ന്യൂദല്‍ഹി: അഫ്ഗാന് മേഖല തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. രാജ്യത്ത് സാധാരണക്കാര്‍ ആഗ്രഹിച്ച തരത്തിലുള്ള മാറ്റം കൊണ്ടു വരാനായി ഒരു കൂട്ടായ ആഗോള പരിശ്രമം വേണമെന്ന് മോദി പറഞ്ഞു. അഫ്ഗാന് വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.
‘അഫ്ഗാന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ സ്ഥിരതയുള്ളൊരു സര്‍ക്കാര്‍ വേണം, ഒപ്പം അവിടുത്തെ ജനതയ്ക്ക് അടിയന്തര മാനുഷിക സഹായമെത്തിക്കുകയും വേണം, അതിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2593 അടിസ്ഥാനമാക്കി അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു പ്രവര്‍ത്തിക്കണം.’ മോദി ട്വീറ്റ് ചെയ്തു.
എല്ലാ ഇന്ത്യക്കാരും അഫ്ഗാന് ജനത അനുഭവിക്കുന്ന വേദന മനസ്സിലാക്കുന്നു. എത്രയും വേഗം അവര്‍ക്ക് വേണ്ട മാനുഷിക സഹായമെത്തിക്കാന്‍ ഇന്ത്യ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അഫ്ഗാന് മേഖലയിലെ മയക്കുമരുന്നിന്റെയും, ആയുധങ്ങളുടെയും കള്ളക്കടത്തിനെതിരായ സംയുക്ത പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 20 വര്‍ഷത്തെ സാമൂഹിക സാമ്പത്തിക നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും ഭീകരവാദം തടയുന്നതിനുമായി അഫ്ഗാനില്‍ സ്ത്രീകളും ന്യൂനപക്ഷവും ഉള്‍പ്പെടുന്ന ഒരു ഭരണകൂടം വേണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാന്റെ സ്ഥിതി മെച്ചപ്പെടുത്താനായി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2593 നെ ജി 20ന്റെ പിന്തുണ പുതുക്കണമെന്ന് ആവശ്യപ്പെടുന്നു. ഒപ്പം ഇന്ത്യയുടെ പിന്തുണ അറിയിക്കുകയും ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: