ലണ്ടൻ: യുഎസ്-യുകെ-ആസ്ത്രേല്യ ത്രിരാഷ്ട്ര സഖ്യത്തിനെതിരായ ഫ്രാൻസിന്റെ അതൃപ്തി പുകയുന്നു. യുഎസില്‍ നിന്നും ആസ്ത്രേല്യയില്‍ നിന്നും നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച ശേഷവും ഫ്രാന്‍സിന്റെ കോപം അടുങ്ങുന്ന മട്ടില്ല. ബ്രിട്ടനുമായി തീരുമാനിച്ചിരുന്ന പ്രതിരോധ മന്ത്രിതല ചർച്ച റദ്ദാക്കിയതായി പ്രഖ്യാപിച്ച് ഫ്രാന്‍സ് അവരുടെ പ്രതിഷേധം തുടരുകയാണ്. പൊതുവേ ബ്രിട്ടനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഫ്രാന്‍സിന്റെ ഈ ചുവടുമാറ്റം ബ്രിട്ടനിലും അങ്കലാപ്പുണ്ടാക്കിയിരിക്കുകയാണ്.
ഫ്രാന്‍സിന്റെയും യുകെയുടെയും പ്രതിരോധ മേധാവികള്‍ ലണ്ടനില്‍ കൂടിക്കാഴ്ച നടത്തേണ്ട സുപ്രധാന യോഗമായിരുന്നു ഇത്. ആഴത്തിലുള്ള പ്രതിരോധ പങ്കാളിത്തം ഫ്രാന്സുമായുണ്ടെന്നും അതിനാല്‍ ഉറപ്പിച്ച തീയതിയില്‍ തന്നെ ഈ യോഗം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടന്.
അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും ചേർന്ന് രൂപീകരിച്ച ത്രിരാഷ്ട്ര സഖ്യവും ഓക്കസ് ഉടമ്പടിയുമാണ് ഫ്രാൻസിനെ പ്രകോപിപ്പിച്ചത്. ഫ്രാന്‍സിനെ ഒഴിവാക്കി ആസ്ത്രേല്യ അമേരിക്കയുടെ കയ്യില്‍ നിന്നും ആണവ അന്തര്‍വാഹിനിക്കപ്പല്‍ വാങ്ങാന്‍ കരാറുണ്ടാക്കിയതാണ് ഫ്രാന്‍സിനെ ചൊടിപ്പിച്ചത്. നേരത്തെ ഫ്രാന്‍സില്‍ നിന്നും ആണവഅന്തര്‍വാഹിനിക്കപ്പല്‍ വാങ്ങാനായിരുന്നു ആസ്ത്രേല്യ പദ്ധതിയിട്ടിരുന്നത്. 12 ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനി ആസ്ത്രേല്യയ്ക്ക് നല്കാന് 3000 കോടി പൗണ്ടിന്റെ കരാറിലാണ് ഫ്രാന്‍സ് 2016ല്‍ ഒപ്പുവെച്ചത്. ചൈനയുടെ ആക്രമണോത്സുകതയേയും സാമ്രാജ്യവിപുലീകരണഭീഷണിയേയും തടത്തുനിര്ത്തുന്നതിന്റെ ഭാഗമായാ്ണ് ആസ്ത്രേല്യയ്ക്ക് ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനി നല്കാന് ഫ്രാന്‍സ് ധാരണയായത്. ഇന്തോ-പസഫിക് സമുദ്രമേഖലയില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും സ്വതന്ത്രമായ കടല്‍യാത്ര ഉറപ്പാക്കാനും വേണ്ടി ഫ്രാന്‍സും ആസ്ത്രേല്യയും തമ്മിലുള്ള അന്തര്‍വാഹിനി കരാര്‍ ഉണ്ടായത്. നേരത്തെ ഫ്രാന്‍സ്, ഇന്ത്യ, ആസ്ത്രേല്യ എന്ന ത്രികക്ഷി ശക്തി ചൈനയെ ഇന്തോ-പസഫികില്‍ നേരിടാമെന്നതായിരുന്നു ആദ്യമുണ്ടായിരുന്ന തന്ത്രം.
എന്നാല്‍ ഫ്രാന്‍സിന്റേതിനേക്കാള്‍ ആധുനികമാണ് അമേരിക്കയുടെ ആണവഅന്തര്‍വാഹിനിക്കപ്പല്‍ എന്നതാണ് ഫ്രാന്‍സുമായുള്ള കരാര്‍ റദ്ദാക്കാന്‍ കാരണമായതെന്ന് ആസ്ത്രേല്യ വിശദീകരിക്കുന്നു.ഡീസല്‍-ഇലക്ട്രികില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയാണ് ഫ്രാന്‍സ് നല്കാമേന്നേറ്റത്. എന്നാല്‍ അമേരിക്ക നല്കുന്ന അന്തര്‍വാഹിനി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയാണ്. അല്ലാതെ ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള അന്തര്‍വാഹിനിയല്ല. ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പളുകളില് നിന്നും കൂടുതല്‍ നേരത്തിലും ദൂരെയും വെടിയുതിര്‍ക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടാകുമെന്ന് പ്രതിരോധവിദഗ്ധര്‍ പറയുന്നു.
ഫ്രാന്‍സുമായി ഒപ്പുവെച്ച കരാര്‍ സംബന്ധിച്ച് ആസ്ത്രേല്യയില്‍ സംശയം ഉയര്‍ന്നിരുന്നതായി ആസ്ത്രേല്യന്‍ പ്രധാനമന്ത്രി തന്നെ പ്രസ്താവിച്ചിരുന്നു. പുതുതായി അമേരിക്ക നല്‍കാനുദ്ദേശിക്കുന്ന ആണവ അന്തര്‍വാഹിനിക്കപ്പലിന് ഇന്തോ-പസഫിക്കില്‍ ചൈനയെ ചെറുക്കാനുള്ള ശേഷിയുണ്ട്. ആസ്ത്രേല്യന്‍ സമുദ്രതീരത്ത് നിന്നും കൂടുതല്‍ നേരം കൂടുതല്‍ ദൂരത്തില്‍ നിറയൊഴിക്കാനുള്ള ശേഷിയുണ്ട്. ചൈനയെപ്പോലും തടഞ്ഞുനിര്‍ത്താനുള്ള കരുത്ത് ഈ ആണവ അന്തര്വാഹിനിക്കപ്പലുകള്ക്കുണ്ട്. വടക്ക് കിഴക്കന്‍ ഏഷ്യയിലും ആസ്ത്രേല്യയുടെ കരുത്ത് വിളിച്ചോതാന്‍ ആണവ അന്തര്വാഹിനിക്കപ്പലുകള്ക്കാവും. ഫ്രാന്‍സിന്റെ നിരാശ മനസ്സിലാക്കുന്നെന്നും അതേ സമയം ആസ്ത്രേല്യയ്ക്ക് അവരുടെ രാജ്യതാല്പര്യത്തിനാണ് മുന്‍തൂക്കമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി.
ത്രിരാഷ്ട്ര കരാർ പ്രകാരം ഇന്തോ-പസഫിക്കിലെ ആസ്ത്രേല്യയുടെ സൈനിക ശേഷി വർദ്ധിപ്പിക്കാനാണ് അമേരിക്കയും ബ്രിട്ടനും ധാരണയിലെത്തിയത്. ഇതിൽ സമുദ്ര സുരക്ഷയുടെ ഭാഗമായി ആണവ അന്തർവാഹിനി കരാറാണ് മൂന്നു രാജ്യങ്ങളും സംയുക്തമായി തീരുമാ നിച്ചത്. ഫ്രാൻസിനെ തള്ളിയാണ് ആസ്ത്രേല്യ കരാറിൽ ഒപ്പിട്ടത്.
അന്തർവാഹിനി നിർമ്മാണ കരാറിൽ വലിയ നഷ്ടമുണ്ടാക്കിയിരിക്കുന്ന തീരുമാനം ചതിയെന്നാണ് ഫ്രഞ്ച് ഭരണകൂടം ആരോപിക്കുന്നത്. ത്രിരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായ ബ്രിട്ടനുമായി പ്രതിരോധ മന്ത്രിതല ചർച്ചകൾ താൽക്കാലികമായി ഉപേക്ഷിക്കു കയാണെന്ന് ഫ്രാൻസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നുമാണ് ഫ്രാഞ്ച് ഭരണകൂടം നൽകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: