വിജേഷ് വി
വായന വളരുകയാണോ തളരുകയാണോ എന്ന ചോദ്യത്തിന് ഏറെക്കുറെ കൃത്യമായ ഉത്തരം; കടലാസ് മറിച്ചുള്ള പുസ്തകവായന കുറയുന്നു എന്നും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വായന കൂടുന്നു എന്നുമാണ്. ഇന്നലെവരെ ആര്‍ക്കും പരിചിതമല്ലാതിരുന്ന ഇ-ഇടങ്ങളിലൂടെ വായന വളരുന്നു എന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും ഇന്നലത്തേതും ഇന്നത്തേതുമായ ആകെ വായനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വായനയ്ക്ക് വളര്‍ച്ചയേക്കാള്‍ തളര്‍ച്ചയേ ഉണ്ടായിട്ടുള്ളു എന്ന് ബോധ്യപ്പെടും. നാളത്തെ ജീവിതത്തിന് ഇന്നില്‍ നിന്നും സ്വീകരിക്കേണ്ട പ്രധാനകാര്യങ്ങളില്‍ ഒന്നായി വായനയെ പൊതുസമൂഹം ഇതുവരെ കണ്ടിട്ടില്ല എന്നതാണ് സങ്കടം. പുതിയ തലമുറയിലേക്ക് ഈ ബോധം പകരേണ്ടവരില്‍ പലരും മൊബൈലില്‍ മുഖം പൂഴ്ത്തിയിരിക്കുമ്പോഴാണ് പുസ്തകങ്ങളേയും വായനയേയും തിരികെവിളിക്കാനായി കേരളത്തിലെ ഒരു കുഞ്ഞുഗ്രാമം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.
1948-ല്‍ ഗാന്ധിജി വെടിയേറ്റുമരിച്ചപ്പോള്‍ കൊട്ടാരക്കരയ്ക്കടുത്തുള്ള പെരുംകുളം ഗ്രാമത്തിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ക്കുണ്ടായ ദുഃഖമാണ് ബാപ്പുജി സ്മാരക വായനശാലയുടെ പിറവിക്ക് നിമിത്തമായത്. കുഴയ്ക്കാട്ടുവീട്ടില് കൃഷ്ണപിള്ളയുടെ വീട്ടുമുറിയില്‍ അദ്ദേഹം ആരംഭിച്ച വായനശാലയ്ക്ക് 1956 ആഗസ്റ്റ് 25ന് രണ്ടരസെന്റ് സ്ഥലം, പുലിയൂര് വീട്ടില്‍ കൊച്ചുനാരായണപിള്ള സൗജന്യമായി എഴുതി നല്‍കിയതോടെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായി. 1957 ല്‍ നാട്ടുകാര്‍ ചേര്‍ന്ന് രണ്ട്മുറിക്ക് ഒരോടിട്ട കെട്ടിടം നിര്‍മ്മിച്ചു. 1971ല്‍ കൈരളി എന്ന പേരില്‍ ഒരു കലാസമിതിക്ക് വിളക്കുവെച്ചതോടെ കലാരംഗത്തും പ്രസ്ഥാനം തിളങ്ങി. പക്ഷെ 1980 ആയപ്പോഴേക്കും പ്രവര്ത്തനങ്ങള്ക്കുചുക്കാന് പിടിച്ചിരുന്ന പലരും ജോലി സമ്പാദിച്ചും മറ്റും വിടവാങ്ങിയതോടെ കെട്ടിടം അടച്ചിടേണ്ടിവന്നു. 1997ലാണ് വീണ്ടും തുറന്നത്. 2000ല്‍ ഇപ്പോഴത്തെ ഭരണസമിതിയുടെ ആദ്യ ഊഴമായതോടുകൂടി വീണ്ടും പ്രവര്‍ത്തനത്തിന്റെ ദിശ നേര്‍രേഖയില്‍ ചലിച്ചുതുടങ്ങി. സാധാരണ പുസ്തകങ്ങളോടൊപ്പം കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും വിതരണം ചെയ്തു തുടങ്ങി. നൂറ്റമ്പതോളം കുട്ടികള്‍ ഉള്‍പ്പെടുന്ന ബാലവേദി പുസ്തക ചര്‍ച്ചകളും സാംസ്കാരിക ഇടപെടലുകളുമായി സജീവമായി. ദേശി, പെരുംകുളം കാഴ്ച എന്നീ രണ്ടുസമകാലികങ്ങള് ആരംഭിച്ചു. കാഴ്ച എന്ന പേരില്‍ ഒരു പുസ്തകപ്രസിദ്ധീകരണസംരംഭം തുടങ്ങുകയും നേര്‍ക്കാഴ്ച, പ്രണയശില, ഹൃദയം പറയാതിരുന്നത് എന്നീ മൂന്നുപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. നൃത്തവാദ്യകലകള്‍ അഭ്യസിപ്പിക്കാന്‍ വേണ്ടി ഒരു കലാപഠന കേന്ദ്രം തുടങ്ങിയതും അക്കാലത്താണ്. ഗ്രാമത്തിലുള്ളവരെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന ഒരു സംരംഭം വിജയകരമായി പ്രവര്‍ത്തിപ്പിച്ചു
കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച കെട്ടിടം 2008ല്‍ പൊളിച്ചതോടുകൂടി വായനശാലയുടെ ഗതി വീണ്ടും താഴോട്ടായി. മൂന്നുലക്ഷം രൂപയുടെ എംഎല്എഫണ്ടില് നിന്നുള്ള കെട്ടിടനിര്മ്മാണത്തില് നിന്ന് കോണ്ട്രാക്ടര് പിന്മാറിയതോടുകൂടി പുസ്തകങ്ങളും തടിയുരുപ്പടികളുമായി നില്‍ക്കക്കള്ളിയില്ലാത്ത ഓട്ടമായിരുന്നു. ഏഴു വര്‍ഷത്തോളം പുസ്തകങ്ങള്‍ക്ക് വാടകമുറികള്‍ അഭയമായി. അവസാനത്തെ ആലയത്തില്‍ നിന്നും കുടിയിറക്കപ്പെട്ടപ്പോള്‍ ശാന്തിയില്‍ ഉണ്ണികൃഷ്ണപിള്ള തന്റെ വീടിന്റെ ചായ്പില്‍ പുസ്തകങ്ങളും ഫര്‍ണ്ണിച്ചറുകളും സൂക്ഷിക്കാന്‍ സ്ഥലം നല്കി. മൂന്നുമാസത്തോളം വിതരണം ചെയ്യാനാകാതെ പുസ്തകങ്ങള്‍ ഇരുട്ടുമുറിയില്‍ തനിച്ചിരുന്നു.
2015 ജൂണ്‍ 19 വായനാദിനത്തില്‍ വായനശാലയുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി മലയാളത്തിലെ പ്രമുഖപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഫീച്ചറുകള്‍ അക്ഷരസ്നേഹികളുടെ ശ്രദ്ധയാകര്‍ഷിച്ചു. റേഡിയോ ജങ്ഷനിലുള്ള ആരോഗ്യ വകുപ്പിന്റെ കെട്ടിടത്തില്‍ പുസ്തകവിതരണം പുനരാരംഭിച്ചു. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ അന്നത്തെ പ്രധാനാധ്യാപികയും പെരുംകുളം ഗ്രാമത്തിലെ ആദ്യഗവേഷണ ബിരുദധാരിയുമായ ഡോ. കെ വത്സലാമ്മ സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരേയും സഹകരിപ്പിച്ച് വായനശാലയുടെ കെട്ടിടനിര്‍മ്മാണം നടത്താം എന്നുവാഗ്ദാനം നല്കി. പിന്നെല്ലാം വളരെപ്പെട്ടന്നായിരുന്നു. നിര്‍മ്മാണക്കമ്മിറ്റിയുടെ ആദ്യ ആലോചനായോഗത്തില്‍ നിന്നുതന്നെ 1,70,000 രൂപയുടെ സഹായ വാഗ്ദാനം ഉണ്ടായി. കേവലം ആറുമാസം കൊണ്ട് പണിപൂര്‍ത്തിയായ കെട്ടിടം 2016 ഫെബ്രുവരി 19 ന് ഋഷിരാജ് സിംഗ് ഐപിഎസ് നാടിന് സമര്‍പ്പിച്ചു. എംപി, എംഎല്‍എ ണ്ടുകളില് അത് രണ്ടും മൂന്നും നിലകളായി വളര്‍ന്നു.
വനിതാവേദി, ശ്രേഷ്ഠജനസഭ (60 വയസ്സ് കഴിഞ്ഞവരുടെ കൂട്ടായ്മ), യുവജനവേദി, ബാലവേദി തുടങ്ങി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രന്ഥശാല നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇവിടെയുണ്ട്. നാടകക്കളരികള്‍, പരിശോധനാക്യാമ്പുകള്‍ തുടങ്ങി സമൂഹത്തിനുപകാരപ്പെടുന്നവ വേറെ. എന്നാല്‍ ബാപ്പുജി സ്മാരക വായനശാല എന്ന പേര് ചര്‍ച്ചാവിഷയമായത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടല്ല. അതെന്താണെന്നു ചുവടെ:
എം. മുകുന്ദന് ആരാധകക്കൂട്ടം
വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ ആശയങ്ങള്‍ കണ്ടെത്തുക എന്ന വായനശാലാ പ്രവര്‍ത്തകരുടെ പട്ടികയിലേക്ക് ആദ്യം കടന്നുവന്ന ചിന്ത ഒരു ഫാന്‍സ് അസോസിയേഷന് ഉണ്ടാക്കുക എന്നതാണ്. കുഗ്രാമങ്ങളില്‍ പോലും സ്വദേശികളും വിദേശികളുമായ സിനിമാതാരങ്ങളുടെ പേരില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാകുമ്പോള്‍ ലോകത്താദ്യമായി ഒരെഴുത്തുകാരന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന് ഉണ്ടാകുന്നതിവിടെയാണ്. പ്രശസ്ത സിനിമാപ്രവര്ത്തകന് പല്ലിശേരിയായിരുന്നു കൂട്ടായ്മയുടെ ഉദ്ഘാടനം. ആനുകാലികങ്ങളിലൂടെ ഈ സാഹിത്യക്കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ എം മുകുന്ദന് വായനശാലാ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും തന്റെ പൂര്‍ണ്ണപിന്തുണ അറിയിക്കുകയും ചെയ്തു. ഇന്ന് ബാപ്പുജി സ്മാരക വായനശാലയുടെ രക്ഷാധികാരിയാണദ്ദേഹം. ഈ കോവിഡ് കാലത്ത് ലോകസാഹിത്യചരിത്രത്തിലാദ്യമായി 21 പേര് ചേര്‍ന്നെഴുതുന്ന നോവലിന്റെ പടിപ്പുരയിലാണ് ഈ ആരാധകക്കൂട്ടം. മഹാത്മാ ഗ്രന്ഥശാല കക്കാക്കുന്ന് പി.ഒ എന്നാണ് നോവലിന്റെ പേര്.
ദത്തെടുത്തത് ഒരു നാടിന്റെ സ്വപ്നങ്ങളെ
പെരുംകുളം ഗ്രാമത്തിന്റെ ഇന്നലെകളിലെ കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിച്ച പള്ളിക്കൂടം – ഗവ. വെല്‍ഫയര്‍ എല്‍.പി.എസ് – അനാഥത്വത്തിലേക്ക് വീണുപോയപ്പോള്‍ രക്ഷകരായെത്തിയത് ഈ ഗ്രന്ഥപ്പുരയാണ്. സംസ്ഥാനസര്‍ക്കാറിന്റെ തൊഴില്‍ വിദ്യാഭ്യാസ പദ്ധതിയായ അസാപിന്റെ മിടുക്കരായ ട്രെയിനേഴ്സ് ഒരുവിധ പ്രതിഫലവും പറ്റാതെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള പരിശീലനം നല്കുന്നുണ്ടായിരുന്നു. ഫേസ്ബുക്കില്‍ നിന്ന് വായനശാലയുടെ പ്രവര്‍ത്തനങ്ങള്‍ വായിച്ചറിഞ്ഞ ലോകപ്രസിദ്ധ സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ജാക്കിമന്സൂരിയന് ആസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഈ കുരുന്നുകളെ കാണാന്‍ 2017ല്‍ പെരുംകുളത്തെത്തി. കുട്ടികളുമായുള്ള സംവാദമായിരുന്നു സന്ദര്‍ശനത്തിന്റെ മുഖ്യ ഇനം. പെന്‍ മെല്‍ബണ്‍ എന്ന അന്താരാഷ്ട്രസംഘടനയുടെ സെക്രട്ടറിയായ അവര്‍ അഞ്ഞൂറോളം പുസ്തകങ്ങളും നൂറ് ഡോളറും വായനശാലയ്ക്ക് സംഭാവന ചെയ്തു. സ്കൂളില്‍ കുട്ടികളെ ചേര്‍ക്കണം എന്ന അഭ്യര്‍ത്ഥനയുമായി വീടുകള്‍ കയറിയിറങ്ങാന്‍ അവര്‍ വായനശാലാ പ്രവര്‍ത്തകര്‍ക്കൊപ്പം കൂടി. നാട്ടിലെ കാവുകളും കുളങ്ങളും സന്ദര്‍ശിക്കാനും മറന്നില്ല. വിദേശത്തുനിന്നുള്ള അതിഥിക്ക് കഞ്ഞിയും ചക്കയും ഉള്‍പ്പെടെ തനി നാട്ടുവിഭവങ്ങളാണ് ഒരുക്കിനല്‍കിയത്.
കാഴ്ച ചലച്ചിത്രക്കൂട്ടായ്മ
വിഖ്യാത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ചലച്ചിത്ര-നാടക പഠനത്തിനുമുള്ള വായനശാലയുടെ ക്ലബ്ബിന്റെ പേരാണ് കാഴ്ച. പെരുംകുളം വെല്‍ഫയര്‍ എല്‍പി.എസിലെ കുട്ടികളേയും അദ്ധ്യാപകരേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഇംഗ്ലീഷ് സിനിമ ‘ലെസണ് വണ്‍ – ദ ഫെലോസ്’ ഏറെ ശ്രദ്ധനേടി. അഹിംസയാണ് ആദ്യം പഠിക്കേണ്ട പാഠം എന്ന സന്ദേശം നല്കുന്ന സിനിമയുടെ കഥാതന്തു, ജി. ശങ്കരക്കുറുപ്പിന്റെ ‘കുയിലും മിന്നാമിനുങ്ങും’ എന്ന കവിതയില്‍ നിന്നുമാണ് സ്വീകരിച്ചത്. വായനശാലയുടെ രണ്ടാംനില ശീതീകരിച്ച് മിനികൊട്ടകയൊരുക്കിയിരിക്കുന്നു. കോവിഡ് കാലത്തിനുമുമ്പ് മാസത്തിലൊരിക്കല്‍ വിഖ്യാതസിനിമകളുടെ പ്രദര്‍ശനവും ചര്‍ച്ചയും നാടകക്കളരികളും നടത്തിവന്നിരുന്നു.
പെരുംകുളത്തിന്റെ കാഴ്ചകള്‍
നാടിന്റെ വിശേഷങ്ങള്‍ അറിയിക്കാന്‍ പെരുംകുളം കാഴ്ച എന്ന പേരിലൊരു മാസപത്രം വായനശാല പുറത്തിറക്കുന്നുണ്ട്. വായനശാലാ വാര്‍ത്തകളോടൊപ്പം നാട്ടിലെ പ്രധാനസംഭവങ്ങളും ഇതില്‍ പ്രസിദ്ധീകരിക്കും. കുട്ടികളുടേയും മുതിര്‍ന്നവരുടേയും സര്‍ഗ്ഗാത്മക സൃഷ്ടികള്‍, നാടിന്റെ വികസനാവശ്യങ്ങള്‍, അതിന് ജനപ്രതിനിധികള്‍ നല്കുന്ന മറുപടികള്‍ തുടങ്ങി നാട്ടുബന്ധമുള്ള സകലവിഷയങ്ങള്ക്കും ഇതില്‍ ഇടമുണ്ട്.
ഐ.എ.എസ് പ്രചോദന്‍
ഗ്രാമങ്ങളുടെ ചൊടിയും ചൂരുമുള്ള യുവജനങ്ങളെ സിവില്‍സര്‍വ്വീസ് പോലെയുള്ള മത്സരപരീക്ഷകളിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയുള്ള വായനശാലയുടെ പദ്ധതിയാണ് ഐ.എ.എസ് പ്രചോദന്‍ കോഴ്സ്. തിരുവനന്തപുരത്തെ സിവില്‍360 എന്ന സിവില്‍സര്‍വ്വീസ് അക്കാഡമിയുടെ അദ്ധ്യാപകരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരുവര്‍ഷത്തെ കോഴ്സാണിത്. ഇന്ററാക്ടീവ് ബോര്‍ഡ് പോലെയുള്ള നൂതനമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പഠനപദ്ധതിയാണിത്.
ആദ്യശാഖ തേവലപ്പുറത്ത്
ഇന്ത്യയിലാദ്യമായി ഒരു വായനശാലയ്ക്ക് ശാഖയുണ്ടാകുന്നതിവിടെയാണ്. പെരുംകുളം ബാപ്പുജി വായനശാലയുടെ ആദ്യശാഖ പുത്തൂരിനടുത്തുള്ള തേവലപ്പുറത്ത് 2020 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വായനശാലയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ തേവലപ്പുറം ശ്രീരാജിലെ ലാലിരാജന് സൗജന്യമായി എഴുതി നല്കിയ പുരയിടത്തിലെ കെട്ടിടത്തിലാണ് ശാഖ പ്രവര്‍ത്തിക്കുന്നത്.
ഗുരുനന്മപുരസ്കാരം
മികവിന്റെ അടിസ്ഥാനത്തിലാവണം പുരസ്കാരങ്ങള്‍ ലഭിക്കേണ്ടതെന്ന് വായനശാല ആഗ്രഹിക്കുന്നു. ആയതിനാല്‍ അത്തരം പുരസ്കാരങ്ങള്‍ക്ക് നോമിനേഷന് നല്‍കുന്നതിന് വായനശാല എതിരാണ്. അതിനാല്‍ നാളിതുവരെ വായനശാല യാതൊരുപുരസ്കാരങ്ങള്ക്കും അപേക്ഷിച്ചിട്ടില്ല. ഈ ആശയത്തിലൂന്നി എല്ലാവര്‍ഷവും അദ്ധ്യാപകദിനത്തില്‍ കൊല്ലം ജില്ലയിലെ മികച്ച അദ്ധ്യാപകന് വായനശാല ഗുരുനന്മപുരസ്കാരം നല്കി ആദരിക്കുന്നു. ഗുരുനാഥനെകുറിച്ചുള്ള കുട്ടികളുടെ വിലയിരുത്തലിലൂടെയാണ് പുരസ്കാരാര്‍ഹനെ കണ്ടെത്തുന്നത്.
എഴുതി നല്‍കാം നന്മ
2018 ലെ മഹാപ്രളയകാലത്ത് ആലപ്പുഴയിലെ പ്രളയപ്രദേശത്തുതാമസിച്ചിരുന്ന സ്കൂള്‍ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടനോട്ടുബുക്കുകള്ക്ക് പകരമായി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന മലയാളികളെക്കൊണ്ട്, നാളതുവരെ നഷ്ടപ്പെട്ട എല്ലാ വിഷയങ്ങളുടേയും നോട്ടുബുക്ക് എഴുതിച്ച് ആലപ്പുഴ ജില്ലാവിദ്യാഭ്യാസഓഫീസറുടെ അനുവാദത്തോടെ ജില്ലയിലെ വിവിധ സ്കൂളുകള്‍ക്ക് കൈമാറിയ പ്രവര്‍ത്തി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
നാട്ടിലെമണ്മറഞ്ഞ മഹദ് വ്യക്തികളുടെ ഓര്‍മ്മയ്ക്കായി പ്രധാനപാതയോരത്ത് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച അമരം പദ്ധതി, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിഭൂമി പാട്ടത്തിനെടുത്ത് നടത്തിവരുന്ന കാര്ഷികപ്രവര്ത്തനങ്ങള്, അവയുടെ വിപണനത്തിനായുള്ള ആഴ്ചച്ചന്ത ‘പീടികപ്പച്ച’, നിര്‍ധനരും നിരാലംബരുമായ രോഗികള്‍ക്ക് ആശ്വാസമായി മാസംതോറും നല്‍കിവരുന്ന ഇളനീര് പെന്ഷന് പദ്ധതി, ഗ്രന്ഥശാലയുടെ പുസ്തകപ്രസിദ്ധീകരണവിഭാഗമായ കാഴ്ച ബുക്സ്, നാട്ടുവാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മാസപ്പത്രം പെരുംകുളം കാഴ്ച എന്നിവ ബാപ്പുജി വായനശാലയുടെ പ്രവര്‍ത്തനമികവിനെ ചൂണ്ടിക്കാട്ടുന്ന പദ്ധതികളാണ്.
കേരളത്തിന്റെ പുസ്തകഗ്രാമം
2017 ജനുവരി 1 ന് കേരളത്തിലാദ്യമായി ഒരു പൊതുസ്ഥലത്ത് – പെരുംകുളം റേഡിയോജംഗ്ഷനില് ഒരുപുസ്തകക്കൂട് സ്ഥാപിച്ച് വായനയ്ക്കായി പുതുഇടങ്ങളൊരുക്കി. ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പുസ്തകങ്ങള്‍ എടുത്തുവായിക്കാന്‍ കഴിയുന്ന ഈ സംരംഭത്തിന് പ്രചോദനമായത് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ ഫ്രീ ലൈബ്രറി ഫൗണ്ടേഷനാണ്. ഇവിടെ പുസ്തകം എടുത്തുകൊടുക്കാനോ വരിസംഖ്യ പിരിക്കാനോ ആരും ഇല്ല. ഒരു പുസ്തകം എടുക്കണമെങ്കില്‍ പകരം ഒരു പുസ്തകം വയ്ക്കണം എന്ന നിബന്ധനയുണ്ട്. ഈ പദ്ധതിയുടെ വിജയത്തെ പിന്തുടര്ന്ന് ഗ്രാമത്തിന്റെ എല്ലാ ജംഗ്ഷനുകളിലും വായനശാല പുസ്തകക്കൂടുകള്‍ സ്ഥാപിച്ചു. വായിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പുസ്തകലഭ്യത അനായാസമാക്കാനുള്ള ഈ പദ്ധതിയെ മാതൃകയാക്കി സംസ്ഥാന ഹയര്‍സെക്കന്ററി വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ,് കേരളത്തിലെ അയ്യായിരത്തോളം സ്കൂളുകളില്‍ പുസ്തകക്കൂടുകള്‍ സ്ഥാപിച്ചത് ബാപ്പുജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പ്രവര്‍ത്തനമികവുകള്‍ കണ്ടറിഞ്ഞ എം.ടി വാസുദേവന്‍ നായര്‍ 2020 ലെ വായനാദിനത്തില്‍ പെരുംകുളത്തെ പുസ്തകഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. അത് റിപ്പോര്‍ട്ട് ചെയ്ത ദൂരദര്ശന് ദേശീയ ചാനലിലെ ദൃശ്യങ്ങള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തതും വാര്‍ത്തയായി. തുടര്‍ന്ന് ഗ്രന്ഥശാലാസംഘം നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ച സംസ്ഥാനസര്‍ക്കാര്‍ കേരളത്തിലെ ആദ്യപുസ്തകഗ്രാമമായി പെരുംകുളത്തെ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കി. അതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ വര്‍ഷത്തെ വായനാദിനത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
പുതിയ കെട്ടിടം ഉണ്ടായതിനുശേഷമുള്ള അഞ്ചുവര്‍ഷം കൊണ്ട്, നാട്ടിലെ ഒരോതരിമണ്ണിനും ചര്‍ച്ച ചെയ്യാനും വിലയിരുത്താനുമുള്ള വിഭവങ്ങളാല്‍ സാമൂഹ്യപ്രതിബദ്ധതയുടെ സജീവത വിളംബരം ചെയ്യുന്നു ഈ പുസ്തകപ്പുര. ഇന്ന് സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഏത് കൊടിയ പ്രശ്നങ്ങള്‍ക്കും വായനയാണ് ഏകമരുന്ന് എന്ന ബോധ്യമാണ് ബാപ്പുജി സ്മാരക വായനശാലാ പ്രവര്‍ത്തകരെ വായനയെ തിരികെയെത്തിക്കുന്നതിനുള്ള പുതിയ പരീക്ഷണങ്ങള്‍ക്ക് നിരന്തരം പ്രേരിപ്പിക്കുന്നത്. പുസ്തകഗ്രാമപ്രഖ്യാപനത്തോടനുബന്ധിച്ചുനടത്തുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ആത്മകഥ ഗ്രാമത്തിലെ എല്ലാ വീടുകളിലും അവര്‍ എത്തിച്ചുകഴിഞ്ഞിരിക്കുന്നു. ആഴ്ചയില്‍ നാല് ബാലപ്രസിദ്ധീകരണങ്ങളെങ്കിലും വായിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഒരു പുസ്തകച്ചങ്ങലയാണ് ഇനി വരാന്‍ പോകുന്ന പുതിയ പദ്ധതി. പോസിറ്റീവ് ലൈബ്രറി, പുസ്തകച്ചിട്ടി തുടങ്ങിയ പുതുമയുള്ള പദ്ധതികള്‍ പിന്നണിയിലൊരുങ്ങുന്നുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പുതുകാലത്തിന്റെ അഭിരുചിക്കനുസരിച്ച് ഇവര്‍ നന്മവൃക്ഷങ്ങള് നട്ടുവളര്‍ത്തുന്നു; മാറാരോഗികള്‍ക്ക് സാന്ത്വനമാകുന്നു; നിര്‍ധനരായ വീടുകളിലെ മിടുക്കരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കുന്നു; ഉറങ്ങാനിടമില്ലാത്തവര്ക്കുള്ള മേല്ക്കൂരയ്ക്കുവേണ്ടി ഇവര്‍ നിരന്തരം ഉറക്കമൊഴിക്കുന്നു; നാടിനെ പുരോഗതിയിലേക്കെത്തിക്കുവാന് തടസ്സം നില്‍ക്കുന്നവരോടെല്ലാം സന്ധിയില്ലാ സമരം പ്രഖ്യാപിക്കുന്നു. അങ്ങനെ ഉള്ളില്‍ വിജ്ഞാനത്തിന്റെ തെളിച്ചവും വിനയത്തിന്റെ നനവും ഉള്ള കുരുന്നുകള്‍ ‘ബാപ്പുജിയോടൊപ്പം വരുംകാലത്തിന്റെ പ്രതിസന്ധിപര്വ്വങ്ങള് കടക്കാന്‍ നട്ടെല്ലിനുറപ്പുനേടുന്നു. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിറമില്ലാത്ത കൊടിയിലെ വാചകങ്ങള്‍ നമുക്കിങ്ങനെ വായിക്കാം.’മാതൃകകളുടെ അഭാവമാണ് നിങ്ങളെ അലട്ടുന്നതെങ്കില്‍ ആദ്യം ബാപ്പുജിയെ വായിക്കൂ..’
പ്രതികരിക്കാൻ ഇവിടെ എഴുതുക: