തൃശൂര്‍: മാസ്റ്റര്‍ പ്ലാനില്‍ ചര്‍ച്ചയുണ്ടാകാതിരിക്കാന്‍ കൗണ്‍സില്‍ യോഗം ഓണ്‍ലൈനാക്കിയ മേയറുടെ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍. നാളെ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ചര്‍ച്ച ഒഴിവാക്കുന്നതിന് മുന്നോടിയായാണ് മേയറുടെ നീക്കമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.
കൊവിഡിന്റെ മറപിടിച്ച് രഹസ്യ അജണ്ട നടപ്പാക്കാനുള്ള സിപിഎമ്മിന്റേയും മേയറുടേയും നീക്കം അനുവദിക്കില്ലെന്നും ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ മേയര്‍ക്കൊപ്പം കൗണ്‍സില്‍ ഹാളില്‍ വന്ന് വിമര്‍ശനങ്ങള്‍ ഉന്നയിക്കുമെന്നും കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കി.
നാളെ നടക്കുന്ന കൗണ്‍സില്‍ യോഗത്തിലും വിവാദ അജണ്ടകളുണ്ട്. ഓണ്‍ലൈനായാല്‍ ചര്‍ച്ചകള്‍ ഇല്ലാതെ പാസാക്കിയെടുക്കാമെന്നാണ് ഭരണപക്ഷം കണക്ക്കൂട്ടുന്നത്. മാസ്റ്റര്‍പ്ലാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വീണ്ടും പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും കത്ത് നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മാസ്റ്റര്‍പ്ലാന്‍ വിഷയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും ഉണ്ടാവുമെന്ന് ഭരണപക്ഷത്തിന് ഉറപ്പായിട്ടുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് കൗണ്‍സില്‍ യോഗം ഗൂഗിള്‍ മീറ്റ് വഴി ചേരുന്നത്.
കൊവിഡ് സാഹചര്യം കാരണമാണ് കൗണ്‍സില്‍ യോഗം ഗൂഗിള്‍ മീറ്റ് വഴി ചേരുന്നതെങ്കില്‍ നിയമസഭാ മാതൃകയില്‍ യോഗം ചേരണമെന്നാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം. യോഗത്തിന് ഒരു ദിവസം മുന്‍പേ എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തി കൗണ്‍സില്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കാമെന്ന് കൗണ്‍സലര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
കഴിഞ്ഞ മാസം 27ന് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തിന് ശേഷം കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൗണ്‍സില്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതെന്നാണ് മേയറുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: