തിരുവനന്തപുരം : കോവിഡ് മരണത്തിന്റെ കണക്കുകള്‍ ഒളിപ്പിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ കോവിഡ് മരണ പട്ടിക പുതുക്കി. 7000 പേരേ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് മരണ കണക്ക് ഒളിപ്പിക്കുന്നില്ലെന്നും അര്‍ഹരായവര്‍ക്ക് മുഴുവന്‍ ധനസഹായവും ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
രേഖകളുടെ അഭാവം കൊണ്ട് ഇത്രയും മരണങ്ങള് പഴയ പട്ടികയില്‍ നിന്നും വിട്ടു പോയത്. ആരോഗ്യവകുപ്പ് ഇക്കാര്യം കണ്ടെത്തി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് ഒളിപ്പിച്ചു വെയ്ക്കുന്നില്ല. അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും.
ഇതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കും, കോവിഡ് ബാധിച്ച മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കും. കേരളത്തിലെ കോവിഡ് മരണ നിരക്ക് സുതാര്യമാണ്. പട്ടികയില്‍ ആരുടെയെങ്കിലും മരണം ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ ആശ്രിതര്‍ക്ക് പരാതി നല്‍കാവുന്നതാണ്. ഒക്ടോബര്‍ 11 മുതല്‍ പുതിയ അപേക്ഷകള്‍ നല്‍കാം.
കോവിഡ് മരണങ്ങളില്‍ സര്‍ക്കാറിന് ഒന്നും ഒളിച്ചുവെക്കാനില്ല. എല്ലാം പരിശോധിച്ച്, സുതാര്യമായാണ് സര്‍ക്കാര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നഷ്ടപരിഹാരം സമയ ബന്ധിതമായി അര്‍ഹര്‍ക്ക് വിതരണം ചെയ്ത് തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ മനപ്പൂര്‍വ്വം കോവിഡ് മരണങ്ങളുടെ വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മികച്ച പ്രതിരോധം, കുറഞ്ഞ ടിപിആര്‍, കുറഞ്ഞ മരണനിരക്ക് തുടങ്ങിയ കേരളത്തിന്റെ അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 50000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ പട്ടികയില്‍ നിന്നും ആയിരത്തോളം പേരെ ഒഴിവാക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. കോവിഡ് ബാധിച്ച് ഒരുമാസത്തിനുള്ളില്‍ മരണമടയുന്നത് കോവിഡ് മരണമാണെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് കോവിഡ് പട്ടിക പുതുക്കി പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: