തിരുവനന്തപുരം :’ഇടതുകാലിന് മഴുകൊണ്ട് പലതവണ വെട്ടിയശേഷം അവര്‍ എന്നെ തൂക്കിയെടുത്ത് റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി; ഉടല് ടാര്‍റോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയില്‍ എന്നെ മലര്‍ത്തിയിട്ടു; മഴു പിടിച്ചയാള്‍ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തില്‍ വിപരീത ദിശയില്‍ ചെരിച്ച് രണ്ടു വെട്ടുവെട്ടി; അസ്ഥികള്‍ മുറിഞ്ഞ് കൈത്തണ്ട മുക്കാല്‍ ഭാഗം അറ്റു; കൈക്കുഴയോട് ചേര്‍ന്ന് പലതവണ വെട്ടി; അങ്ങനെ അവര്‍ എന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി’- ടി.ജെ. ജോസഫ് എന്ന ജോസഫ് മാഷ് പോപ്പുലര്‍ഫ്രണ്ട്-എസ്ഡി പിഐ തീവ്രവാദികള്‍ എങ്ങിനെയാണ് തന്റെ കൈപ്പത്തി വെട്ടിമാറ്റിയതെന്ന രംഗം തന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയില്‍ വിവരിക്കുന്നതിങ്ങിനെയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഈ നടുക്കുന്ന ഓര്‍മ്മകളുമായി ജോസഫ് മാഷിന്റെ അത്മകഥ വൈറലാവുകയാണ്. ഈ ആത്മകഥ ചൂടപ്പമാണ്. കോപ്പികള്‍ കേരളത്തില്‍ വാങ്ങാന്‍ കിട്ടാത്ത സ്ഥിതിയാണ്.
കേരളംകണ്ട കൊടുംതീവ്രവാദ പ്രവര്‍ത്തനമായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകനായ പ്രൊഫ. ടി.ജെ. ജോസഫിനു നേര്‍ക്കുണ്ടായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം. 2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളെജില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറിലെ 11ാം നമ്പര്‍ ചോദ്യത്തില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ജോസഫ് മാഷാണ് ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ആവശ്യത്തിനുള്ള ചിഹ്നങ്ങള്‍ ചേര്‍ക്കാനുള്ള ഈ ചോദ്യം മതനിന്ദ കലര്‍ന്നതാണെന്ന പേരിലാണ് വിവാദമായത്. മാധ്യമം ദിനപ്പത്രത്തിന്റെ പ്രദേശികപതിപ്പിലാണ് ചോദ്യപേപ്പര്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2010 ജൂലൈ നാലിനായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജോസഫ് മാഷിന്റെ കൈ വെട്ടിമാറ്റിയത്. ആക്രമണത്തില്‍ അറ്റുപോയ കൈ പിന്നീട് തുന്നിച്ചേര്‍ക്കുകയായിരുന്നു.
താലിബാന് മാതൃകയിലുള്ള ഒരു കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ജോസഫ് മാഷ്ക്ക് നേരെ ആക്രമണമുണ്ടായതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട 13 പേരും കുറ്റക്കാരാണെന്ന് എന്‍ ഐഎ കോടതി വിധിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ ഭാരവാഹിയായിരുന്ന നാസറാണ് ജോസഫ് മാഷ്ക്കെതിരെ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് എന്‍ ഐഎയുടെ കണ്ടെത്തല്‍. എന്‍ ഐഎ ഇന്റര്‍പോളുമായി ബന്ധപ്പെട്ട് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച ശേഷമാണ് നാസര്‍ കീഴടങ്ങിയത്. കേരളപൊലീസില്‍ നിന്നും എന്‍ ഐഎ കേസന്വേഷണം ഏറ്റെടുത്തശേഷമാണ് വഴിത്തിരിവുണ്ടായത്.
യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരു മനുഷ്യന്റെ കൈപ്പത്തി പച്ചയ്ക്ക് വെട്ടിമാറ്റുക. സംസ്ഥാനത്തെ മതതീവ്രവാദപ്രവര്‍ത്തനത്തിന്റെ ഏറ്റവും ഭീകരമായ സംഭവമായിരുന്നു ജോസഫ് മാഷിന്റെ അനുഭവം. ഒരു അദ്ധ്യാപകന്റെ വലതുകൈ പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് ഇസ്ലാം മതമൗലികവാദികള്‍ വെട്ടിയെടുത്തപ്പോള്‍ ഒലിച്ചുപോയത്, ഇങ്ങനെയാന്നും കേരളത്തില്‍ സംഭവിക്കില്ല എന്ന നമ്മുടെ ആത്മവിശ്വാസം കൂടിയായിരുന്നു.
എ തൗസന്റ് കട്ട്സ് എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പെന്ഗ്വിന് ബുക്സ് പുറത്തിറക്കിയതോടെ മലയാളത്തിനപ്പുറം ദേശീയ തലത്തില്‍ തന്നെ പുസ്തകം ചര്‍ച്ചാവിഷയമായി. ശശി തരൂരുള്‍പ്പെടെ ഒട്ടേറെ എഴുത്തുകാര്‍ അദ്ദേഹത്തിന്റെ പുസ്തകത്തെ അഭിനന്ദിച്ചെഴുതിയിരിക്കുന്നു. പ്രശസ്ത എഴുത്തുകാരി റാണാ സഫ് വി അങ്ങേയറ്റം വായിക്കപ്പെടേണ്ട പുസ്തകം എന്നാണ് ഇതിനെക്കുറിച്ച് എഴുതിയിരിക്കുന്നത്.
കൈപ്പത്തി വെട്ടിമാറ്റിയശേഷം അദ്ദേഹം അനുഭവിച്ചത് നരകയാതനകളാണ്. ന്യൂമാന്‍ കോളെജ് മാനേജ്മെന്റ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സാമ്പത്തിക ക്ളേശം മൂലം ഭാര്യ ആത്മഹത്യ ചെയ്തു….ഏറെ വര്‍ഷത്തെ മാനസിക യാതനകളില്‍ നിന്നും ആത്മകഥാ രചനയിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുകയായിരുന്നു. അദ്ദേഹം അനുഭവിച്ച വേദനകളുടെ ആഴം ബിജെപിയിലുള്ളവരെയും കേന്ദ്രസര്‍ക്കാരിലുളളവരെയും ആഴത്തില്‍ സ്പര്ശിച്ചിരിക്കാം. ഇതില്‍ നിന്നാകണം ഇദ്ദേഹത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷന് അംഗമാക്കിയാലെന്തെന്ന ചിന്ത കേന്ദ്രസര്‍ക്കാരിനുണ്ടായത്. കഴിഞ്ഞ ദിവസം നടന് സുരേഷ് ഗോപി ജോസഫ് മാഷുടെ വീട്ടില്‍ നടത്തിയ യാദൃച്ഛിക സന്ദര്‍ശനത്തിന് പിന്നില്‍ ഇത്തരമൊരു നീക്കമാണെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെടുന്നു. വിവരം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പ്രൊഫസര്‍ ടി.ജെ. ജോസഫ് നിയമനം സ്വീകരിക്കാന്‍ താല്പര്യം അറിയിച്ചതായും മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: