കല്‍പ്പറ്റ: മലയോര ഹൈവേയുടെ ഭാഗമായി നിര്‍മ്മാണം തുടങ്ങിയ മേപ്പാടി ചൂരല്‍മല റോഡ് നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി പാത സഞ്ചാര യോഗ്യമാക്കണെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി. പതിനെട്ടു മാസം കൊണ്ട് തീര്‍ക്കണമെന്നാണ് കരാര്‍. കിഫ്ബിയില്‍നിന്ന് 40 കോടിയിലേറെ രൂപ ഉപയോഗിച്ച് 2018 മേയില്‍ തുടങ്ങിയ മേപ്പാടി ചൂരല്‍മല റോഡ് നവീകരണം ഇതുവരെ 20 ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല.
12.80 കി.മീ. പാതയാണിത്. റോഡ് വീതി കൂട്ടാന്‍ എസ്‌റ്റേറ്റുകള്‍ ഭൂമി വിട്ടു കൊടുക്കാത്തതിനാല്‍ പ്രവൃത്തി നടക്കുന്നില്ലെന്നാണ് കാരണമായി പറയുന്നത്. നിലവില്‍ കിഫ്ബി ഇതിന് സ്‌റ്റോപ് മെമ്മോ കൊടുത്തിരിക്കുകയാണ്. അടുത്ത കാലങ്ങളില്‍ ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളാല്‍ ദുരിതമനുഭവിച്ച തദ്ദേശീയര്‍ അതിലും വലിയ കഷ്ടതയാണ് നിലവില്‍ ഈ റോഡ് മൂലം അനുഭവിക്കുന്നത്. നിലവിലെ എംഎല്‍എയും ഭരിക്കുന്ന പാര്‍ട്ടിയും തമ്മിലുള്ള ശീതസമരമാണ് ഈ റോഡിന്റെ നിര്‍മ്മാണം നിര്‍ത്തിവക്കാന്‍ ഉള്ള യഥാര്‍ത്ഥ കാരണം.
ജനപ്രതിനിധികളുടെ കഴിവുകേടിന് ഒരു ജനത ഒന്നാകെ വില നല്‍കേണ്ടി വരുന്നതിന്റെ സാക്ഷ്യപത്രമാണ് മേപ്പാടി ചൂരല്‍മല റോഡ്. വയനാടിന്റെ മക്കളുടെ കണ്ണീരിന്റ വില അറിയാത്ത പ്രവാസി എംഎല്‍എയുടെ കഴിവുകേട് നിയോജക മണ്ഡലത്തിന്റെയാകെ ശാപമായി മാറുകയാണ് എന്നും യോഗം കുറ്റപ്പെടുത്തി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മല, എം.പി. സുകുമാരന്‍, റിഷി കുമാര്‍ വൈത്തിരി, ജയന്ത് കുമാര്‍.കെ, കെ.പി. ശിവദാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: