഏകാത്മകതയോടുമുള്ള ആദരവും മനുഷ്യകുലത്തിന്റെ സ്വാതന്ത്ര്യസങ്കല്പവും നൂറ്റാണ്ടുകളായി പരമ്പരയായി ഇന്നോളം ഇവിടെ തുടര്‍ന്നുപോരുന്നുണ്ട്. അതിനുവേണ്ടി രക്തവും വിയര്‍പ്പും നല്കുന്ന പ്രവര്‍ത്തനവും ഇവിടെ നടന്നുകൊണ്ടിരിക്കുന്നു.
ഈ വര്‍ഷം ശ്രീ ഗുരു തേജ് ബഹാദുറിന്റെ അവതാരത്തിന്റെ 400ാം വര്‍ഷമാണ്. അദ്ദേഹത്തിന്റെ ബലിദാനം ഭാരതത്തില്‍ മതജാതികളുടെ മൗലികവാദം കാരണം നടന്നുപോന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും സ്വന്തം മതമനുസരിച്ച് ആരാധിക്കാന്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് എല്ലാവരുടെയും ആരാധനയ്ക്ക് ആദരവും അംഗീകാരവും നല്‍കിക്കൊണ്ടുള്ള ഈ രാജ്യത്തെ പരമ്പരാഗത രീതി പുനഃസ്ഥാപിക്കാനുമായിട്ടായിരുന്നു. അദ്ദേഹത്തെ ‘ഹിന്ദ് കീ ചാദര്‍’ (ഹിന്ദുസ്ഥാന്റെ പുതപ്പ്) എന്ന് വിളിക്കുന്നു. പണ്ടുമുതലേ, കാലം മാറിയതനുസരിച്ച് ഭാരതത്തിന്റെ ഉദാരമായ സമഗ്ര സംസ്കാരത്തിന്റെ ഒഴുക്ക് തകര്‍ക്കപ്പെടാതിരിക്കാന്‍ ജീവന് വെടിഞ്ഞ വീരന്മാരുടെ ഒരു താരാപഥത്തിലെ സൂര്യനായിരുന്നു അദ്ദേഹം. ആ മഹത്തായ പൂര്‍വ്വികരുടെ മനസ്സിലുള്ള അഭിമാനം, അവര്‍ ജീവന് വെടിഞ്ഞ മാതൃരാജ്യത്തോടുള്ള അചഞ്ചലമായ ഭക്തി, അവര്‍ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്ത നമ്മുടെ ഉദാരവും സര്വ്വശ്ലേഷിയുമായ സംസ്കാരം; ഇവയാണ് നമ്മുടെ രാഷ്ട്രജീവിതത്തിന്റെ അനിവാര്യമായ അടിത്തറ.
സ്വതന്ത്രമായ ജീവിതത്തിന് ഭാരതത്തിന്റെ സങ്കല്പത്തില് നിയതമായ അര്‍ത്ഥമുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ്, മഹാരാഷ്ട്രയില്‍ ജീവിച്ചിരുന്ന സന്ത് ജ്ഞാനേശ്വര്‍ മഹാരാജിനാല് രചിക്കപ്പെട്ട ‘പസായദാനില്‍’ പറയുന്നു ദുഷ്ടന്മാരുടെ ദുര്‍ബുദ്ധി പോകട്ടെ, അവരുടെ പ്രവൃത്തികള്‍ സദ്വൃത്തികളായി വളരട്ടെ.
ജീവജാലങ്ങളില്‍ പരസ്പരം മിത്രതയുണ്ടാകട്ടെ, ആപത്തുകളുടെ ഇരുള്‍മാഞ്ഞുപോകട്ടെ, എല്ലാത്തിലും സ്വധര്‍മ്മത്തെക്കുറിച്ച് ബോധമുണ്ടാകട്ടെ,
എല്ലാവരുടെയും എല്ലാ പ്രാര്‍ത്ഥനകളും സഫലമാകട്ടെ…
ഇതേ കാര്യം ആധുനിക കാലത്ത് രവീന്ദ്രനാഥ ടാഗൂര്‍ എഴുതിയ സുപ്രസിദ്ധകവിതയില് അദ്ദേഹം മറ്റൊരു തരത്തില്‍ പറഞ്ഞിട്ടുണ്ട്.
ശിവമംഗള്‍സിംഹ് സുമന് ഇത് ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അര്‍ഥം ഇതാണ്
എവിടെ മനസ്സ് നിര്‍ഭയവും
ശിരസ്സ് ഉന്നതവുമാണോ
എവിടെ അറിവ്
സ്വതന്ത്രമാണോ
എവിടെ ഇടുങ്ങിയ
ഭിത്തികളാല്‍ ലോകം
കൊച്ചു കഷ്ണങ്ങളായി
വിച്ഛിന്നമാക്കപ്പെടാതി
രിക്കുന്നുവോ
എവിടെ സത്യത്തിന്റെ
അഗാധതയില്‍ നിന്ന്
വാക്കുകള്‍
ഉദ്ഗമിക്കുന്നുവോ
എവിടെ അക്ഷീണ സാധന
പൂര്‍ണതയുടെ നേര്‍ക്ക്
കൈകള്‍ നീട്ടുന്നുവോ
എവിടെ യുക്തിയുടെ
സ്വച്ഛന്ദ പ്രവാഹം
മരുഭൂമിയിലൊഴുകി
വഴിമുട്ടാതിരിക്കുന്നുവോ
മോചനത്തിന്റെ
ആ നല്ല നാളിലേക്ക്,
എന്റെ ദൈവമേ
എന്റെ രാജ്യം ഉണരേണമേ
രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ജീവിതത്തെക്കുറിച്ചുള്ള ഈ സങ്കല്‍പ്പത്തിന്റെ പശ്ചാത്തലത്തില്‍, സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, സ്വാരാജ്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള നമ്മുടെ യാത്ര ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്ന്, ഇപ്പോഴും തുടരുകയാണെന്ന് മനസ്സു പറയുന്നു. ഭാരതത്തിന്റെ പുരോഗതിയും ലോകത്ത് ആദരണീയമായ സ്ഥാനത്ത് ഭാരതം എത്തുന്നതും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കരുതുന്ന ചിലര്‍ ഈ ലോകത്തുണ്ട്. ചില രാജ്യങ്ങളില്‍ അവര്‍ക്ക് ശക്തിയുണ്ട്. ഭാരതത്തില്‍ സനാതന മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തെ നിലനിര്‍ത്തുന്ന ഒരു ധര്‍മ്മം ശക്തമാകുകയാണെങ്കില്‍, സ്വാര്‍ത്ഥസംഘങ്ങളുടെ ദുഷിച്ച കളികള്‍ അവസാനിക്കും. ലോകത്തിന് നഷ്ടപ്പെട്ട സന്തുലനവും പരസ്പര മൈത്രിഭാവവും നല്കുന്ന ധര്‍മ്മത്തിന്റെ സ്വാധീനമാണ് ഭാരതത്തെ ശക്തിശാലിയാക്കുന്നത്. ഇത് നടക്കാതിരിക്കാന്‍ ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, ഭാരത ചരിത്രം, ഭാരത സംസ്കാരം, ഭാരതത്തിന്റെ ദേശീയ നവോത്ഥാനം അടിസ്ഥാനമാകാനിടയുള്ള ശക്തികള്‍, ഇവയ്ക്കെല്ലാം എതിരായി അസത്യം പ്രചരിപ്പിച്ചുകൊണ്ട്, ലോകത്തെയും ഭാരതത്തിലെ ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമം നടക്കുന്നു. സ്വന്തം പരാജയത്തിന്റെയും സര്‍വ്വനാശത്തിന്റെയും ഭയം ഇവര്‍ കാണുന്നു. അതുകൊണ്ട് അത്തരം സമാനമനസ്കര ഒരുമിച്ചു ചേര്‍ത്ത് വ്യത്യസ്ത രൂപത്തില്‍ പ്രകടവും പ്രച്ഛന്നവുമായ രൂപങ്ങളില്‍ ശ്രദ്ധയില്‍ പെടുന്നതും ശ്രദ്ധയില്‍ പെടാത്തതുമായ സ്ഥൂലവും സൂക്ഷ്മവുമായ പരിശ്രമങ്ങള്‍ നടത്തുന്നു. അവരെല്ലാമുണ്ടാക്കുന്ന വഞ്ചനയില്‍ നിന്നും കാപട്യത്തില്‍ നിന്നും ഓരോരുത്തരും ശ്രദ്ധാപൂര്‍വ്വം അവനവനെയും സമൂഹത്തെയും രക്ഷിക്കണം.
ചുരുക്കത്തില്‍ പറഞ്ഞാല്‍, ദുഷ്ടന്മാരുടെ വക്രബുദ്ധി ഇപ്പോഴും അങ്ങനെതന്നെയാണ്. കൂടാതെ അവരുടെ ദുഷ്കര്‍മ്മങ്ങള്‍ പുതിയ മാര്‍ഗങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. സ്ഥാപിത താല്‍പ്പര്യങ്ങള്‍ നിമിത്തവും അഹങ്കാരികളായ മൗലികവാദികള്‍ കാരണവും കുറച്ച് പിന്തുണ സംഘടിപ്പിക്കുന്നതിന്, ആളുകളുടെ അജ്ഞത മുതലെടുത്ത് അസത്യത്തിന്റെ അടിസ്ഥാനത്തില്‍ അവരെ തെറ്റിദ്ധരിപ്പിക്കുകയും, അവരുടെ ഇപ്പോഴത്തെ അല്ലെങ്കില്‍ സാങ്കല്‍പ്പിക പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്തു വിലകൊടുത്തും സമൂഹത്തില്‍ ഏതെങ്കിലും വിധത്തില്‍, അസംതൃപ്തി, പരസ്പര സംഘര്‍ഷം, കലഹം, ഭീകരത, അരാജകത്വം എന്നിവ സൃഷ്ടിച്ച് തങ്ങളുടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന സ്വാധീനം വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള അവരുടെ കുത്സിതമായ ഉദ്ദേശ്യം ഇതിനകം തന്നെ വെളിപ്പെട്ടിട്ടുണ്ട്.
നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ‘സ്വത്വ’ത്തെക്കുറിച്ചുള്ള അജ്ഞത, അവ്യക്തത, അവിശ്വാസം എന്നിവയ്ക്കൊപ്പം, ലോകത്ത് അതിവേഗം പ്രചരിപ്പിക്കപ്പെടുന്ന ചില പുതിയ കാര്യങ്ങളും ഈ സ്വാര്‍ത്ഥ ശക്തികളുടെ കുത്സിതമായ കളികള്‍ക്ക് സൗകര്യപ്രദമായി മാറിയിട്ടുണ്ട്. ബിറ്റ്കോയിന് പോലുള്ള അനിയന്ത്രിതമായ സാമ്പത്തിക അരാജകത്വം എല്ലാ രാജ്യങ്ങളിലെയും സമ്പദ്വ്യവസ്ഥയ്ക്ക് ഒരു വെല്ലുവിളിയായി മാറിയേക്കാം. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ എന്തും പ്രദര്‍ശിപ്പിക്കാമെന്നും, അത് ആര്‍ക്കും കാണാമെന്നുള്ള അവസ്ഥ സംജാതമായിരിക്കുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തേണ്ടി വന്നു. കുട്ടികള്‍ക്ക് മൊബൈലില്‍ കാണണമെന്നത് നിര്‍ബ്ബന്ധം പോലെയായിരിക്കുന്നു. വിവേചനബുദ്ധിയുടെയും ശരിയായ നിയന്ത്രണത്തിന്റെയും അഭാവം ഇത്തരം പുതിയ നിയമപരവും നിയമവിരുദ്ധവുമായ ഉപകരണങ്ങളുടെ സമ്പര്‍ക്കത്തില്‍ സമൂഹം എങ്ങോട്ട് എതുവരെ പോകുമെന്ന് പറയുക ബുദ്ധിമുട്ടായിരിക്കുന്നു, എന്നാല്‍ രാജ്യത്തിന്റെ ശത്രുക്കള്‍ ഈ മാധ്യമങ്ങളെ എങ്ങനെയെല്ലാം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് എല്ലാവര്‍ക്കുമറിയാം. അതിനാല്‍, അത്തരം എല്ലാ കാര്യങ്ങളിലും കൃത്യസമയത്ത് ശരിയായ നിയന്ത്രണത്തിനുള്ള ഏര്‍പ്പാടുകള്‍ ഭരണകൂടം ചെയ്യണം.
കുടുംബ പ്രബോധനം
എന്നാല്‍ ഇവയുടെയെല്ലാം ഫലപ്രദമായ നിയന്ത്രണത്തിനായി, ശരിയും തെറ്റും, ചെയ്യാന്‍ പാടുള്ളതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള വിവേകം പ്രദാനം ചെയ്യുന്ന സംസ്കാരം പകരുന്ന ഒരു അന്തരീക്ഷം സ്വന്തം വീട്ടില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. നിരവധി വ്യക്തികളും സംഘടനകളും മഹത്തുക്കളും ഇതു ചെയ്യുന്നു. നമ്മളും നമ്മുടെ കുടുംബങ്ങളില്‍ ഇപ്രകാരമുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും തുടങ്ങി അഭിപ്രായസമവായത്തില് എത്തേണ്ടതുണ്ട്. സ്വയംസേവകര്‍ കുടുംബ പ്രബോധന ഗതിവിധിയിലൂടെ ഈ പ്രവൃത്തി ചെയ്യുന്നു. ‘മനസ്സിന്റെ നിയന്ത്രണം ഉത്തമ നിയന്ത്രണം’ എന്ന വാചകം നിങ്ങള്‍ കേള്‍ക്കുകയോ വായിക്കുകയോ ചെയ്തിട്ടുണ്ടാവാം. ഭാരതത്തിന്റെ സാംസ്കാരിക രംഗത്തെ എല്ലാ വശങ്ങളില് നിന്നും ആക്രമിച്ചുകൊണ്ട് നമ്മുടെ ജീവിതത്തില്‍ ശ്രദ്ധ ഇല്ലാതാക്കുകയും അരാജകത്വത്തിന് വിത്തുപാകി ഉള്ളില്‍ നിന്നുള്ള ആക്രമണം നടക്കുകയുമാണ്. അതിനുള്ള എല്ലാ പരിഹാരങ്ങളുടെയും അടിസ്ഥാനം ഈ വിവേകബുദ്ധിയായിരിക്കും.
കൊറോണയ്ക്കെതിരായ പോരാട്ടം
കൊറോണ വൈറസിന്റെ ആക്രമണത്തിന്റെ മൂന്നാം തരംഗത്തെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കാന്‍ നാം തയ്യാറെടുക്കുന്നു. കൊറോണയുടെ രണ്ടാം തരംഗത്തില്‍, സമൂഹം അതിന്റെ കൂട്ടായ പരിശ്രമത്തിലൂടെ കൊറോണ പ്രതിരോധ മാതൃക സൃഷ്ടിച്ചു. ഈ രണ്ടാം തരംഗം വലിയ നാശത്തിന് കാരണമാവുകയും യുവാക്കളുടെ അടക്കം നിരവധി ജീവനുകള്‍ എടുക്കുകയും ചെയ്തു. എന്നാല്‍ അത്തരമൊരു സാഹചര്യത്തിലും, സ്വന്തം ജീവന് പരിഗണിക്കാതെ സമൂഹത്തിന്റെ സേവനത്തിനായി കഠിനാധ്വാനം ചെയ്ത സഹോദരീസഹോദരന്മാര് ശരിക്കും അഭിനന്ദനാര്‍ഹരാണ്. ആപത്തിന്റെ മേഘങ്ങള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുപോയിട്ടില്ല. കൊറോണ വൈറസിനോടുള്ള നമ്മുടെ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല. എന്നിരുന്നാലും മൂന്നാം തരംഗത്തെ നേരിടാനുള്ള നമ്മുടെ തയ്യാറെടുപ്പുകള്‍ ഏകദേശം പൂര്‍ത്തിയായി. വലിയ അളവില്‍ വാക്സിനേഷന് നടത്തിയിട്ടുണ്ട്, അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. സമൂഹവും ജാഗ്രത പുലര്‍ത്തുന്നു, സംഘസ്വയംസേവകരും സമൂഹത്തിലെ നിരവധി സജ്ജനങ്ങളും സംഘടനകളും ഗ്രാമീണ തലത്തില്‍ വരെ പരിശീലനം നേടിയിട്ടുണ്ട്, കൊറോണ പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തെ സഹായിക്കുന്ന ജാഗ്രതയുള്ള പ്രവര്‍ത്തകസമൂഹങ്ങളും പരിശീലനം നേടി കഴിഞ്ഞു. നമ്മുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി, ഒരുപക്ഷേ ഈ പ്രതിസന്ധിയുടെ അവസാന ഘട്ടം വളരെ തീവ്രമാകില്ലെന്ന് പ്രതീക്ഷിക്കാം. പക്ഷേ, ഒരു അനുമാനത്തെയും ആശ്രയിക്കാതെ, നമ്മള് പൂര്‍ണ്ണ ജാഗ്രതയോടുകൂടി സര്‍ക്കാരുകളുടെ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്.
കൊറോണ കാരണം, സമൂഹിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരോ സമൂഹമോ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു. കൊറോണയുടെ കഴിഞ്ഞ രണ്ട് തരംഗങ്ങളിലെ ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക മേഖലക്ക് വളരെയധികം നഷ്ടമുണ്ടായി. കുറവുകള്‍ പരിഹരിച്ചുകൊണ്ട്, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മുമ്പത്തേക്കാളും വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള വെല്ലുവിളി നമ്മുടെ മുന്നിലുണ്ട്. അതിനായി ആലോചനകളും പരിശ്രമങ്ങളും നടക്കുന്നു; ഇനിയും നടക്കുകയും വേണം. ഇന്ന് നമ്മുടെ ഭാരതസാമ്പത്തിക മേഖലയില്‍, കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവും കഴിവും ദൃശ്യമാണ്. വ്യാപാര വാണിജ്യ മേഖലകള്‍ അതിവേഗം പൂര്‍വാവസ്ഥയിലാകുന്നുവെന്നുള്ള വിവരങ്ങളാണ് ചില മേഖലകളില്‍ നിന്ന് കേള്‍ക്കുന്നത്. എല്ലാവരുടെയും പങ്കാളിത്തം ലഭിച്ചാല്‍, രാജ്യം മേല്‍പ്പറഞ്ഞ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് തോന്നുന്നു. എന്നാല്‍ ഇത് നമ്മെ സംബന്ധിച്ചിടത്തോളം ‘സ്വ’യുടെ അടിസ്ഥാനത്തിലുള്ള സംവിധാനത്തെക്കുറിച്ചുള്ള ആലോചനയ്ക്കായും ഘടന രൂപപ്പെടുത്താനുള്ള അവസരമായും മാറ്റാം.
സമൂഹത്തിലും ‘സ്വ’ യുടെ ഉണര്‍വും ആത്മവിശ്വാസവും വര്‍ദ്ധിച്ചുവരുന്നതായി കാണാം. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിനായുള്ള ധനസമാഹരണ യജ്ഞത്തില്‍ കണ്ട സാര്‍വത്രിക ഉത്സാഹവും ഭക്തിനിര്‍ഭരമായ പ്രതികരണവും ‘സ്വ’ യുടെ ഉണര്‍വിന്റെ ലക്ഷണമാണ്. അതിന്റെ സ്വാഭാവികമായ പരിണാമമായി വ്യത്യസ്ത മേഖലകളില്‍ സമൂഹത്തിന്റെ പുരുഷാര്‍ഥം പ്രകടമാകുന്നതിലൂടെ പരിണാമം സംഭവിക്കുന്നു. ടോക്കിയോ ഒളിമ്പിക്സില്‍ 1 സ്വര്‍ണം, 2 വെള്ളി, 4 വെങ്കല മെഡലുകളും പാര ഒളിമ്പിക്സില്‍ 5 സ്വര്‍ണം, 8 വെള്ളി, 6 വെങ്കല മെഡലുകളും നേടി നമ്മുടെ കായികതാരങ്ങള്‍ വളരെയധികം അഭിനന്ദനാര്‍ഹമായ കഴിവും പുരുഷാര്‍ത്ഥത്തെ കാണിച്ചുതരുകയും ചെയ്തു. ദേശമാസകലം നടന്ന അനുമോദനങ്ങളില്‍ നമ്മളും പങ്കാളികളാണ്.
ആരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട്
നമ്മുടെ ‘സ്വ’ യുടെ പാരമ്പര്യത്തിലൂടെ രൂപപ്പെട്ട കാഴ്ചപ്പാടും അറിവും ഇന്നും നമുക്ക് ഉപയോഗപ്രദമാണ് എന്ന് ഈ കൊറോണയുടെ സാഹചര്യം കാണിച്ചുതന്നു. നമ്മുടെ പരമ്പരാഗത ജീവിതശൈലിക്ക് ഫലപ്രദമായ രീതിയില്‍ രോഗങ്ങളെ പ്രതിരോധിക്കാനാകുന്നതും ആയുര്‍വേദ മരുന്നുകള്‍ ഫലപ്രദമായ രീതിയില്‍ കൊറോണയെ പ്രതിരോധിക്കുന്നതും രോഗശമനത്തിലുള്ള ഫലപ്രദമായ പങ്കും നമ്മള് തിരിച്ചറിഞ്ഞു. നമ്മുടെ വിശാലമായ ദേശത്ത്, ഓരോ വ്യക്തിക്കും സുലഭമായും കുറഞ്ഞ ചിലവിലും ചികിത്സ ലഭിക്കേണ്ടതുണ്ട് എന്ന് നമുക്കെല്ലാം അറിയാം. ഭൂമിശാസ്ത്രപരമായ വിസ്തൃതിയും ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍ ഈ രാജ്യത്ത്, രോഗമുക്തിക്കൊപ്പം ആയുര്‍വേദത്തിന്റെ ആരോഗ്യപരിരക്ഷയ്ക്കുള്ള വ്യാപകതലത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്.
ഭക്ഷണരീതി, വിശ്രമം, വ്യായാമം എന്നിവയിലൂടെ നമ്മുടെ പരമ്പരാഗത ജീവിതരീതികളുടെ അടിസ്ഥാനത്തില്‍ രോഗബാധയേല്‍ക്കാത്തവിധമുള്ള, അല്ലെങ്കില്‍ വളരെ കുറച്ചുമാത്രമുണ്ടാകുന്ന ഒരു ജീവിതരീതിക്കുചേരുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും. നമ്മുടെ ജീവിതശൈലി പരിസ്ഥിതിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതും സംയമനം പോലുള്ള ദിവ്യഗുണങ്ങള് നല്കുന്നതുമാണ്. കൊറോണ വൈറസ് കാലത്ത് പൊതു പരിപാടികള്‍, വിവാഹ പരിപാടികള്‍ എന്നിവയെല്ലാം നിരോധിച്ചിരുന്നു. ചടങ്ങുകള്‍ ലാളിത്യത്തോടെ നടത്തേണ്ടിവന്നു. കാ
ഴ്ചയ്ക്ക് ഉത്സാഹത്തിലും ആവേശത്തിലും കുറവുണ്ടായി. പക്ഷേ പണം, ഊര്‍ജ്ജം, മറ്റ് വിഭവങ്ങള്‍ എന്നിവയുടെ പാഴാക്കലില്‍ നിന്ന് രക്ഷപ്പെട്ടു. കൂടാതെ പരിസ്ഥിതിയില്‍ അതിന്റെ നേരിട്ടുള്ള അനുകൂല ഫലങ്ങള്‍ നാം അനുഭവിച്ചു. സാഹചര്യങ്ങള്‍ പഴയപടിയാകുമ്പോള്‍ ഈ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നമ്മുടെ മൗലിക ജീവിതശൈലി അനുസരിച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ ജീവിതശൈലിയില്‍ നാം ഉറച്ചുനില്‍ക്കണം. പരിസ്ഥിതി സൗഹൃദ ജീവിതശൈലിയെ പലരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സംഘ സ്വയംസേവകരും ജലസംരക്ഷണം, പ്ലാസ്റ്റിക് വിമുക്തമാക്കല്‍, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ പരിസ്ഥിതി സംരക്ഷണ ഗതിവിധിയിലൂടെ ഈ ശീലങ്ങള്‍ ജനങ്ങളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു.
ആയുര്‍വേദം ഉള്‍പ്പെടെ ഇന്ന് ലഭ്യമായ എല്ലാ ആരോഗ്യ സംവിധാനങ്ങളും ഉപയോഗിക്കുന്നതിലൂടെ, ചെറിയതോതിലുള്ളതും പ്രാഥമിക ചികിത്സക്കുള്ളതുമായ വ്യവസ്ഥ ഓരോ വ്യക്തിക്കും അവരുടെ ഗ്രാമത്തില്‍ തന്നെ ലഭ്യമാകും. രണ്ടാം ഘട്ടത്തിലുള്ള ചികിത്സ ബ്ലോക്ക് തലത്തിലും ക്രമീകരിക്കുകയാണെങ്കില്‍, മൂന്നാം തലത്തിലുള്ള ചികിത്സ ജില്ലാ തലത്തിലും വളരെ പ്രശ്നഭരിതമായ ചികിത്സ മഹാനഗരങ്ങളിലും (മെട്രോപൊളിറ്റന്‍) നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്. ഓരോ ചികിത്സാരീതിയുടെയും സങ്കുചിത്വത്തിന് അതീതമായി ഉയര്‍ന്ന് എല്ലാ ചികിത്സാപദ്ധതികളുടെയും യഥായോഗ്യമായ സംയോജനത്തിലൂടെ ഓരോ വ്യക്തിക്കും ചെലവ് കുറഞ്ഞതും സുലഭവും പ്രയോജനകരവുമായ ചികിത്സ ഉറപ്പാക്കാനാവും.
നമ്മുടെ സാമ്പത്തിക കാഴ്ചപ്പാട്
ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തികശാസ്ത്രം പുതിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു. മറ്റ് രാജ്യങ്ങള്‍ക്ക് അക്കാര്യത്തില്‍ തൃപ്തികരമായ ഉത്തരം ഇല്ല. യന്ത്രവല്‍ക്കരണം മൂലം വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, നയരഹിത സാങ്കേതികവിദ്യ കാരണം മാനവികത കുറയുന്നത്, നിരുത്തരവാദപരമായ അധികാരബലം എന്നിവ ചില ഉദാഹരണങ്ങളാണ്. ഭാരതത്തില്‍ നിന്ന് ലോകത്തിനു മുഴുവന്‍ ഒരു പുതിയ വികസനമാനദണ്ഡം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. നമ്മുടെ വ്യത്യസ്തമായ സാമ്പത്തിക കാഴ്ചപ്പാട് നമ്മുടെ രാജ്യത്തിന്റെ ദീര്‍ഘകാല ജീവിതാനുഭവത്തില്‍ നിന്നും രാജ്യത്തിനകത്തും പുറത്തും നടത്തിയ സാമ്പത്തിക ശ്രമങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. സുഖത്തിന്റെ ഉറവിടം മനുഷ്യന്റെ ഉള്ളിലാണെന്ന് അത് വിശ്വസിക്കുന്നു. ഭൗതിക വസ്തുക്കളിലല്ല സുഖം. കേവലം ശാരീരകവുമല്ല അത്. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് ഇവ നാലിനും ഒരുമിച്ച് സുഖം നല്കുന്ന; വ്യക്തി, സൃഷ്ടി, സമഷ്ടി എന്നിവയുടെ ഒരുമിച്ചുള്ള വികസനം സാധ്യമാക്കി അവരെ പരമേഷ്ടിയിലേക്ക് നയിക്കുന്ന, അര്‍ത്ഥകാമങ്ങളെ ധര്‍മ്മത്തിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുന്ന, മനുഷ്യ സമൂഹത്തിന്റെ ശരിയായ സ്വാതന്ത്ര്യത്തെ വളര്‍ത്തുന്ന സാമ്പത്തിക വ്യവസ്ഥയെയാണ് ഇവിടെ ഉത്തമമമായി പരിഗണിക്കുന്നത്. നമ്മുടെ സാമ്പത്തിക കാഴ്ചപ്പാടില്‍, ഉപഭോഗത്തിനല്ല സംയമനത്തിനാണ് പ്രാധാന്യം. മനുഷ്യന് സമ്പത്തിന്റെ ഭൗതിക സാധനങ്ങളുടെ സൂക്ഷിപ്പുകാരനാണ് (ട്രസ്റ്റി), ഉടമയല്ല. പ്രകൃതിയുടെ ഭാഗമാണ്, സ്വന്തം ഉപജീവനത്തിനായി പ്രകൃതിയെ ദോഹനം (കറന്നെടുക്കുക) ചെയ്യുന്നതിനൊപ്പം, അതിനെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യേണ്ടത് അവന്റെ കടമയാണ് എന്നതാണ് നമ്മുടെ വിശ്വാസം. ആ വീക്ഷണം ഏകപക്ഷീയമല്ല. കേവലം മുതലാളിയുടെയോ വ്യാപാരിയുടെയോ ഉത്പാദകന്റെയോ തൊഴിലാളിയുടെയോ ഏകപക്ഷീയ താല്‍പ്പര്യത്തിന് മാത്രമുള്ളതല്ല. ഉപഭോക്താവടക്കമുള്ള ഒരു കുടുംബമായി ഇവരെയെല്ലാം കണ്ടുകൊണ്ട്, സര്‍വ്വരുടെയും സുഖങ്ങളുടെ സന്തുലിതവും പരസ്പരബന്ധങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഒരു ദര്‍ശനമാണിത്. ആ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചുകൊണ്ട്, ഇന്നോളമുള്ള അനുഭവങ്ങളില്‍ നിന്ന് പഠിച്ച പുതിയതും നല്ലതുമായ കാര്യങ്ങളെ ഇന്നത്തെ നമ്മുടെ ദേശകാലപരിസ്ഥിതിയുമായി ഇണക്കിച്ചേര്‍ത്തുകൊണ്ടുള്ള ഒരു പുതിയ സാമ്പത്തിക രചനയെ നാം നമ്മുടെ നാട്ടില്‍ പടുത്തുയര്‍ത്തേണ്ടതുണ്ട്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമഗ്രവും ഏകാത്മവുമായ വികസനത്തിന്റെ പുതിയ സുസ്ഥിര മാതൃകയുടെ ആവിഷ്കാരം സ്വാതന്ത്ര്യത്തിന്റെ സ്വാഭാവിക ഫലമാണ്, അത് ‘സ്വ’ ദര്‍ശനത്തിന്റെ ചിരകാല പ്രതീക്ഷയുടെ ആവിഷ്കാരമാണ്.
ജനസംഖ്യാ നയം
രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് നമ്മള് ചിന്തിക്കുകയാണെങ്കില്‍, എല്ലാവര്ക്കും ആശങ്കയുണ്ടാക്കുന്ന മറ്റൊരു പ്രശ്നം മുന്നില്‍ വരുന്നു. രാജ്യത്തെ അതിവേഗം വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ സമീപഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ അതിനെക്കുറിച്ച് നന്നായി ചിന്തിക്കണം. 2015 ല്‍ റാഞ്ചിയില്‍ നടന്ന അഖിലഭാരതീയ കാര്യകാരി മണ്ഡല് ഈ വിഷയത്തില്‍ ഒരു പ്രമേയം പാസാക്കിയിരുന്നു.
ജനസംഖ്യാ വളര്‍ച്ചാ നിരക്കിലെ അസന്തുലിതാവസ്ഥയുടെ വെല്ലുവിളി
രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിച്ചതിനാല്‍, കഴിഞ്ഞ ദശകത്തില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ ഗണ്യമായ കുറവുണ്ടായി. എന്നാല്‍ അഖിലഭാരതീയ കാര്യകാരി മണ്ഡല് 2011 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ മതപരമായ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനത്തില്‍ വ്യത്യസ്ത മതവിഭാഗങ്ങളുടെ ജനസംഖ്യയുടെ അനുപാതത്തില്‍ വന്നിട്ടുള്ള മാറ്റത്തെ കണക്കിലെടുത്ത് ജനസംഖ്യാ നയം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് കരുതിയിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളുടെ ജനസംഖ്യാ വര്‍ധനവിന്റെ തോതിലെ വലിയ അന്തരം, നിരന്തരം കടന്നുവരുന്ന വൈദേശിക നുഴഞ്ഞുകയറ്റം, മതം മാറ്റം എന്നിവ കാരണം രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ പ്രത്യേകിച്ച് അതിര്‍ത്തി മേഖലയിലെ ജനസംഖ്യാനുപാതത്തില്‍ വളര്‍ച്ചാ നിരക്കിലെ വലിയ തുടര്‍ച്ചയായ വിദേശ നുഴഞ്ഞുകയറ്റവും മതപരിവര്‍ത്തനവും കാരണവും, രാജ്യത്തെ ജനസംഖ്യയുടെ അനുപാതത്തില്‍ വര്‍ദ്ധിച്ചുവരുന്ന അസന്തുലിതാവസ്ഥ നമ്മുടെ രാജ്യത്തിന്റെ ഏകതയ്ക്കും സാംസ്കാരിക തനിമയ്ക്കും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കും.
1952 ല്‍ തന്നെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിച്ച ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ 2000 ല്‍ മാത്രമാണ് സമഗ്രമായ ജനസംഖ്യാ നയം രൂപീകരിക്കാനും ജനസംഖ്യാ കമ്മീഷന് രൂപീകരിക്കാനും കഴിഞ്ഞത്. ‘2.1 ഗ്രോസ് ഫെര്‍ട്ടിലിറ്റി റേറ്റ്’ എന്ന അനുയോജ്യമായ അവസ്ഥ കൈവരിച്ച് 2045 ഓടെ സുസ്ഥിരവും ആരോഗ്യകരവുമായ ജനസംഖ്യ നയം ഉണ്ടാക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. നമ്മുടെ ദേശീയ വിഭവങ്ങളും ഭാവി ആവശ്യങ്ങളും കണക്കിലെടുത്ത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രജനന നിരക്ക് ബാധകമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 200506 ലെ നാഷണല്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയും 2011 ലെ സെന്‍സസും 06 പ്രായ വിഭാഗത്തിന്റെ മതാടിസ്ഥാനത്തില്‍ ലഭിച്ച കണക്കുകളില്‍ നിന്ന് സമാനതയില്ലാത്ത മൊത്തം പ്രത്യുല്പാദന നിരക്ക്, കുട്ടികളുടെ ജനസംഖ്യ അനുപാതം എന്നിവ സൂചിപ്പിക്കുന്നു. 1951 നും 2011 നും ഇടയിലുള്ള ജനസംഖ്യാ വളര്‍ച്ചാ നിരക്കിലെ വലിയ വ്യത്യാസം കാരണം, ഭാരതത്തിലുണ്ടായ മതവിഭാഗങ്ങളുടെ അനുയായികളുടെ അനുപാതം രാജ്യത്തെ ജനസംഖ്യയില്‍ 88 ശതമാനത്തില്‍ നിന്ന് 83.8 ശതമാനമായി കുറഞ്ഞു. മുസ്ലീം ജനസംഖ്യ അനുപാതം 9.8 ശതമാനത്തില്‍ നിന്ന് 14.23 ശതമാനമായി ഉയര്‍ന്നു.
കൂടാതെ, രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളായ അസം, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളിലെ മുസ്ലീം ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ഇത് ബംഗ്ലാദേശില്‍ നിന്നുള്ള നിരന്തരമായ നുഴഞ്ഞുകയറ്റത്തെ വ്യക്തമായി സൂചിപ്പിക്കുന്നു. ബഹുമാനപ്പെട്ട സുപ്രീം കോടതി നിയോഗിച്ച ഉപമന്യു ഹജാരിക കമ്മീഷന്റെ റിപ്പോര്‍ട്ടിലും കാലാകാലങ്ങളില്‍ ജുഡീഷ്യല്‍ തീരുമാനങ്ങളിലും ഈ വസ്തുതകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാര്‍ സംസ്ഥാനത്തെ പൗരന്മാരുടെ അവകാശങ്ങള്‍ എടുത്തുകളയുകയും ഈ സംസ്ഥാനങ്ങളുടെ പരിമിതമായ വിഭവങ്ങള്‍ക്ക് വലിയ ഭാരമാകുകയും സാമൂഹികസാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക പിരിമുറുക്കങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുവെന്നതും ഒരു വസ്തുതയാണ്.
മതത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ കൂടുതല്‍ ഗൗരവതരമായി മാറി എന്നു കാണാം. അരുണാചല്‍ പ്രദേശില്‍, 1951 ല്‍ 99.21 ശതമാനമായിരുന്ന ഇന്ത്യയില്‍ ഉത്ഭവിച്ച മതവിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍ 2001 ല്‍ 81.3 ശതമാനവും 2011 ല്‍ 67 ശതമാനവും മാത്രമായി തുടര്‍ന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ അരുണാചല്‍ പ്രദേശിലെ ക്രിസ്ത്യന്‍ ജനസംഖ്യ 13% വര്‍ദ്ധിച്ചു. അതുപോലെ മണിപ്പൂരിലെ ജനസംഖ്യയില്‍ അവരുടെ അനുപാതം 1951 ല്‍ 80 ശതമാനത്തിലധികം ആയിരുന്നെങ്കില്‍, 2011 ലെ സെന്‍സസില്‍ ഇത് 50 ശതമാനം മാത്രമായി തുടര്‍ന്നു. മുകളില്‍ പറഞ്ഞ ഉദാഹരണവും രാജ്യത്തെ പല ജില്ലകളിലെയും ക്രിസ്ത്യാനികളുടെ അസാധാരണ വളര്‍ച്ചാ നിരക്കും സൂചിപ്പിക്കുന്നത് ചില സ്വാര്‍ത്ഥ ഘടകങ്ങളുടെ സംഘടിതവും ഉന്നംവെച്ചുള്ളതുമായ മതപരിവര്‍ത്തന പ്രവര്‍ത്തനത്തെ മാത്രമാണ്.
ഈ എല്ലാ ജനസംഖ്യാ അസന്തുലിതാവസ്ഥയിലും ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, അഖിലഭാരതീയ കാര്യകാരീമണ്ഡല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു:
1. ലഭ്യമായ വിഭവങ്ങളും ഭാവിയിലെ ആവശ്യങ്ങളും രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ പ്രശ്നവും കണക്കിലെടുത്ത്, രാജ്യത്തെ ജനസംഖ്യാ നയം പുനര്‍നിര്‍വചിക്കുകയും എല്ലാവര്ക്കും ഒരുപോലെ ബാധകമാകും വിധം നടപ്പിലാക്കുകയും വേണം.
2. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം പൂര്‍ണമായും തടയണം. ഒരു ദേശീയ പൗരത്വ രജിസ്റ്ററിന് രൂപംകൊടുത്ത്, ഈ നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വത്തിന്റെ അവകാശങ്ങളും ഭൂമി വാങ്ങാനുള്ള അവകാശവും നഷ്ടപ്പെടുത്തണം.
ജനസംഖ്യയില്‍ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന എല്ലാ കാരണങ്ങളും തിരിച്ചറിഞ്ഞ്, അത് അവരുടെ ദേശീയ കര്‍ത്തവ്യമായി കണക്കാക്കി ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള എല്ലാ നിയമപരമായ ശ്രമങ്ങളും നടത്തണമെന്ന് എല്ലാ സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള രാജ്യവാസികളോട് അഖിലഭാരത കാര്യകാരിണി ആവശ്യപ്പെട്ടു.
അത്തരം വിഷയങ്ങളോട് ഏത് നയം ഉണ്ടാക്കിയാലും, അതിന്റെ സാര്‍വത്രികവും സമ്പൂര്‍ണ്ണവും ഫലപ്രദവുമായ നടപ്പാക്കലിനായി, സമഗ്രമായ പൊതു അവബോധം ഉണ്ടാക്കേണ്ടത് ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍, അസന്തുലിതമായ ജനസംഖ്യാ വളര്‍ച്ച കാരണം, പ്രാദേശിക ഹിന്ദു സമൂഹത്തിന്റെ മേല്‍ പലായനത്തിനുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനായി ഹിന്ദു സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. പശ്ചിമ ബംഗാളില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമത്തില്‍ ഹിന്ദു സമൂഹത്തിന് ഉണ്ടായ വലിയ ദുരവസ്ഥയ്ക്ക് ഭരണകൂടത്തിന്റെ ആക്രാമിക ശക്തികളെ അനുനയിപ്പിക്കാനുള്ള ശ്രമത്തോടൊപ്പം അവിടത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയും ഒരു കാരണമായിരുന്നു. അതിനാല്‍ എല്ലാവര്ക്കും ഒരുപോലെ ബാധകമായ ഒരു നയം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ചെറിയ സമൂഹങ്ങളുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങളുടെ പിടിയില്‍ നിന്ന് പുറത്തുവന്ന്, രാജ്യത്തിന്റെ മുഴുവന്‍ താല്‍പ്പര്യവും പരമപ്രധാനമായി എടുക്കുന്ന സ്വഭാവം നാമെല്ലാവരും ഉണ്ടാക്കണം.
അതിര്‍ത്തിക്കപ്പുറം
അപ്രതീക്ഷിതമല്ലാത്ത, പക്ഷേ പ്രതീക്ഷിച്ചതിലും മുന്നേ വന്ന ഒരു സാഹചര്യം, അഫ്ഗാനിസ്ഥാനില്‍ ഒരു താലിബാന് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു എന്നതാണ്! താലിബാനെക്കുറിച്ച് എല്ലാവരേയും ആശങ്കപ്പെടുത്താന്‍ അവരുടെതന്നെ മുന്‍കാല ചെയ്തികള്‍ നോക്കിയാല്‍ മതി തീവ്രമായ മതഭ്രാന്തും അനാചാരവും ഇസ്ലാമിന്റെ പേരിലുള്ള ക്രൂരതയും സ്വയമേവ എല്ലാവര്ക്കും താലിബാനെക്കുറിച്ചുള്ള ആശങ്ക ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഇപ്പോള്‍ ചൈന, പാകിസ്ഥാന്, തുര്‍ക്കിസ്ഥാന്‍ എന്നിവയും അവരോടൊപ്പം ചേര്‍ന്ന് അവിശുദ്ധ സഖ്യമായി മാറിയിരിക്കുന്നു. അബ്ദാലിക്ക് ശേഷം ഒരിക്കല്‍ കൂടി നമ്മുടെ പടിഞ്ഞാറന്‍ അതിര്‍ത്തി ഗൗരവതരമായ വിഷയമായി മാറുകയാണ്. താലിബാന്റെ ഭാഗത്ത് നിന്ന്, ചിലപ്പോള്‍ സമാധാനത്തെക്കുറിച്ചും ചിലപ്പോള്‍ കശ്മീരിനെക്കുറിച്ചും സംസാരിച്ചുകേട്ടു. നമുക്ക് ആശ്വാസത്തോടെ ഇരിക്കാനാവില്ല എന്നാണ് ലക്ഷണം കാട്ടുന്നത്. നമുക്ക് തന്ത്രപരമായ തയ്യാറെടുപ്പോടെ എല്ലാ അതിര്‍ത്തികളും കര്‍ശനമായി സൂക്ഷിക്കുകയും ജാഗ്രത പാലിക്കുകയും വേണം. അത്തരമൊരു സാഹചര്യത്തില്‍, സര്‍ക്കാരും ഭരണകൂടവും സമൂഹവും രാജ്യത്തിനകത്ത് സുരക്ഷ, ഭരണം, സമാധാനം എന്നിവയില്‍ പൂര്‍ണ്ണ ജാഗ്രത പാലിക്കേണ്ടതുണ്ട്. സുരക്ഷയിലെ സ്വാശ്രയത്വവും സൈബര്‍ സുരക്ഷ പോലുള്ള പുതിയ വിഷയങ്ങളില്‍ ഏറ്റവും പുതിയതും പരമാവധി മെച്ചപ്പെട്ടതുമായ നിലവാരം നേടാനുള്ള ശ്രമങ്ങളുടെ വേഗതയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എത്രയും വേഗം സുരക്ഷയുടെ കാര്യത്തില്‍ നമ്മള് സ്വയംപര്യാപ്തരാകണം. സംഭാഷണത്തിന്റെ വഴി തുറന്നിരിക്കുമ്പോഴും മന: പരിവര്‍ത്തനമുണ്ടാകുമെന്ന വിശ്വാസത്തെ നിഷേധിക്കാതെയും എല്ലാ സാധ്യതകള്‍ക്കും നാം തയ്യാറായിരിക്കണം. ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ജമ്മു കശ്മീരിലെ ജനങ്ങളെ ഭാരതവുമായി ദ്രുതഗതിയില്‍ വൈകാരികമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ശ്രദ്ധയില്‍ പെടുന്നു. ദേശീയ മനോഭാവമുള്ള പൗരന്മാരുടെ മനോവീര്യം തകര്‍ക്കാനും അവരുടെ ഭീകര സാമ്രാജ്യം പുനഃസ്ഥാപിക്കാനും ജമ്മു കശ്മീരിലെ തീവ്രവാദികള്‍ ആ പൗരന്മാരെ, പ്രത്യേകിച്ച് ഹിന്ദുക്കളെ ലക്ഷ്യം വെച്ചുള്ള അക്രമണത്തിന്റെ പാത വീണ്ടും സ്വീകരിച്ചു. പൗരന്മാര് ഈ സാഹചര്യത്തെ ക്ഷമയോടെ അഭിമുഖീകരിക്കുന്നു, തീര്‍ച്ചയായും അത് തുടരും, പക്ഷേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കാനും അവസാനിപ്പിക്കാനും ഉള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്.
ഹിന്ദു ക്ഷേത്രങ്ങളുടെ കാര്യം
രാജ്യത്തിന്റെ ഏകാത്മത, അഖണ്ഡത, സുരക്ഷ, സുവ്യവസ്ഥ, അഭിവൃദ്ധി, സമാധാനം എന്നിവയ്ക്കെതിരായ വെല്ലുവിളിയായി വരാവുന്നതോ ആന്തരികമോ ബാഹ്യമോ ആയ പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകുന്നതോ ആയ മറ്റുചില പ്രശ്നങ്ങള്‍ കൂടി ഹിന്ദു സമൂഹത്തിന്റെ മുന്നിലുണ്ട്.ഹിന്ദു ക്ഷേത്രങ്ങളുടെ ഇന്നത്തെ അവസ്ഥ അത്തരമൊരു പ്രശ്നമാണ്. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങള്‍ പൂര്‍ണമായും അവിടത്തെ സര്‍ക്കാരുകളുടെ കീഴിലാണ്. ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളില്‍, കുറച്ച് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളവയാണ്, ചിലത് കുടുംബങ്ങളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ളവയാണ്, ചിലത് സമൂഹം കൃത്യമായി സ്ഥാപിച്ച വിശ്വസ്ത ട്രസ്റ്റുകളുടെ സംവിധാനത്തിലാണ്. മറ്റുപല ക്ഷേത്രങ്ങളിലും അത്തരമൊരു ക്രമീകരണമില്ല. ക്ഷേത്രങ്ങളുടെ സ്ഥാവര/ജംഗമ വസ്തുക്കള്‍ മോഷ്ടിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും ഗ്രന്ഥങ്ങളും അതിലെ അധിഷ്ഠാന പ്രതിഷ്ഠയ്ക്കുള്ള ആരാധനയും വ്യത്യസ്തമാണ്, അതില്‍ ഇടപെടുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. ദൈവത്തിന്റെ ദര്‍ശനം, ആരാധന എന്നിവ ജാതിമതഭേദമില്ലാതെ എല്ലാ ഭക്തര്‍ക്കും ലഭ്യമാകണം. ആ സൗകര്യം എല്ലാ ക്ഷേത്രങ്ങളിലും ഇല്ല, അത് വേണം. ക്ഷേത്രങ്ങളുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ ശാസ്ത്രമറിയുന്ന പണ്ഡിതന്മാര്, ധര്‍മ്മാചാര്യന്മാര്‍ ഹിന്ദു സമൂഹത്തിന്റെ വിശ്വാസം മുതലായവ കണക്കിലെടുക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നു, ഈ സാഹചര്യങ്ങളെല്ലാം എല്ലാവരുടെയും മുന്നിലുണ്ട്. ‘മതേതരം’ ആയിരുന്നിട്ടും, ഹിന്ദു മതസ്ഥലങ്ങള്‍ മാത്രം പതിറ്റാണ്ടുകളായി, നൂറ്റാണ്ടുകളായി ഭരണവ്യവസ്ഥയുടെ പേരില്‍ പിടിച്ചു വച്ചിരിക്കുന്നു. ഭക്തരല്ലാത്തവരുടെ / അന്യമതത്തില്‍ പെട്ടവരുടെ/മതവിരുദ്ധരുടെ കൈകളില്‍ അവയുടെ നടത്തിപ്പ് തുടങ്ങിയ അനീതികള്‍ നീക്കം ചെയ്യണം, ഹിന്ദു ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഹിന്ദു ഭക്തരുടെ കൈകളിലായിരിക്കണം, ഹിന്ദു ക്ഷേത്രങ്ങളുടെ സ്വത്ത് ദൈവ ആരാധനയ്ക്കും ഹിന്ദു സമൂഹത്തിന്റെ സേവനത്തിനും ക്ഷേമത്തിനുമായി മാത്രമേ വിനിയോഗിക്കാവൂ എന്ന ആവശ്യവും ശരിയായതും യുക്തവുണ്. ഈ ആശയത്തോടൊപ്പം, ഹിന്ദുസമൂഹത്തിന്റെ ക്ഷേത്രങ്ങള്‍ വേണ്ടവിധം സുയോഗ്യവും വ്യവസ്ഥാസമ്പന്നവുമായി നടത്തിക്കൊണ്ട്, സാമൂഹിക ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രമാകുന്ന ഇടമാക്കി എങ്ങനെ ഹിന്ദു സമൂഹത്തിന്റെ ശക്തിയില്‍ നിര്‍മ്മിക്കാമെന്ന് പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.
നമ്മുടെ ഏകാത്മത
സര്‍ക്കാര്‍ ഭരണത്തിലെ ആളുകള്‍ അവരവരുടെ ജോലി ചെയ്യുമെങ്കിലും, എല്ലാ ദേശീയ പ്രവര്ത്തനങ്ങളിലുംമനസ്സും വാക്കും പ്രവൃത്തിയും ഉള്ള സമൂഹത്തിന്റെ പങ്കാളിത്തം ആവശ്യമാണ്. സമൂഹം മുന്‍കൈയെടുത്ത് മാത്രമേ പല പ്രശ്നങ്ങളും പരിഹരിക്കാനാകൂ. അതിനാല്‍, മേല്‍പ്പറഞ്ഞ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍, സമൂഹത്തിന്റെ പ്രബുദ്ധതയ്ക്കൊപ്പം, സമൂഹ മനസ്സിന്റെയും വാക്കിന്റെയും പെരുമാറ്റത്തിന്റെയും ശീലങ്ങള്‍ മാറ്റേണ്ടതുണ്ട്. അതിനാല്‍, പുരാതന കാലം മുതല്‍ തുടരുന്ന ഈ ശാശ്വത രാഷ്ട്രത്തിന്റെ അനശ്വരമായ അസ്തിത്വത്തെക്കുറിച്ചുള്ള അറിവും ധാരണയും മുഴുവന്‍ സമൂഹത്തിനും ശരിയായി ഉണ്ടാക്കണം. ഭാരതത്തിലെ ഭാഷാപരവും മതപരവും പ്രാദേശികവുമായ എല്ലാ വൈവിധ്യങ്ങളെയും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട്, ആദരവോടെ, വികസനത്തിനുള്ള മുഴുവന്‍ അവസരവും പ്രദാനം ചെയ്തുകൊണ്ട് രാഷ്ട്രബോധത്തിന്റെ സനാതനചരടില് കൊര്‍ത്തിണക്കിക്കൊണ്ടുള്ളതാണ് നമ്മുടെ സംസ്കാരം. ഇതിനു യോജിച്ചരീതിയിലാണ് നമ്മള് ആകേണ്ടത്. നമ്മുടെ വിശ്വാസം, മതം, ജാതി, ഭാഷ, സംസ്ഥാനം മുതലായ ചെറിയ സ്വത്വങ്ങളുടെ സങ്കുചിത ഭാവം നാം മറക്കണം. പുറത്തുനിന്നുള്ള എല്ലാ വിഭാഗങ്ങളില്‍ നിന്നും വരുന്ന ഭാരതീയരെ ഉള്‍പ്പെടെ എല്ലാവരെയും തിരിച്ചറിയണം, മനസ്സിലാക്കണം, നമ്മുടെ ആത്മീയ വിശ്വാസത്തിന്റെയും ആരാധനാ രീതിയുടെയും പ്രത്യേകത കൂടാതെ, മറ്റെല്ലാ കാര്യങ്ങളിലും നമ്മള് ഒരു ശാശ്വത രാഷ്ട്രത്തില്‍, ഒരു സമൂഹത്തില്‍ വളര്‍ന്ന പൊതു പൂര്‍വ്വികരുടെ പിന്‍ഗാമികളാണ്; ഒരു സംസ്കാരമാണ് നമ്മുടേത്. ആ സംസ്കാരം കാരണം, നമുക്കെല്ലാവര്‍ക്കും നമ്മുടെ ആരാധന നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം ഉപാസനാ പദ്ധതി തീരുമാനിക്കാം. പുറത്തുനിന്നുള്ള ആക്രമണകാരികള്‍ക്കൊപ്പം ചില ആരാധനാരീതികളും ഭാരതത്തിലേക്ക് വന്നു എന്നത് ഒരു ചരിത്ര വസ്തുതയാണ്. എന്നാല്‍ ഇന്ന് ഭാരതത്തില്‍ ആ ആരാധനകളില്‍ വിശ്വസിക്കുന്നവരുടെ ബന്ധം ആ അക്രമികളുമായിട്ടല്ല, രാജ്യത്തിന്റെ പ്രതിരോധത്തിനായി അവരോടൊപ്പം പോരാടിയ ഹിന്ദു പൂര്‍വ്വികരുമായിട്ടാണ് എന്നത് സത്യമാണ്. നമ്മുടെ സമാന പൂര്‍വ്വികരില്‍ നമ്മുടെ എല്ലാവരുടേയും ആദര്‍ശമുണ്ട്. ഈ കാര്യത്തെക്കുറിച്ചുള്ള ധാരണ ഉള്ളതു കൊണ്ട് നമ്മുടെ രാജ്യം കാരണം, ഹസന് ഖാന് മേവാതി, ഹക്കിം ഖാന് സൂരി, ഖുദ ബക്ഷ്, ഗൗസ് ഖാന്, എന്നിവരെ പോലുള്ള വീരന്മ്മാരെയും അഷ്ഫാക്കുള്ള ഖാനെപ്പോലുള്ള വിപ്ലവകാരികളേയും ആദരിച്ചു. അവര്‍ എല്ലാവര്ക്കും മാതൃകയാണ്. വേറിടല്‍ മനോഭാവം, ചില മതങ്ങളുടെ ആക്രാമികത മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ആഗ്രഹം, സങ്കുചിത ചിന്ത എന്നിവയില്‍ നിന്ന് പുറത്തുവന്ന് നോക്കിയാല്‍ മതഭ്രാന്ത്, അസഹിഷ്ണുത, ഭീകരത, ദ്വേഷം, ശത്രുത എന്നിവയുടെ പ്രളയത്തില്‍ നിന്നുള്ള രക്ഷകന് ഭാരതം മാത്രമാണെന്നും അതില്‍ നിന്നുവളര്‍ന്ന ഹിന്ദു സംസ്കാരമാണെന്നും എല്ലാവരെയും ഉള്‍ക്കൊള്ളാനാകുന്നത് ഹിന്ദു സമൂഹത്തിനാണെന്നും മനസ്സിലാകും.
സംഘടിത ഹിന്ദു സമൂഹം
നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍, പരസ്പര അഭിപ്രായവ്യത്യാസം, അനീതി, അക്രമം, ദീര്‍ഘകാലമായുള്ള വേറിടല്‍ മനോഭാവം, അവിശ്വാസം, വിയോജിപ്പുകള്‍ അല്ലെങ്കില്‍ വിരോധം എന്നിവ ഉണ്ടായിരുന്നെങ്കില്‍, അതല്ലെങ്കില്‍ ഇതുപോലുള്ള എന്തെങ്കിലും സംഭവിച്ചിട്ടുണ്ട് എങ്കില്‍ അതിന്റെ കാരണങ്ങള്‍ മനസിലാക്കുകയും അവ പരിഹരിക്കുകയും ചെയ്യാം. അത്തരമൊരു സംഭവം ആവര്‍ത്തിക്കരുത്. പരസ്പര വൈരാഗ്യം, വേര്‍പിരിയല്‍ എന്നിവ ഒഴിവാക്കി സമൂഹത്തെ ഒരുമിപ്പിക്കണം. നമ്മുടെ രഹസ്യങ്ങളും വിയോജിപ്പുകളും ഉപയോഗിച്ച് നമ്മെ ഭിന്നിപ്പിക്കുകയും പരസ്പരം അവിശ്വാസം സൃഷ്ടിക്കുകയും നമ്മുടെ വിശ്വാസത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നവര്‍, നമ്മുടെ കൈയില്‍ നിന്ന് തെറ്റ് പറ്റാന്‍ കാത്തിരിക്കുന്നു. ഭാരതത്തിന്റെ രാഷ്ട്രീയ ധാരയെന്ന നിലയില്‍ ഹിന്ദു സമൂഹത്തിന് അതിന്റെ സംഘടിത സാമൂഹിക സാമര്‍ത്ഥ്യത്തിന്റെ അനുഭൂതി, ആത്മവിശ്വാസവും നിര്‍ഭയമായ മനോഭാവവും ഉള്ളപ്പോള്‍ മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. അതുകൊണ്ട്, ഇന്ന് ഹിന്ദുക്കള്‍ എന്ന് സ്വയം കരുതുന്നവരുടെ കടമ, അവര്‍ വ്യക്തിഗതവും കുടുംബ പരവും സാമൂഹികവുമായ ജീവിതം, ഉപജീവനമാര്‍ഗം എന്നീ മേഖലകളിലൂടെ ഹിന്ദു സാമൂഹിക ജീവിതത്തിന്റെ ഏറ്റവും മികച്ച മനോഹരമായ രൂപം സൃഷ്ടിക്കണം. എല്ലാത്തരം ഭയങ്ങളില്‍ നിന്നും മുക്തരാകണം. ബലഹീനത ഭീരുത്വത്തിന് ജന്മം നല്കുന്നു. വ്യക്തിപരമായ തലത്തില്‍, നാം ശാരീരികവും ബൗദ്ധികവും മാനസികവുമായ ബലം, ഓജസ്സ്, ധൈര്യം, ക്ഷമ, തിതിക്ഷ എന്നിവ വളര്‍ത്തിയെടുക്കണം. സമൂഹത്തിന്റെ ശക്തി അതിന്റെ ഐക്യത്തിലാണുള്ളത്. സമൂഹത്തിന്റെ കൂട്ടായ താല്‍പ്പര്യത്തെക്കുറിച്ചുള്ള ധാരണ വേണം, എല്ലാവര്ക്കും ആ അവബോധം വേണം. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ആശയങ്ങള്‍, വ്യക്തികള്‍, ഗ്രൂപ്പുകള്‍, സംഭവങ്ങള്‍, പ്രകോപനങ്ങള്‍ എന്നിവയില്‍ നിന്ന് ജാഗ്രത പാലിച്ച് സമൂഹത്തെ എല്ലാത്തരം പരസ്പര വൈരുദ്ധ്യങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ എല്ലാവരും തയ്യാറാകേണ്ടത് ആവശ്യമാണ്. സ്വന്തം ശക്തിയോടുള്ള ഈ ഉപാസന ആരോടുമുള്ള എതിര്‍പ്പിലോ പ്രതികരണത്തിലോ അല്ല,സമൂഹം സ്വാഭാവികമായ പ്രതീക്ഷിക്കുന്ന അവസ്ഥയാണ്. ശക്തി, ശീലം, അറിവ്, സംഘടിത സമൂഹം എന്നിവയെ മാത്രമാണ് ലോകം ശ്രദ്ധിക്കുന്നത്. സത്യവും സമാധാനവും ശക്തിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ബലശീലസമ്പന്നവും നിര്‍ഭയവുമെന്ന് കാട്ടി ആരെയും ഭയപ്പെടുത്താതെ, ആരാലും ഭയപ്പെടാതെയുള്ള ഹിന്ദുസമൂഹത്തെയാണ് രൂപപ്പെടുത്തേണ്ടത്. ഉണര്‍വ്വുള്ള സംഘടിതവും ശക്തവും സജീവവുമായ ഒരു സമൂഹമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം.
രാഷ്ട്രീയ സ്വയംസേവക സംഘം കഴിഞ്ഞ 96 വര്‍ഷമായി തുടര്‍ച്ചയായി ഈ ജോലി ചെയ്യുന്നു, ലക്ഷ്യത്തിലെത്തുന്നതുവരെ അത് തുടരും. ഇന്നത്തെ ഈ മഹത്തായ ഉത്സവത്തിന്റെ സന്ദേശം കൂടിയാണിത്. ഒന്‍പത് ദിവസത്തെ ദേവതകള്‍ വ്രതസ്ഥരായി സമാധാനത്തിന്റെ ആരാധന നടത്തി, എല്ലാവരുടേയും ശക്തി സ്വരൂപിച്ചു. അപ്പോള്‍ മാത്രമാണ് വിഭിന്നരൂപങ്ങളില്‍ മനുഷ്യത്വത്തിന് ഹാനി വരുത്തുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാവുന്നത്. ശക്തി രൂപമെടുത്ത സംഘടനയാണിത്.ഇന്ന് ലോകത്തിന്റെ അവസ്ഥ വച്ചുനോക്കിയാല്‍ ഭാരതത്തില്‍ നിന്ന് ലോകം ഒരുപാട് പ്രതീക്ഷിക്കുന്നു. ഭാരതം അത് നിറവേറ്റേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിന്റെ ഐക്യത്തിന്റെ സൂത്രവാക്യം നമ്മുടെ സംസ്കാരമാണ്, നമ്മുടെ മനസ്സില്‍ ഉദിക്കുന്ന സമാന പൂര്‍വ്വികരുടെ അഭിമാനത്തിന്റെ പൊതു തരംഗം. നമ്മുടെ ഏറ്റവും പവിത്രമായ മാതൃരാജ്യത്തോടുള്ള ശുദ്ധമായ ഭക്തിഭാവം ഇതാണ്. അതേ അര്‍ത്ഥം ഹിന്ദു എന്ന വാക്കിലും പ്രകടമാണ്. നാം എല്ലാവരും ഈ മൂന്നു ഘടങ്ങളിലൂടെ തന്മയീഭാവമാര്‍ന്ന് തങ്ങളുടേതായ വൈശിഷ്ട്യത്തെ നമ്മുടെ ഈ അന്തര്‍ലീനമായ ശാശ്വത ഐക്യത്തിന്റെ അലങ്കാരമേകി നമുക്ക് രാഷ്ട്രത്തെ നിര്‍മ്മിക്കാന്‍ കഴിയും. നാമതു ചെയ്യണം. ഇതാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം. ആ തപസ്സില്‍ നിങ്ങള്‍ എല്ലാവരുടെയും പങ്കാളിത്തത്തിന്റെ സമിത്തും അര്‍പ്പണം ചെയ്യുക എന്ന ആഹ്വാനം നടത്തിക്കൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: