വടകര: സ്ത്രീ സുരക്ഷക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മുത്തലാഖ് നിരോധന നിയമത്തെ വെല്ലുവിളിച്ച് വടകര പോലീസ്. രജിസ്ട്രേഡ് കത്തിലൂടെ മുത്തലാഖ് നടത്തിയ ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കാതെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം.
ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശിയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വടകര പോലീസ് പേരിന് അന്വേഷണം നടത്തിയെങ്കിലും പ്രതിയുടെ ഉന്നത രാഷ്ട്രീയബന്ധത്താല് കേസ് ഒതുക്കുകയാണ്. വനിതകളുടെ പരാതികളില്‍ സിഐ അന്വേഷിക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശവുമുണ്ടെന്നിരിക്കെ, ഈ കേസില്‍ അന്വേഷണം നടത്തുന്നത് കേവലം സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ്.
രണ്ട് മാസം മുമ്പാണ് ഭര്‍ത്താവായ പതിയാരക്കര സ്വദേശി അബ്ദുള്‍ റഷീദ് കത്തിലൂടെ ഭാര്യയെ മൂന്നാം തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നതായി അറിയിച്ചത്. മുത്തലാഖ് നിരോധന നിയമപ്രകാരം നീതി തേടി സെപ്റ്റംബര്‍ 14ന് യുവതി വടകര പോലീസ് സ്റ്റേഷനിലെത്തി. ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും പീഡനവും പരാതിപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനായ പ്രതിയുടെ ഉന്നത രാഷ്ട്രീയ സ്വാധീനത്താലാണ് പോലീസ് കേസ് അട്ടിമറിക്കുന്നതെന്നാണ് വിവരം. ഒരു കുട്ടിയുള്ള ഇയാള്‍, പുതിയ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയ ശേഷമാണ് കത്തിലൂടെ മൊഴി ചൊല്ലിയതെന്നും പറയുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം മൂന്നുവര്‍ഷം തടവുള്‍പ്പെടെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തത്.
മുസ്ലിം വോട്ടുകള്‍ നേടാനായി, മുത്തലാഖ് നിരോധന നിയമത്തെ കേരള പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. ഇത്തരം സംഭവങ്ങളില്‍ പോലീസിന്റെ വിമുഖത കാരണം പലരും പരാതി നല്‍കാനും മടിക്കുകയാണ്. പരാതി നല്‍കിയിട്ടും പോലീസ് സംരക്ഷണം ലഭിക്കാത്ത അവസ്ഥ ആത്മഹത്യയിലേക്ക് നയിച്ചേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെന്നു. മാസങ്ങള്‍ക്കു മുമ്പ് വടകര മുതുവടത്തൂരില്‍ യുവതിയെയും ഭര്‍ത്താവ് കത്തിലൂടെ മൂന്നു മൊഴിയും ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. നാലു മക്കളെ അമ്മയില്‍ നിന്നകറ്റുകയും ചെയ്തിരുന്നു.
മുതുവടത്തൂരിലെ യുവതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രദേശവാസികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ നടക്കുന്നതിനിടെയാണ് ഇരിങ്ങല്‍ കേസില്‍ പോലീസ് നിലപാട് വിമര്ശിക്കപ്പെയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: