തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനിയും. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി യില്‍ ആക്കിയാല്‍ സംസ്ഥാനങ്ങളുടെ നട്ടെല്ലൊടിയുമെന്നാണ് ദേശാഭിമാനി ന്യായീകരിക്കുന്നത്.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയിലാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്സൈസ് തീരുവയുടെ 41 ശതമാനം മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് കൈമാറേണ്ടത്. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 1.4 രൂപയും ഡീസലിന്റേത് 1.8 രൂപയും മാത്രമാണ്.
2017ല്‍ ജിഎസ്ടി വന്നതോടെ നികുതിവരുമാനം ഇടിഞ്ഞ സംസ്ഥാനങ്ങളെ പെട്രോളിയം നികുതിവരുമാനമാണ് പിടിച്ചുനിര്‍ത്തുന്നത്. 2020-21ല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 2.02 ലക്ഷം കോടി രൂപയാണ് പെട്രോളിയം വാറ്റ് ഇനത്തില്‍ ലഭിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയിലായാല്‍ സകേരളത്തിന്റെ വലിയൊരു വരുമാനസ്രോതസ്സ് ഇല്ലാതാകും. പൂര്‍ണമായും കേന്ദ്രത്തെ ആശ്രയിക്കേണ്ട സ്ഥിതി പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് കനത്ത പ്രഹരമാകുമെന്നും ദേശാഭിമാനി പറയുന്നു.
പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച യോഗത്തില്‍ എതിര്‍പ്പ് അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ബിജെപി ഇതര സംസ്ഥാനങ്ങളെ യോജിപ്പിച്ച് നീങ്ങുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നും സംസ്ഥാനത്തിന് മികച്ച വരുമാനമാണ് ലഭിക്കുന്നത്. കേന്ദ്രം ഇന്ധന വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയില്‍ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടി വരുമെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: