തൃശ്ശൂര്‍: ലോക വിനോദ സഞ്ചാര ദിനത്തില്‍ തന്നെ ഹര്‍ത്താല്‍ നടത്തി ശ്രദ്ധ നേടുകയാണ് കേരളം. ഹര്‍ത്താല്‍ ഇന്ന് ജനജീവിതം പൂര്‍ണമായും തടസപ്പെടുത്തും. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ഉണര്‍ന്നുവരുന്ന ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയാകും ഹര്‍ത്താല്‍.
കോവിഡ് വ്യാപനം ഉയര്‍ന്നു നില്ക്കുന്നതിനാല് അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും സഞ്ചാരികള്‍ കുറവാണ്. അതിനിടയില്‍ ഹര്‍ത്താലും സമരവും കൂടിയാകുമ്പോള്‍ വന്‍ തിരിച്ചടിയാകും നേരിടുക. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തില്ലെന്ന് അറിയിച്ചു.വൈകിട്ട് 6ന് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടാകും.
ഹര്‍ത്താലിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന് സമര സമിതി അറിയിച്ചിട്ടുണ്ടെങ്കിലും ഓട്ടോ-ടാക്സി, സ്വകാര്യ ബസ് സര്‍വീസ് ഉണ്ടാകാന്‍ സാധ്യതയില്ല. അവശ്യ സര്‍വീസുകള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യമെന്ന പേരില്‍ നടത്തുന്ന ഹര്‍ത്താലില്‍ ബിഎംഎസും ഫെറ്റോ സംഘടനകളും പങ്കെടുക്കുന്നില്ല. കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമായി വരുന്ന വ്യാപാര മേഖലക്ക് വലിയ തിരിച്ചടിയാണ് ഹര്‍ത്താലെന്ന് വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: