ന്യൂദല്‍ഹി: ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയവേ പതിവ് നടപടിക്രമത്തിന്റെ ഭാഗമായി വീരസവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സവര്‍ക്കരുടെ മോചനം ആവശ്യപ്പെട്ട് ഗാന്ധിജി കത്തെഴുതിയിരുന്നതായും രാജ്നാഥ് സിങ് പറഞ്ഞു. ഉദയ് മഹുര്‍ക്കര്‍, ചിരായു പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘വീരസവര്‍ക്കര്‍- ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷ്യന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ദല്‍ഹിയിലെ അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം നിര്‍വഹിച്ചു.
‘ഞങ്ങള്‍ ശാന്തിപൂര്‍വ്വം സ്വാത്രന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യുന്നതുപോലെ സവര്‍ക്കറും സമാധാനപാതയില്‍ മാത്രമേ ഇനി പ്രവര്‍ത്തിക്കൂ എന്ന് ഉറപ്പു നല്കുന്നു’ എന്നായിരുന്നു ഗാന്ധിജിയുടെ കത്ത്. ഇതൊന്നും അംഗീകരിക്കാന്‍ ബ്രിട്ടന് തയ്യാറായില്ല. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് സവര്‍ക്കറെ അപമാനിക്കാന്‍ ചിലര്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്, രാജ്നാഥ് സിങ് പറഞ്ഞു.
2003ല്‍ പാര്‍ലമെന്റില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചപ്പോള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്ക്കരിച്ചു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ മാത്രമാണ് പങ്കെടുത്തത്. മഹാനായ സ്വാതന്ത്ര്യസമര സേനാനിയായ വീരസവര്‍ക്കറെ അപമാനിക്കുന്നവര്‍ക്ക് മാപ്പ് നല്‍കാനാവില്ലെന്ന് രാജ്നാഥ്സിങ് കൂട്ടിച്ചേര്‍ത്തു.
വീരസവര്‍ക്കറെ അപമാനിക്കുന്നത് ശരിയായ ബുദ്ധിയില്ലാത്തവരാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സവര്‍ക്കറെ അടുത്തറിഞ്ഞാല്‍ ചിലരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്താവും എന്നതിനാലാണ് അവരത് അനുവദിക്കാത്തത്. സവര്‍ക്കറുടെ ഹിന്ദുത്വം, സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വം എന്നൊക്കെ ചിലര്‍ പറയുന്നു. ഹിന്ദുത്വം ഒന്നേയുള്ളൂ. അതു സനാതനമാണ്. ഗാന്ധിജിയും സവര്‍ക്കറും ഭിന്നനിലപാടുകാരായിരുന്നുവെങ്കിലും പരസ്പരം ബഹുമാനിച്ചിരുന്നു. ഗാന്ധിജിയുടെ ആരോഗ്യാവസ്ഥ മോശമായപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം രാജ്യത്തിനാവശ്യമുണ്ടെന്ന് സവര്‍ക്കര്‍ എഴുതി. ഇത്തരം നിരവധി കാര്യങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: