ന്യൂദല്‍ഹി: കശ്മീരിന്റെ കാര്യത്തിലുള്ള താലിബാന് നേതാക്കളുടെ പരസ്പരവിരുദ്ധ പ്രസ്താവനകള്‍ സര്‍ക്കാര്‍ വൃത്തങ്ങളിലും സുരക്ഷാസേനയിലും ആശങ്കയുളവാക്കുന്നു.
കശ്മീരിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ബിബിസി ഉര്‍ദു ചാനലിന് നല്കിയ അഭിമുഖത്തില്‍ താലിബാന് വക്താവ് സുഹൈല്‍ ഷഹീന് പ്രസ്താവിച്ചത് ഏറെ ഞെട്ടലുളവാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചടക്കിയതോടെ, അവിടം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് താലിബാന് വക്താവിന്റെ ഈ പരാമര്‍ശം.
‘മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. അത് ഇന്ത്യയിലെ കശ്മീരിലായാലും മറ്റേതെങ്കിലും രാജ്യത്തായാലും. നിങ്ങളുടെ സ്വന്തം ജനങ്ങളാണെന്നും നിങ്ങളുടെ പൗരന്മാരാണെന്നും പറഞ്ഞാലും, മുസ്ലീങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും’- താലിബാന് വക്താവ് സുഹൈല്‍ ഷഹീന് പറഞ്ഞു.
അതുപോലെ അല്‍ ഖായിദ എന്ന ഭീകരസംഘടന ഈയിടെ നടത്തിയ പ്രസ്താവനയും അസ്വാരസ്യമുളവാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന് എന്ന ഇസ്ലാമിക പ്രദേശം മോചിതമായതിനു പിന്നാലെ അടുത്ത ലക്ഷ്യം കാശ്മീര്‍ ആണെന്നായിരുന്നു അല്‍ഖായിദ എന്ന ഭീകരസംഘടനയുടെ പ്രഖ്യാപനം.
താലിബാനെ പിന്തുണയ്ക്കാന്‍ ചൈനയും റഷ്യയും രംഗത്തുവന്ന സാഹചര്യത്തിലാണ് മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആരോപിക്കപ്പെടുന്ന ചൈനയിലെ സിന്‍ജിയാങ്ങിനെയും റഷ്യയിലെ ചെച്നിയയെയും മോചിപ്പിക്കേണ്ട ഇസ്ലാം പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നും അല്‍ ഖായിദ ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കറെ തയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് കാശ്മീരില്‍ ആക്രമണം നടത്താന്‍ ആത്മവിശ്വാസം പകരുമെന്ന് കരുതുന്നു.
അതേ സമയം കശ്മീര്‍ പ്രശ്നത്തില്‍ താലിബാന് യാതൊരു ഇടപെടലും നടത്തില്ലെന്ന് താലിബാന് യുവനേതാവ് അനസ് ഹഖാനി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കശ്മീര്‍ തങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നും കശ്മീരില്‍ ഇടപെടുന്നത് തങ്ങളുടെ നയത്തിന് എതിരാണെന്നുമായിരുന്നു അനസ് ഹഖാനിയുടെ അഭിപ്രായം. ‘ഞങ്ങളുടെ നയത്തിന് എതിരായി എങ്ങിനെ ഞങ്ങള്‍ പ്രവര്‍ത്തിക്കും?. ഇത് വളരെ വ്യക്തമാണ്, ഞങ്ങള്‍ ഇടപെടില്ല,’ അനസ് ഹഖാനി വ്യക്തമാക്കി.
ഇന്ത്യ 20 വര്‍ഷം ഞങ്ങളുടെ എതിരാളികളുമായി ബന്ധം സ്ഥാപിച്ചെങ്കിലും പഴയതെല്ലാം മറക്കാന്‍ തയ്യാറാണെന്നും അനസ് ഹഖാനി പ്രസ്താവിച്ചിരുന്നു. ‘ഇന്ത്യ മാത്രമല്ല, ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളുടെയും സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. വരും നാളുകളില്‍ ഞങ്ങള്‍ നയങ്ങള്‍ തീരുമാനിക്കും,’ അനസ് പറഞ്ഞു. ഇനിയും പാകിസ്ഥാന്റെ കയ്യിലെ കളിപ്പാവയാകാന്‍ അഫ്ഗാനിസ്ഥാനില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട താലിബാന് നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് അനസ് ഹഖാനി.
എന്തായാലും താലിബാനിടയില്‍ തന്നെ കശ്മീരിനെക്കുറിച്ച് ഇതുവരെ യോജിച്ച ഒരു അഭിപ്രായം ഉണ്ടായിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ നയം ഇനിയും രൂപപ്പെടാന്‍ ഇരിക്കുന്നതേയുള്ളൂ. പാകിസ്ഥാനോടും ചൈനയോടും താല്പര്യമുള്ള ചില മാധ്യമങ്ങള്‍ താലിബാനിടയില്‍ ഇന്ത്യയ്ക്കെതിരായ അഭിപ്രായം രൂപീകരിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇപ്പോഴും ഇന്ത്യയുമായുള്ള ഭൗമരാഷ്ട്രീയപ്രശ്നങ്ങളില് എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ താലിബാനിടയില്‍ ആശയക്കുഴപ്പമുണ്ട്. ചില താലിബാന് നേതാക്കള്‍ ഇന്ത്യയോട് അവിടെയുള്ള അടിസ്ഥാന സൗകര്യവികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം ഇന്ത്യയില്‍ നിന്നും താലിബാനേക്കുള്ള പഞ്ചസാര കയറ്റുമതി താലിബാന് നിരോധിച്ചതായി പറയപ്പെടുന്നുണ്ട്. അഫ്ഗാനിലെ പാവ സര്‍ക്കാര്‍ ഭരിച്ചിരുന്ന അഷറഫ് ഗനിയോടുള്ള ഇന്ത്യയുടെ മൃദുസമീപനമാണ് താലിബാനെ ചൊടിപ്പിക്കുന്നതെന്ന് പറയുന്നു. അതുപോലെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചിലര്‍ക്ക് അഭയം നല്കിയതും താലിബാനെ ചൊടിപ്പിക്കുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: