കോഴിക്കോട്: പാലക്കാട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയില്‍. കോഴിക്കോട് സ്വദേശി മൊയ്തീന് കോയയാണ് അറസ്റ്റിലായത്. കോഴിക്കോട് നല്ലളത്ത് നിന്നാണ് പ്രതിയെ പാലക്കാട് നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സപ്തംബര്‍ 14ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പോലീസ് കണ്ടെത്തിയത്.
മൊയ്തീന് കോയ കഴിഞ്ഞ എട്ട് വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ ‘കീര്‍ത്തി ആയുര്‍വേദിക്’ എന്ന സ്ഥാപനം നടത്തുകയാണ. ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് പാലക്കാടും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചത്. സ്ഥാപനത്തിന്റെ പേരില്‍ 200 ഓളം സിം കാര്‍ഡുകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്. എട്ട് സിം കാര്‍ഡുകളാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നാണ് ഇയാള്‍ സിം കാര്‍ഡുകള്‍ എത്തിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍ നാഷണല്‍ ഫോണ്‍ കോളുകള്‍ എസ്ടിഡി കോളുകളാക്കി മാറ്റം വരുത്തി തട്ടിപ്പ് നടത്തുന്ന ഇയാള്‍ക്ക് ബിഎസ്എന്‍എല്‍ കോയ എന്ന ഇരട്ടപ്പേരുണ്ട്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മോട്ടുപ്പാളയം എക്സ്ചേഞ്ചിനെകുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
മൊയ്തീന് കോയയുടെ മകന് ഷറഫുദ്ദീന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലും സഹോദരന് ഷബീറിന് കോഴിക്കോട് പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് കേസുകള്‍ നിലവിലുണ്ട്. മൊയ്തീന് കോയക്കെതിരെ രണ്ടു മാസം മുമ്പ് മലപ്പുറം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വണ്ടൂരിലുള്ള തനിമ ബയോവേദിക് എന്ന സ്ഥാപനത്തിന്റെ മറവില്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് നടത്തിവന്നത് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വരവെയാണ് പാലക്കാട് പോലീസിന്റെ പിടിയിലായത്. പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി. പാലക്കാട് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തില്‍ വാളയാര്‍ ഇന്‍സ്പെക്ടര്‍ മുരളീധരന് ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: