ന്യൂദല്‍ഹി : സീ എന്റര്ടെയിന്മെന്റ്സ് സോണി പിക്ചേഴ്സ് ഇന്ത്യയുമായി ലയിക്കുന്നു. ഇതുസംബന്ധിച്ച് ഇരു കമ്പനികളും ധാരണയിലെത്തി. ഇതു പ്രകാരം പുനീത് ഗോയങ്ക അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് എംഡിയും സിഇഒയുമായിരിക്കും. എന്നാല്‍ സീ മീഡിയ ഒരു പ്രത്യേക കമ്പനിയായി തുടരും. ഈ ഇടപാടില്‍ അത് ഉള്‍പ്പെട്ടിട്ടില്ലെന്നും സീ എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സീ എന്റര്‍ടെയിന്‍മെന്റ്സിന്റെ ഓഹരി വിപണിയില്‍ വന്‍ ഉയര്‍ച്ചയാണ്. ഓഹരില്‍ വില്‍പ്പനയില്‍ 25 ശതമാനത്തോളം ഉയര്‍ന്ന് 317.75 രൂപയായി. ലയനത്തിന് ശേഷം, 52.93% നിയന്ത്രണ ഓഹരികള്‍ സോണിയ്ക്കും 47.07 ശതമാനം ഓഹരികള്‍ സീലിനും ആയിരിക്കും.
ലയന കരാര്‍ അനുസരിച്ച്, സോണി പിക്ചേഴ്സ് ഏകദേശം 1.575 ബില്യണ്‍ ഡോളര്‍ (ഏകദേശം 11,500 കോടി രൂപ) ലയിപ്പിച്ച കമ്പനിയില്‍ നിക്ഷേപിക്കും. സീല്‍ ബോര്‍ഡ് ഈ ലയനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കുകയും ഉചിതമായ പ്രക്രിയ നടത്താന്‍ മാനേജ്മെന്റിനെ അധികാരപ്പെടുത്തുകയും ചെയ്തു. ടിവി സംപ്രേക്ഷണത്തിലും ഡിജിറ്റല്‍ മീഡിയയിലും സീലിന് സാന്നിധ്യമുണ്ട്. സീ ടിവിയാണ് അതിന്റെ പ്രധാന ചാനല്‍.
രണ്ട് കമ്പനികളും അവരുടെ ലീനിയര്‍ നെറ്റ്വര്‍ക്ക്, ഡിജിറ്റല്‍ അസറ്റുകള്‍, ഉല്പാദന പ്രവര്‍ത്തനങ്ങള്‍, പ്രോഗ്രാം ലൈബ്രറികള്‍ തുടങ്ങിയവ സംയോജിപ്പിക്കും. ലയനത്തിന് ശേഷം രൂപീകരിച്ച കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. അടുത്ത 90 ദിവസത്തിനുള്ളില്‍ ഇരു കമ്പനികളും പരസ്പരമുള്ള ഉചിതമായ അന്വേഷണം നടത്തുകയും അതിനുശേഷം കരാര്‍ അന്തിമമാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: