പാലക്കാട് : വീടെന്ന സ്വപ്നത്തിനായി വൃദ്ധ ദമ്പതികള്‍ സ്വരുക്കൂട്ടിയ പണം ബാങ്ക് ജീവനക്കാരന് തട്ടിയെടുത്തതായി പരാതി. പൊതുമേഖലാ ബാങ്കിലെ മുന്‍ ജീവനക്കാരനായ രമേശ് എന്നയാള്‍ വൃദ്ധ ദമ്പതികളുടെ ഏഴര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. മണ്ണാര്‍ക്കാട് സ്വദേശിനിയായ ചിന്നമ്മയും ഭര്‍ത്താവും കൂട്ടിവെച്ച പണമാണ് രമേശ് തട്ടിയെടുത്തത്.
മക്കളില്ലാത്ത ഇരുവരുടേയും സ്വപ്നം അടച്ചുറപ്പുള്ള ഒരു വീടായിരുന്നു. അതിനായി കന്നുകാലികളെ വളര്‍ത്തിയും, കൃഷി ചെയ്തുമെല്ലാം കൂട്ടിവെച്ച പണമാണ് ചിന്നമ്മാളുവിനും ഭര്‍ത്താവിനും നഷ്ടമായത്. സൗഹൃദത്തിന്റെ പുറത്ത് ഈ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ രമേശ് ഇരുവരോടും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നിക്ഷേപിക്കാനായി പണം ഏല്‍പ്പിച്ചെങ്കിലും രമേശ് ഇത് തട്ടിയെടുക്കുകയായിരുന്നു.
ബാങ്ക് നിക്ഷേപമായ ഏഴര ലക്ഷം രൂപ തട്ടിയെടുത്തതിന് പുറമേ ഇവരുടെ ചെക്ക് ബുക്കും ഇയാള്‍ കൈക്കലാക്കി. ചിന്നമ്മാള്‍ നല്കിയ പരാതിയില്‍ മണ്ണാര്‍ക്കാട് പോലീസ് രമേശിനെതിരെ കേസ് എടുത്തു. എന്നാല്‍ രമേശ് രണ്ടാഴ്ച മുമ്പ് ഗള്‍ഫിലേക്ക് കടന്നു. പരാതിയില്‍ ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: