തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ രണ്ടു സഹതടവുകാര്‍ക്ക് അഞ്ച് കോടി രൂപയുടെ ക്വട്ടേഷന്‍ കൊടുത്തെന്ന ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ മൊഴി വിവാദത്തിലേക്ക്. ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന കൊടി സുനിയുടെ ആരോപണത്തെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. ഉത്തര മേഖലാ ജയില്‍ ഡിഐജിക്ക് കൊടി സുനി നല്കിയ മൊഴിയുടെ നിജസ്ഥിതി അറിയാനും തുടര്‍നടപടികളെടുക്കാനുമാണ് ജയില്‍ അധികൃരുടെ തീരുമാനം.
വിയ്യൂര്‍ ജയിലില്‍ കൊടി സുനിയടക്കമുള്ള തടവുകാര്‍ നടത്തിയ ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് തനിക്കെതിരെയുള്ള ക്വട്ടേഷനെ കുറിച്ച് ജയില്‍ ഡിഐജി എം.കെ വിനോദ്കുമാറിന് കൊടി സുനി മൊഴി നല്‍കിയത്. തന്നെ വകവരുത്താനുള്ള നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചത് ഫോണ്‍ വഴിയാണെന്ന് സുനി പറയുന്നു. ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണ് റഷീദിനും അനൂപിനും ക്വട്ടേഷന്‍ ഏല്പിച്ചത്. ജയില്‍ സൂപ്രണ്ടിന്റെ ഓഫീസ് സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അയ്യന്തോള്‍ ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണ് ക്വട്ടേഷന്‍ ഏല്പിച്ചതെന്നാണ് കൊടി സുനി മൊഴിയില്‍ ആരോപിക്കുന്നത്.
ഇക്കാര്യം താന്‍ അറിഞ്ഞതിനാല്‍ പദ്ധതി നടപ്പായില്ലെന്നും മൊഴിയില്‍ കൊടി സുനി പറയുന്നു. ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ കൊടി സുനിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിട്ടുണ്ട്. അനൂപിനെ ഏതാനും മാസം മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിരുന്നു. തടവുകാരുടെ ഫോണ്‍ വിളിയുള്‍പ്പെടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട അധികൃതരോട് കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് ലഭിക്കട്ടെയെന്ന് ഡിജിപി
കൊടി സുനിയുടെ മൊഴിയെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ തനിക്കാകില്ല. ആദ്യം ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ലഭിക്കണം. ഇതുവരെ എനിക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പറയാന്‍ സാധിക്കൂ.
–ഷേക് ദര്‍വേഷ് സാഹേബ് (ജയില്‍ ഡിജിപി)
മൊഴിയിലെ വാസ്തവം അന്വേഷിക്കണം-. ജയില്‍ ഡിഐജി
കൊടി സുനി നല്കിയ മൊഴിയിലെ വാസ്തവം സംബന്ധിച്ച് അന്വേഷിക്കണം. മൊഴി സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തും. ഇതിനായി ജയില്‍ ഡിജിപിയോട് ശുപാര്‍ശ ചെയ്യും. കൊടി സുനിയുടെ മൊഴി സംബന്ധിച്ച റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി ജയില്‍ ഡിജിപിക്ക് നല്‍കും. പൂജപ്പുര സെന്‍ട്രല്‍ ജയിലെത്തി കൊലക്കേസ് പ്രതി റഷീദിന്റെ മൊഴിയെടുക്കും. രണ്ടു ദിവസത്തിനുള്ളില്‍ റഷീദിനെ കാണാന്‍ പോകും. ജയിലിലെ റഷീദിന്റെ ഇടപടലുകള്‍ സംബന്ധിച്ച് അന്വേഷിക്കും.
-എം.കെ.വിനോദ് കുമാര്‍ (ഉത്തരമേഖലാ ജയില്‍ ഡിഐജി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: