കാബൂള്‍: ഭരണം കയ്യേറിയപ്പോഴുള്ള താലിബാന്റെ പ്രഖ്യാപനങ്ങള്‍ വെറും പാഴ്വാക്ക്. സ്ത്രീ ജീവനക്കാര്‍ക്ക് താലിബാന് പ്രവേശം നിഷേധിച്ചു. കാബൂളിലെ വനിതാകാര്യ മന്ത്രാലയത്തിലെത്തിയ വനിതാ ജീവനക്കാര്‍ക്കാണ് താലിബാന് ഭരണകൂടം പ്രവേശനം നിഷേധിച്ചത്. മന്ത്രാലയത്തിന്റെ കെട്ടിടത്തിനുള്ളിലേക്ക് പുരുഷന്മാര്ക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂവെന്നും താലിബാന് അറിയിച്ചതായും വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇസ്ലാമതം സ്ത്രീകള്‍ക്ക് അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും നല്‍കുമെന്നാണ് അഫ്ഗാന് ഭരണം പിടിച്ചെടുത്തപ്പോള്‍ താലിബാന് വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്കായി താലിബാന് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാന് മന്ത്രിസഭയില്‍ ഒരു വനിതാ നേതാവിനെപ്പോലും ഉള്‍പ്പെടുത്തിയതുമില്ല.
അഫ്ഗാന് സ്ത്രീകളെ പുരുഷന്മാര്ക്കൊപ്പം ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് താലിബാന് ഭരണകക്ഷിയുടെ ഒരു മുതിര്‍ന്ന നേതാവ് ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക് നിയമത്തിന്റെ പൂര്‍ണരൂപം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് താലിബാനെന്ന് മുതിര്‍ന്ന നേതാവായ വഹീദുല്ല ഹാഷിമി റോയിട്ടേഴ്സിനോട് പറഞ്ഞു.
അതേസമയം അഫ്ഗാനില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിനായി താലിബാന് സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. അഫ്ഗാന് വനിതകള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം അനുവദിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ ബാഖി ഹഖാനി പറഞ്ഞു. എന്നാല്‍ ആണുങ്ങള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ അനുവദിക്കില്ല. അഫ്ഗാന് സര്‍വകലാശാലകളെ ലിംഗഭേദമനുസരിച്ച് വേര്‍തിരിക്കും. പുതിയ ഡ്രസ്കോഡ് അവതരിപ്പിക്കുമെന്നും താലിബാന് അറിയിച്ചു.
അതിനിടെ താലിബാനെ വൈദേശിക ഭീകരസംഘടനയായി തന്നെ കണക്കാക്കണമെന്ന ആവശ്യവുമായി യുഎസ് സെനറ്റര്‍മാര്‍. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനെ നേരിട്ട് കണ്ട് സെനറ്റര്‍മാരായ ജോണി കെ. എണസ്റ്റ്, ടോമി ട്യൂബര്‍വില്ലെ, റിക്ക് സ്കോട്ട്, ഡാന്‍ സള്ളിവന് എന്നിവരാണ് താലിബാനെതിരായ സമീപനം ശക്തമാക്കണെന്ന് അഭിപ്രായപ്പെട്ടത്.
താലിബാന് ജനാധിപത്യ ഭരണകൂടമല്ല. ഒരു ജനാധിപത്യ ഭരണത്തെ രക്തരൂക്ഷിതമായ യുദ്ധത്തിലൂടെ അട്ടിമറിച്ചാണ് താലിബാന് ഭരണംപിടിച്ചതെന്ന് മറക്കരുത്. താലിബാന്റെ ഭരണകൂടത്തിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കൊടുഭീകരരാണ്. അന്താരാഷ്ട്രസമൂഹത്തെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കിയാണ് ഒരു മാസമായി താലിബാന് കാബൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അമേരിക്കന്‍ സൈന്യത്തിന്റെ അതിവേഗ പിന്മാറ്റം മേഖലയില്‍ വലിയ സുരക്ഷാ പ്രശ്നമാണ് സൃഷ്ടിച്ചതെന്നും സെനറ്റര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: