ന്യൂദല്‍ഹി: അടുത്ത മാസം രാജ്യത്ത് 30 കോടി കൊവിഡ് വാക്സിന് ഉത്പാദിപ്പിക്കുമെന്നും അഭ്യന്തര ആവശ്യത്തിന് ശേഷം വരുന്നവ കയറ്റുമതി ചെയ്യുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.
രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. കയറ്റുമതിയില്‍ അയല്ജ്യങ്ങള്ക്കാവും ആദ്യ പരിഗണന. ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളാണ് ഇന്ത്യ. നൂറോളം രാജ്യങ്ങള്‍ക്കായി ഇന്ത്യ 6.6 കോടി വാക്സിന് ഡോസുകള്‍ സംഭാവന ചെയ്തിരുന്നു. അന്താരാഷ്ട്രാ തലത്തില്‍ ഇത് രാജ്യത്തിന് വലിയ കീര്‍ത്തി ഉണ്ടാക്കിയിരുന്നു.
കൊവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രിലിലാണ് വാക്സീന് കയറ്റുമതി നിര്‍ത്തിയത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇന്ത്യ വാക്സിന് കയറ്റുമതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാക്സിന് കയറ്റുമതി നിര്‍ത്തിയത് ആഗോള തലത്തില്‍ സമ്പൂര്‍ണ്ണ വാക്സിന് ലക്ഷ്യത്തിലെത്തിക്കാന്‍ തടസ്സമാവുമെന്നായിരുന്നു അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിലയിരുത്തല്‍.
വാക്സിന് വീണ്ടും കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം രാജ്യാന്തര തലത്തില്‍ സ്വാഗതം ചെയ്യപ്പെടും. ക്വാഡ് ഉച്ചക്കോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് കൊവിഡ് വാക്സിന് കയറ്റുമതി പുനഃരാരംഭിക്കാനുള്ള തീരുമാനമെന്നതും ശ്രദ്ധേയമാണ്. ക്വാഡ് രാജ്യങ്ങളായ ഇന്ത്യ, യുഎസ്, ജപ്പാന്, ഓസ്ട്രേലിയ എന്നീ നേതാക്കളുടെ ഉച്ചകോടിയില്‍ വാക്സിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. പ്രധാനമന്ത്രി ചൊവ്വാഴ്ചയാണ് ഉച്ചകോടിക്കായി യുഎസിലേക്ക് പുറപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: