മുംബൈ: സാധാരണ നിലയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്യാന്‍ ഒരു പൊലീസുദ്യോഗസ്ഥനും ധൈര്യപ്പെടില്ല. അവിടെയാണ് മരണഭയമില്ലാത്ത, അനീതിക്കെതിരെ പടനയിക്കുന്ന നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വ്യത്യസ്തനാകുന്നത്.
നടന് സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ബോളിവുഡിലെ മയക്കമരുന്ന് സ്വാധീനത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയുടെ പേര് ഉയര്‍ന്ന് വന്നത്. നിരോധിക്കപ്പെട്ട മയക്കമരുന്ന് കൈവശം വെച്ച ഒട്ടേറെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അദ്ദേഹം പിടികൂടുകയുണ്ടായി.
ജന്മം കൊണ്ട് മുംബൈക്കാരനാണ് 40കാരനായ സമീര്‍ വാങ്കഡെ. അദ്ദേഹത്തിന്റെ അച്ഛനും പൊലീസ് ഉദ്യോഗസ്ഥനാണ്. 2004ലെ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ( ഐആര്‍എസ്) ഉദ്യോഗസ്ഥനാണ് വാങ്കഡെ. എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു. പിന്നീട് എന്‍ ഐഎയുടെ അഡീഷണല്‍ എസ്പിയായി. പിന്നീടാണ് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയില്‍ എത്തിയത്.
റവന്യൂ ഇന്റലിജന്‍സ് ഡയറ്കടറേറ്റില്‍ ജോയിന്റ് കമ്മീഷണറായി ജോലി ചെയ്തു. ഇക്കാലത്ത് നികുതിവെട്ടിപ്പ് നടത്തിയ ഒട്ടേറെ താരങ്ങളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്. വാങ്കഡെയെ നിര്‍ഭയനും കൃത്യനിഷ്ഠയുള്ളവനും ആയാണ് സഹപ്രവര്‍ത്തകര്‍ വാഴ്ത്തുന്നത്.
ബോളിവുഡ് സിനിമകളുടെയും ക്രിക്കറ്റിന്റെയും ആരാധകനായ ഇദ്ദേഹം പക്ഷെ നീതിനിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാറില്ല. ആദ്യം ഡപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായി മുംബൈ വിമാനത്താവളത്തില്‍ ജോലി ചെയ്യുമ്പോള്‍ അദ്ദേഹം നിരവധി ചലച്ചിത്രതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും കസ്റ്റംസ് തീരുവ വെട്ടിക്കാന്‍ ശ്രമിച്ചതിന് അദ്ദേഹം പിടികൂടി.
‘താരങ്ങള്‍ എപ്പോഴും പ്രശ്നം സൃഷ്ടിക്കാറുണ്ട്. അവര്‍ക്കെതിരെ നടപടിയെടുത്താല്‍ ഉന്നതോദ്യോഗസ്ഥരെ അറിയിക്കുമെന്നതായിരിക്കും ഭീഷണി. ഞാനാണ് ഈ ഡിപ്പാര്‍ട്മെന്റിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥന് എന്ന് പറയുന്നതോടെ അവരുടെ പത്തി മടങ്ങും,’ സമീര്‍ വാങ്കഡേ മുമ്പ് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
മഹാരാഷ്ട്ര സര്‍വ്വീസ് ടാക്സ് വകുപ്പിലേക്ക് 2010ല്‍ മാറ്റുമ്പോള്‍ അദ്ദേഹം 2500 പേരെ ശിക്ഷിച്ചു. ഇതില്‍ 200 പേര് താരങ്ങളായിരുന്നു. നികുതിവെട്ടിപ്പിനായിരുന്നു ഈ ശിക്ഷ. ഇതിന്റെ പേരില്‍ ഖജനാവിലേക്ക് നല്‍കിയത് 87 കോടിയുടെ വരുമാനം.
മിഖാ സിങ് എന്ന പ്രസിദ്ധ ഗായകനെ അദ്ദേഹം വിദേശ കറന്‍സി കയ്യില്‍വെച്ചതിന്റെ പേരില്‍ പിടികൂടിയിരുന്നു. അനുരാഗ് കശ്യപ്, വിവേക് ഒബ്റോയി, രാം ഗോപാല്‍ വര്‍മ്മ എന്നീ ബോളിവുഡ് താരങ്ങളുടെ സ്വത്ത് അദ്ദേഹം റെയ്ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷം വാങ്കഡേയും സംഘവും പിടിച്ചത് 17000 കോടി രൂപയുടെ മയക്കമരുന്നാണ്.
2020ല്‍ 60 പേരടങ്ങുന്ന മയക്കമരുന്ന് കടത്ത് സംഘത്തിന്റെ ആക്രമണത്തില്‍ വാങ്കഡേയ്ക്ക് പരിക്കേറ്റു. നിസ്സാര പരിക്കുകളോടെ വാങ്കഡേ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
ബോളിവുഡും മയക്കമരുന്ന ലോബിയും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ റിയ ചക്രവര്‍ത്തിയെ വാങ്കഡേ ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ബാദ്ഷായുടെ മകനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ വീണ്ടും വാങ്കഡേ വാര്‍ത്തയാകുന്നു. എല്ലാ പഴുതുകളുമടച്ചാണ് ആര്യന് ഖാന്റെ അറസ്റ്റ് എന്‍സിബി രേഖപ്പെടുത്തിയത്. വാങ്കഡേയുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആഡംബര കപ്പലില്‍ കയറിയത്.
കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പ്രതികളെ നാടകീയമായി പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് എം.ഡി.എം.എ, കൊക്കെയ്ന്‍, ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇവരെ മുംബൈയിലെ എന്‍.സി.ബി. ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. ഏകദേശം 17 മണിക്കൂറോളമാണ് ചോദ്യംചെയ്യല്‍ തുടര്‍ന്നത്. ഒടുവില്‍ ലഹരിമാഫിയകളുമായുള്ള ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് ഷാരൂഖിന്റെ മകന് 23-കാരനായ മകന് ആര്യന് ഖാനെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: