കൊച്ചി : രണ്ടുലക്ഷത്തി അറുപതിനായിരം കോടി രൂപ തനിക്ക് ബാങ്ക് ബാലന്‍സുണ്ട്. അതെല്ലാം പുരാവസ്തുവ്യാപാരത്തിലൂടെ നേടിയതാണെന്നും മോന്സന് പറഞ്ഞപ്പോള്‍ സമൂഹത്തിലെ പ്രമാണിമാര്‍ പലരും സഹകരിച്ച് തട്ടിപ്പിനായി കൂട്ടുനിന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മുതല്‍ മുന്‍ പോലീസ് ചീഫ് ലോക്നാഥ് ബെഹ്റയും ഡിജിപി മനോജ് എബ്രാഹാം. മോന്സന് പറഞ്ഞ രീതിയില്‍ അവരവരുടെ ഭാഗം അഭിനയിച്ചു പൊലിപ്പിച്ചെന്ന് രൂക്ഷ വിമര്‍ശനവുമായി ഡോ. കെ.എസ്. രാധാകൃഷ്ണന്. എഫ്ബി പോസ്റ്റിലൂടെയായായിരുന്നു ഈ പ്രതികരണം.
ടിപ്പുവിന്റെ സിംഹാസനത്തില്‍ കുന്തവും പിടിച്ചിരിക്കുന്ന ലോക്നാഥ് ബെഹ്റ, ശിവജിയുടെ വാളും പിടിച്ചുനില്‍ക്കുന്ന മനോജ് എബ്രാഹാം, മോണ്‍സണിന്റെ ദര്‍ബാറില്‍ അധ്യക്ഷം വഹിച്ചു ആസ്വദിച്ചിരിക്കുന്ന കെ.സുധാകരന് ഇവരെല്ലാം എന്തിനുവേണ്ടിയാണ് ഇങ്ങനെ കോലം കെട്ടിയത്. ഈ തട്ടിപ്പുകാരനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു എന്നാണ് പോലീസ് ചീഫും ഡിജിപിയും പറയുന്നത്. എങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ അവര്‍ക്ക് നല്കിയ ഐപിഎസ് പദവി പിന്‍വലിക്കേണ്ടതാണ്.
ഇവരൊക്കെ, തട്ടിപ്പ് മനസിലാക്കാന്‍ കഴിയാത്ത നിഷ്കളങ്കരാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു ലാഭവും ഇല്ലാതെ ഇവരാരും കോലം കെട്ടി ആടുകയുമില്ല. ഇവര്‍ക്ക് ലഭിച്ച ലാഭം എന്താണെന്നും കെ.എസ്. രാധാകൃഷ്ണന് ചോദിച്ചു. മോന്‍സനെ മകളുടെ വിവാഹനിശ്ചയ ദിവസം തന്നെ തിടുക്കംകാട്ടി അറസ്റ്റ് ചെയ്തത് എന്തിനായിരുന്നു. നീതി നടപ്പാക്കുന്നതിനുവേണ്ടിയാണ് പോലീസ് അങ്ങനെ ചെയ്തത് എന്നു വിശ്വസിക്കാന്‍ ന്യായം കാണുന്നില്ല. മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണെന്ന വിശദീകരണവും വിശ്വസനീയമല്ല. ഇത്രയ്ക്ക് വലിയ തട്ടിപ്പ്, ഇത്രകാലം നടത്തിയിട്ടും അതൊന്നും അറിയാതെ കഴിഞ്ഞ ആറുവര്‍ഷമായി മുഖ്യമന്ത്രി രാജ്യഭാരം നടത്തി എന്നു വിശ്വസിക്കാനാകുന്നില്ല.
പോലീസുകാര്‍ക്ക് പോലും കൃത്യമായി അറിവുണ്ടായിരുന്ന കാര്യം ഇപ്പോള്‍ പൊക്കിയെടുത്തത് ഒന്നുകില്‍ മോന്സന് ഭീക്ഷണിപ്പെടുത്തിയതുകൊണ്ടാകാം. അല്ലെങ്കില്‍ മോണ്‍സണിന്റെ വലയില്‍ കുടുങ്ങിയിട്ടുള്ളവരില്‍ ചിലര്‍ വന്‍തിമിംഗലങ്ങളാകാം. അവര്‍ക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കുന്നതിനുവേണ്ടിയാകാം പോലീസിന്റെ ഇപ്പോഴത്തെ ഈ നാടകംകളി.
മോണ്സണ് രോഗമല്ല. രോഗലക്ഷണമാണ്. തട്ടിപ്പിന് ഇരയാകാനുള്ള മനസ് മലയാളിക്കുണ്ട്. കാരണം, അദ്ധ്വാനിക്കാതെ ധനവാനകണമെന്ന ആഗ്രഹം മലയാളിക്കുണ്ടെന്നും ഡോ. രാധാകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: