തിരൂര്‍ ദിനേശ്
കേരളത്തിന്റെ രണ്ട് അറ്റങ്ങളിലേക്കും വിജ്ഞാനപ്രഭ പരത്തിയതിന്റെ പ്രഭവകേന്ദ്രം കേരളാര്‍ദ്ധപുരമാണ്. പഴയ കേരളരാജ്യത്തിന്റെ അളവു പ്രകാരം കേരളാര്‍ദ്ധപുരമാണ് ഇന്നത്തെ കേരളാധീശ്വര പുരം. കേരളാര്ദ്ധപുരത്ത് ഒരു അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാണാം. ഭാരതത്തിലെ രണ്ടാമത്തെ കൈലാസം ക്ഷേത്രമായിരുന്നു ഇത്. ക്ഷേത്രഭൂമിയുടെ പേരുതന്നെ കൈലാസമെന്നാണ്. കൈലാസം ശിവ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്താണ് തകര്‍ക്കപ്പെട്ടത്. കേരളാര്ദ്ധപുരം കേരളത്തിലെ ആദ്യകാല സാംസ്കാരിക നാടായ പഴയകാല വെട്ടത്തു നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. അതായത് ഇന്നത്തെ തിരൂര്‍ താലൂക്ക് പൂര്‍ണ്ണമായും പഴയകാല വെട്ടത്തു നാടാണ്. ഗണിതം, ജ്യോതിഷം, കാവ്യം, വ്യാകരണം തുടങ്ങി സമസ്ത മേഖലയിലേയും പണ്ഡിതന്മാരുടെ ജന്മഭൂമിയും കര്‍മ്മഭൂമിയുമാണ് വെട്ടത്തു നാട്.
കേരളത്തില്‍ ജീവിച്ചിരുന്ന നാല്പ്പത്തെട്ട് പണ്ഡിതന്മാരില് മുപ്പത്തെട്ടു പേര് വെട്ടത്തു നാട്ടുകാരാണ്; അഥവാ മലപ്പുറത്തുകാരാണ്. ലോകപ്രശസ്ത ഗണിത ശാസ്ത്ര പണ്ഡിതന് കേളല്ലൂര്‍ നീലകണ്ഠസോമയാജിപ്പാട്, ഗണിത പണ്ഡിതരായ വടശ്ശേരി പരമേശ്വരന്, പറങ്ങോട്ടു നമ്പൂതിരി, ജ്യോതിഷ പണ്ഡിതരായ തലക്കുളത്തൂര്‍ ഭട്ടതിരി, തൃക്കണ്ടിയൂര്‍ അച്യുതപിഷാരടി, കൂടാതെ തിരുമംഗലത്ത് നീലകണ്ഠന് മൂസത്, വൈദ്യ വിഷയത്തില്‍ ആലത്തിയൂര്‍ നമ്പിമാര്‍, ശങ്കരാചാര്യസ്വാമികളുടെ പ്രഥമ ശിഷ്യന് പത്മപാദര്‍, തുഞ്ചത്താചാര്യന് തുടങ്ങിയവരൊക്കെ അതില്‍പെടുന്നു. പൂന്താനം, മേല്‍പ്പുത്തൂര്‍ ഭട്ടതിരി തുടങ്ങിയവരും മലപ്പുറത്തുകാര്‍ തന്നെ.
ഇവിടെ ഇത്രയും കുറിച്ചത് മലപ്പുറത്തിന്റെ അടിവേരുകിടക്കുന്നത് സനാതന ധര്‍മ്മത്തിന്റേയും ഭാരതീയ സംസ്കാരിക മൂല്യങ്ങളുടേയും ആചാര്യന്മാരിലാണെന്ന വസ്തുത വ്യക്തമാക്കാനാണ്. മേല്‍ വിവരിച്ച മഹത്തുക്കളുടെ രൂപമോ മുഖമോ ആര്‍ക്കും അറിയില്ല. അവര്‍ ഫോട്ടോഗ്രാഫിയുടെ കാലത്തിനും മുമ്പ് ജീവിച്ചിരുന്നവരാണല്ലോ. ഇവരെയെല്ലാവരേയും എക്കാലവും സ്മരിക്കാന്‍ ബാദ്ധ്യതപ്പെട്ടവരാണ് മലയാളികള്‍, പ്രത്യേകിച്ച് മലപ്പുറത്തുകാര്‍. ആദ്യകാല പണ്ഡിതരായ ഇവരില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നവരാണ് തുഞ്ചത്താചാര്യനും മേല്‍പ്പുത്തൂര്‍ ഭട്ടതിരിയും പൂന്താനവുമൊക്കെ. അവരുടെ രചനകളുടെ ആഴങ്ങളിലേക്ക് കടന്നു ചെന്നാല്‍ ഒരു ചിത്രകാരന് അല്ലെങ്കില്‍ ഒരു ശില്‍പ്പിക്ക് അവരുടെ രൂപം മനസ്സില്‍ തെളിയും. ഈശ്വര സങ്കല്‍പ്പങ്ങളുടെ ചിത്രരൂപീകരണവും അങ്ങനെത്തന്നെ. ഒരു സാധകനും ഈശ്വരാനുഗ്രഹമുള്ളവനും മാത്രമേ ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തിയുടെ അല്ലെങ്കില്‍ ആരാധിക്കുന്ന ഈശ്വരന്റെ രൂപം മനസ്സില്‍ തെളിയുകയുള്ളു. അപ്രകാരം തെളിഞ്ഞ മൂന്നു ചിത്രങ്ങളാണ് തുഞ്ചത്താചാര്യന്റേയും മേല്‍പ്പുത്തൂര്‍ ഭട്ടതിരിയുടേയും പൂന്താനത്തിന്റെയും ഛായാചിത്രങ്ങള്‍.
മലയാള ഭാഷാപിതാവും ആദ്ധ്യാത്മികാചാര്യനുമായ തുഞ്ചത്താചാര്യന്റെ ഒരു പ്രതിമ ആചാര്യന്റെ ജന്മഭൂമിയും കര്‍മ്മഭൂമിയുമായ തിരൂരില്‍ സ്ഥാപിക്കാനുള്ള മലയാളികളുടെ ആഗ്രഹത്തിന് മൂന്ന് ദശാബ്ദത്തിലേറെ പഴക്കമുണ്ട്. മലപ്പുറത്തിന്റെ പഴമയുടെ അസ്തിവാരത്തെക്കുറിച്ച് അവബോധമുള്ളവരിലാണ് ഇങ്ങനെയൊരു ചിന്തയുണ്ടായത്. എന്നാല്‍ ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ കഴിയാത്ത അതേ സാഹചര്യം മലപ്പുറം ജില്ലയിലുണ്ടായി. മുസ്ലീംസമുദായത്തില്‍ പ്രതിമകള്‍ നിഷിദ്ധമാണ്. മലപ്പുറം ഒരു മുസ്ലീം ഭൂരിപക്ഷ ജില്ലയാണ്. ഇവിടെ പ്രതിമകള്‍ സ്ഥാപിക്കുന്നത് ഭൂരിപക്ഷ വിഭാഗത്തിന് എതിരെയുള്ള വികാരമാണ്. അതു കൊണ്ട് പൊതുസ്ഥലങ്ങളില്‍ ഒരിടത്തും ശില്പ്പങ്ങള് സ്ഥാപിക്കാന്‍ ഒരിക്കലും അനുവദിക്കില്ല. ഇത് അലിഖിതമായ ഒരു തീരുമാനമാണ്. ഭരണകൂടത്തെ വരെ കണ്ണുരുട്ടി ഭയപ്പെടുത്താന്‍ തക്കവിധം വളര്‍ന്നതിനാല്‍ ഈ അലിഖിത തീരുമാനത്തെ നടപ്പിലാക്കാന്‍ അവര്‍ക്ക് അനായാസം സാധിച്ചിട്ടുമുണ്ട്.
മലപ്പുറം ജില്ലയില്‍ പൊതു സ്ഥലത്ത് തകരാതെ നിലനില്‍ക്കുന്ന ഒരേയൊരു ശില്‍പ്പം തിരുന്നാവായയിലെ ഗാന്ധി പ്രതിമയാണ്. ഗാന്ധിജിയുടെ പ്രതിമ ആയതു കൊണ്ടാവാം ദീര്‍ഘായുസ്സോടെ അത് തകരാതെ സ്ഥിതി ചെയ്യുന്നത്. മറ്റൊരു പ്രതിമയുള്ളത് കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ മ്യൂസിയത്തിനു മുന്നില്‍ പി.എസ്.വാര്യരുടേതാണ്. സ്വകാര്യ സ്ഥലത്തായതിനാല്‍ മാത്രമാണ് വാര്യരുടെ പ്രതിമ അവിടെ നിലനില്‍ക്കുന്നത്. അതേ കോട്ടക്കലില്ത്തന്നെ രാജാസ് ഹൈസ്കൂളില്‍ സ്ഥാപിച്ച ഒ.വി. വിജയന്റെ ശില്‍പ്പം അത് സ്ഥാപിച്ച സിമന്റ് ഉണങ്ങും മുമ്പ് അടിച്ചു തകര്‍ത്തു. തിരൂര്‍ താഴേപ്പാലത്ത് ബൈപ്പാസ് റോഡ് ജംങ്ങ്ഷനില്‍ സ്ഥാപിച്ച ആനയുടെ ശില്‍പ്പം അടിച്ചു തകര്‍ത്തതും പ്രതിമാവിരോധികള് തന്നെയായിരുന്നു. കേരളത്തില്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ അലിഖിത വിലക്കുള്ള ഏക ജില്ലയാണ് മലപ്പുറം.
ചിലമുസ്ലീം സംഘടനകളും മുസ്ലീം ആഭിമുഖ്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുമാണ് പ്രതിമാ വിരോധത്തിന് താങ്ങും തണലുമായി പരോക്ഷമായി പിന്തുണ നല്‍കുന്നത്.
അനിസ്ലാമികമാണെന്നു പറഞ്ഞ് കാശ്മീരില്‍ മുസ്ലീം തീവ്രവാദികള്‍ സിനിമാ തിയേറ്ററുകള്‍ തീ കൊടുത്ത് നശിപ്പിച്ചതിന് സമാനമാണ് മലപ്പുറത്തെയും സാഹചര്യം. മലപ്പുറം ജില്ലയില്‍ പതിനെട്ടോളം സിനിമാ തിയേറ്ററുകള്‍ ഇത്തരത്തില്‍ തീവെച്ച് നശിപ്പിച്ചതും മലപ്പുറത്തെ പ്രതിമാ വിരോധത്തിന് അനുബന്ധമായി ഓര്‍ക്കേണ്ടതുണ്ട്.
തുഞ്ചത്താചാര്യന്റെ ശില്‍പ്പം സ്ഥാപിക്കാന്‍ കഴിയാതെ ശില്പ്പിയുടെ വീട്ടില്‍ ഒരുവ്യാഴവട്ടക്കാലമേറെ ചാക്കില്‍ പൊതിഞ്ഞു കെട്ടി സൂക്ഷിക്കേണ്ടി വന്ന ദുരവസ്ഥ കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. രാജന് അരിയല്ലൂര്‍ എന്ന ശില്‍പ്പി തുഞ്ചത്താചാര്യനെ ശിലയിലേക്ക് പകര്‍ത്തുമ്പോള്‍ അത് സ്ഥാപിക്കാന്‍ വിലക്കു വരാനിരിക്കുന്ന കാര്യം സ്വപ്നേപി വിചാരിച്ചിട്ടുണ്ടാവില്ല.
തിരൂര്‍ സിറ്റി ജങ്ഷനില്‍ മുമ്പുണ്ടായിരുന്ന ട്രാഫിക് ഐലന്റ് പഴകി ദ്രവിച്ച് നോക്കുകുത്തിയായി കിടക്കുകയായിരുന്നു. അത് മാറ്റി പകരം ഒരു പ്രതിമ നിര്‍മ്മിക്കാന്‍ നഗരസഭ തീരുമാനിച്ചു. മുസ്ലീം ലീഗ് ഭരണസമിതിയാണ് അക്കാലത്ത് നഗരസഭ ഭരിച്ചിരുന്നത്. ടി. കുഞ്ഞി
ബീവി ചെയര്‍പേഴ്സണുമായിരുന്നു. മലയാള മനോരമ അവരുടെ ചെലവില്‍ പ്രതിമ നിര്‍മ്മിച്ചു നല്കാന് തയ്യാറാവുകയും നഗരസഭ അത് അംഗീകരിക്കുകയും ചെയ്തു. പ്രതിമ എന്താണെന്ന് നഗരസഭയ്ക്ക് അറിയില്ലായിരുന്നു. മലയാള മനോരമയാണെങ്കില്‍ തിരൂരില്‍ ഉചിതമായ ശില്‍പ്പം തുഞ്ചത്താചാര്യന്റെതാണെന്നു തീരുമാനിച്ച് അത് നിര്‍മ്മിക്കാന്‍ രാജന് അരിയല്ലൂരിനെ ചുമതലപ്പെടുത്തി. അദ്ദേഹം ശില്‍പ്പ നിര്‍മ്മാണം തുടങ്ങുകയും ചെയ്തു.
വൃത്താകാരത്തില്‍ ഒരു വലിയ തറയും അതിനു മീതെ സോപാന മാതൃകയില്‍ നാല് വശങ്ങളില് മറ്റൊരു തറയും നിര്‍മ്മിച്ച് അതിനു മീതെ താളിയോലയില്‍ എഴുതിക്കൊണ്ടിരിക്കുന്ന തുഞ്ചത്താചാര്യന്റെ ശില്‍പ്പവും സ്ഥാപിക്കുകയായിരുന്നു മലയാള മനോരമയുടെ ലക്ഷ്യം. ഓലകൊണ്ടു മറച്ച് അതിനകത്തായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം. ഇതിനിടയ്ക്ക് ആരൊക്കയോ ഓല പൊക്കി നോക്കി. അവര്‍ക്ക് സോപാനം കണ്ട് കലിയിളകി. സോപാനം ക്ഷേത്രങ്ങളിലാണ് ഉണ്ടാവുക. തുഞ്ചത്താചാര്യന്റെ ശില്‍പ്പമാണ് അവിടെ സ്ഥാപിക്കാന്‍ പോകുന്നത് എന്നറിഞ്ഞതോടെ പ്രതിമാവിരോധം ഉള്ളില്‍ കൊണ്ടു നടക്കുന്നവരുടെ ക്ഷോഭം പെരുത്തു. തുഞ്ചത്താചാര്യന്റെ ശില്‍പ്പം അവിടെ സ്ഥാപിച്ചാല്‍ വിളക്കുവെപ്പും പൂജയും തുടങ്ങുമെന്നായിരുന്നു അവരുടെ ആക്ഷേപം. അങ്ങനെ, തുഞ്ചത്താചാര്യന്റെ പ്രതിമ സിറ്റി ജങ്ഷനില്‍ സ്ഥാപിക്കുന്നതില്‍ നഗരസഭ മലയാളമനോരമയെ വിലക്കി. അവര്‍ വിവാദങ്ങള്‍ക്കൊന്നും പോകാതെ മഷിക്കുപ്പിയും തൂവലും ശില്പ്പമാക്കി വെച്ച് തടിയൂരി. തുഞ്ചത്താചാര്യന്റെ പ്രതിമ പതിനഞ്ച് വര്‍ഷത്തോളം ശില്പ്പിയുടെ വീട്ടില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കിടന്നു. ഒടുവില്‍ വള്ളിക്കുന്നിലെ ഒരു സ്കൂളിലാണ് ശില്‍പ്പം സ്ഥാപിച്ച് രാജന് അരിയല്ലൂര്‍ വ്യഥ നീക്കിയത്.
തുഞ്ചത്താചാര്യന്റെ ശില്‍പ്പം സ്ഥാപിക്കരുതെന്നു തീരുമാനിക്കാന്‍ കാരണമായി പറഞ്ഞത് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തുഞ്ചത്താചാര്യന്റെ മുഖം ആരും കണ്ടിട്ടില്ല എന്നതാണ്. ശില്‍പ്പി നിര്‍മ്മിച്ചത് ആചാര്യന്റെ ശില്പ്പമാണെന്ന് തീരുമാനിക്കാനാവില്ലെന്നാണ് പിന്നീടു നഗരസഭ വിശദീകരിച്ചത്.
പ്രതിമാ വിരോധം തന്നെയാണ് ശില്‍പ്പം സ്ഥാപിക്കാന്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നിലെന്ന കാര്യം പകല്‍ പോലെ പരമാര്‍ത്ഥമാണ്. പിന്നീട് രണ്ടു തവണ ഭരണത്തില്‍ വന്ന ഇടതുപക്ഷവും തിരൂരില്‍ തുഞ്ചത്താചാര്യന്റെ ശില്‍പ്പം സ്ഥാപിക്കുന്നതിനോട് യോജിച്ചില്ല. തിരൂര്‍ നഗരത്തില്‍ തുഞ്ചത്താചാര്യന്റെ ശില്‍പ്പം സ്ഥാപിക്കാന്‍ കൗണ്‍സില്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ട് ഈ ലേഖകന്‍ നല്കിയ ഹരജി കൗണ്‍സില്‍ യോഗത്തില്‍ എത്തിയില്ലെന്നു മാത്രമല്ല പ്രസ്തുത ഹരജി വെളിച്ചം കാണാതെ നഗരസഭയുടെ മാലിന്യവണ്ടിയില്‍ സ്ഥാനം പിടിച്ചു.
പ്രതിമാ വിരോധത്തിന്റെ തീക്ഷ്ണതയില്‍ നടുങ്ങിനില്‍ക്കുകയാണ് തിരൂര്‍ തുഞ്ചന്‍ പറമ്പും. എം.ടി.വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള തുഞ്ചന്‍ സ്മാരക ട്രസ്റ്റ് എന്ന കമ്മ്യൂണിസ്റ്റ് ട്രസ്റ്റും തുഞ്ചന്‍ പറമ്പില്‍ തുഞ്ചത്താചാര്യന്റെ പ്രതിമ സ്ഥാപിക്കേണ്ടതില്ലെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട്. മുസ്ലീം വോട്ടുബാങ്ക് ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പ്രതിമാ വിരോധികളുടേയും താല്‍പ്പര്യമാണ് ഈ തീരുമാനത്തിനു പിന്നിലുള്ളത്. മുസ്ലീം ലീഗ് ഭരണസമിതി എടുത്ത അതേ നിലപാടു തന്നെയാണ് കമ്മ്യൂണിസ്റ്റ് ട്രസ്റ്റ് തുഞ്ചന്‍ പറമ്പിലും കൈക്കൊണ്ടത്. തുഞ്ചത്താചാര്യന്റെ രൂപം ആരും കണ്ടിട്ടില്ലാത്തതിനാല്‍ പ്രതിമ സ്ഥാപിക്കേണ്ടെന്നാണ് ഇവരുടേയും തീരുമാനം. ഈ തീരുമാനത്തില്‍ പ്രതികരിക്കാന്‍ കേരളത്തിലെ ഒരു എഴുത്തുകാരനും നട്ടെല്ലുണ്ടായില്ല. എന്തിനേറെപ്പറയുന്നു, തുഞ്ചത്താചാര്യന്റെ പിന്മുറക്കാരനാണ് താനെന്ന് ‘അവകാശ’ പ്പെടുന്ന തിരൂര്‍ക്കാരനായ എഴുത്തുകാരന് പോലും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ തീരുമാനം കണ്ടില്ലെന്നു നടിച്ചു.
യഥാര്‍ത്ഥത്തില്‍ എം.ടി.വാസുദേവന്‍ നായരും ട്രസ്റ്റംഗങ്ങളും മലയാളികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അത് ബോധപൂര്‍വ്വമാണെന്ന് വിശ്വസിക്കപ്പെട്ടു വരുന്നുമുണ്ട്.
തുഞ്ചത്താചാര്യന്റെ ചിത്രം ആദ്യം വരച്ചത് ബക്കര്‍ എന്നു പേരുള്ള താനൂരിലെ ഒരു മുസ്ലീം ചിത്രകാരനാണ്. താനൂരിലെ തന്നെ ഒരു മനയിലെ നമ്പൂതിരിയാണ് തുഞ്ചത്താചാര്യന്റെ ഒരു അപൂര്‍ണ്ണ സ്കെച്ചുണ്ടാക്കിയത്. അദ്ദേഹം ഇതുമായി ബക്കറിനെ സമീപിച്ച് ചിത്രത്തിന് പൂര്‍ണ്ണത വരുത്തണമെന്ന് അപേക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ബക്കറാണ് തുഞ്ചത്താചാര്യന്റെ ഒരു കളര്‍ ചിത്രം തയ്യാറാക്കിയത്. 1975ലാണ് ഈ ചിത്രം തയ്യാറാക്കിയത്. അക്കാലത്ത് തുഞ്ചന്‍ പറമ്പിന്റെ ഭരണം നടത്തിയിരുന്നത് തുഞ്ചന്‍ സ്മാരക മാനേജ്മെന്റ് കമ്മിറ്റിയാണ്. ബക്കര്‍ താന്‍ വരച്ച ചിത്രം തുഞ്ചന്‍ സ്മാരക മാനേജ്മെന്റ് കമ്മിറ്റിക്ക് സമര്‍പ്പിച്ചു. കമ്മിറ്റിക്ക് ലഭിച്ച അപൂര്‍വ്വ ചിത്രം തുഞ്ചന്‍ സ്മാരക മാനേജ്മെന്റ് കമ്മിറ്റി തുഞ്ചത്താചാര്യന്റെ ചിത്രമായി അംഗീകരിക്കുകയും ഭാഷാപിതാവിന്റെ ചിത്രം മലയാളികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുഞ്ചന്‍ പറമ്പില്‍ നിന്നും ആചാര്യന്റെ ചിത്രം ആശംസാ കാര്‍ഡ് രൂപത്തില്‍ പതിനായിരക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് തുഞ്ചന്‍ സ്മാരക മാനേജ്മെന്റ് കമ്മിറ്റി വില്‍പ്പന നടത്തിയിട്ടുമുണ്ട്.
അതിനു ശേഷം പല ചിത്രകാരന്മാരും തുഞ്ചത്താചാര്യന്റെ ചിത്രം വരച്ചു. എല്ലാ മുഖത്തിനും ഒരേ സാമ്യമാണ്. മലയാളികളുടെ മനസ്സില്‍ ഇപ്പോള്‍ തുഞ്ചത്താചാര്യന്റെ വ്യക്തമായ ഒരു ചിത്രം പതിഞ്ഞു കഴിഞ്ഞു. ഇനി മറ്റൊരു ചിത്രം ആരു വരച്ചാലും മുഖ സാമ്യതയില്ലെങ്കില്‍ ആ ചിത്രം മലയാളികള്‍ അംഗീകരിക്കില്ല. തുഞ്ചന്‍ സ്മാരക മാനേജ്മെന്റ് കമ്മിറ്റിയുടെ എംബ്ലം നിലവിളക്കും താളിയോലയും എഴുത്താണിയുമായിരുന്നു. ഈ വക കാര്യങ്ങളെല്ലാം എം.ടി.വാസുദേവന്‍ നായര്‍ക്കും സംഘത്തിനും വ്യക്തമായി അറിവുള്ളതാണ്.
പ്രതിമാ വിരോധം പോലെയാണ് നിലവിളക്കു വിരോധവും. നിലവിളക്കും എഴുത്തോലയും നാരായവുമൊക്കെ ഹിന്ദു സിംബലായിട്ടാണ് കരുതിപ്പോരുന്നത്. എംടി യുടെ നേതൃത്വത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് ട്രസ്റ്റ് ആദ്യം ചെയ്തത് തുഞ്ചന്‍ കമ്മിറ്റി അംഗീകരിച്ച സിംബല്‍ നീക്കുകയായിരുന്നു. എം.ടി.വാസുദേവന്‍ നായര്‍ തുഞ്ചന്‍ പറമ്പിലേക്ക് കടന്ന് നടത്തിയ രണ്ടാമത്തെ സംഭവം ബക്കര്‍ താനൂര്‍ വരച്ച് മലയാളികളുടെ മനസ്സില്‍ പ്രതിഷ്ഠ നേടിയ തുഞ്ചത്താചാര്യന്റെ ചിത്രം തുഞ്ചന്‍ മഠത്തിന്റെ പടിക്ക് പുറത്താക്കിയതായിരുന്നു. അതിനു പകരം ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ഒരു മുഖചിത്രം തുഞ്ചത്താചാര്യന്റേതാണെന്ന് അംഗീകരിക്കുകയും ചെയ്തു. എന്നാലിത് മലയാളികള്‍ അംഗീകരിച്ചിട്ടുമില്ല. കാരണം അവരുടെ ഉള്ളില്‍ ദശകങ്ങളായി തുഞ്ചത്താചാര്യന്റെ രൂപമുണ്ട്. അത് ബക്കറിന്റെ മനസ്സില്‍ തെളിഞ്ഞ് ക്യാന്‍വാസില്‍ പതിഞ്ഞ ചിത്രമാണ്.
തുഞ്ചന്‍ പറമ്പിലെ സാഹിത്യ മ്യൂസിയത്തില്‍ മൂന്ന് മഹത്തുക്കളുടെ ഛായാചിത്രങ്ങളുണ്ട്. മേല്‍പ്പുത്തൂര്‍ ഭട്ടതിരിയുടേയും പൂന്താനത്തിന്റെയും ബക്കര്‍ വരച്ച തുഞ്ചത്താചാര്യന്റെയും. ഇത്രയൊക്കെയുണ്ടായിട്ടും തുഞ്ചത്താചാര്യന്റെ ചിത്രം ആരും കണ്ടിട്ടില്ലെന്നാണ് ന്യായം. തുഞ്ചന്‍ പറമ്പില്‍ ആചാര്യന്റെ പ്രതിമ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അതിന് ഏത് തലതൊട്ടപ്പന് വിചാരിച്ചാലും എം.ടി.യും പാര്‍ട്ടിയും കുലുങ്ങില്ല. ഈ അനങ്ങാപ്പാറ നയം പ്രതിമാ വിരോധികളുടെ കയ്യടിയും പാര്‍ട്ടിക്ക് മുസ്ലീം സമുദായത്തിന്റെ വോട്ടും കിട്ടാനല്ലെങ്കില്‍ മറ്റെന്താണ്? .
തുഞ്ചത്താചാര്യന്റെ പ്രതിമ സ്ഥാപിക്കുന്നതിന് മലപ്പുറം ജില്ലയില്‍ മാത്രമാണ് അലിഖിത വിലക്കുള്ളത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലുള്ള തുഞ്ചന്‍ ഗ്രാമത്തിലും പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുള്ള തുഞ്ചന്‍ ഗുരുകുലത്തിലും തുഞ്ചത്താചാര്യന്റെ ശില്പ്പങ്ങള് സ്ഥാപിച്ചിട്ടുണ്ട്. ശങ്കരാചാര്യര്‍ക്കു ശേഷം കേരളത്തില്‍ അവതരിച്ച ആചാര്യനായ തുഞ്ചത്താചാര്യന് പ്രതിമ സ്ഥാപിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരും അതിനെ എതിര്‍ക്കുന്നവരും യഥാര്‍ത്ഥത്തില്‍ മലയാളികളേയും മലയാളത്തേയും അപമാനിക്കുകയും അപരിഷ്കൃത കാലഘട്ടത്തിലേക്ക് ചവിട്ടി താഴ്ത്തുകയുമാണ് ചെയ്യുന്നത്. ആചാര്യന്റെ പ്രതിമ സ്ഥാപിച്ചാല്‍ വിളക്കു വെച്ച് തൊഴുമെന്നാണ് പ്രതിമാ വിരോധത്തിന് ആധാരം. മോക്ഷത്തിന് ഭക്തി സിദ്ധൗഷധമെന്ന് മലയാളികളെ ഉദ്ഘോഷിച്ചതുഞ്ചത്താചാര്യന് പ്രതിമ വേണമെന്ന് ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്? .അക്ഷര ഗുരുവിന്റെ മുന്നില്‍ ഒരു വിളക്കുവെച്ച് നമ്രശിരസ്കരാവുന്നതില് എവിടെയാണ് വര്‍ഗ്ഗീയത ദര്‍ശിക്കാനാവുക?. ആചാര്യന്റെ പ്രതിമയ്ക്ക് മുന്നില്‍ ശിരസ്സു കുനിക്കുകയാണെങ്കില്ത്തന്നെ അത് മാതൃഭാഷയെ വന്ദിക്കുകയാണെന്ന ആന്തരാര്‍ത്ഥം മനസ്സിലാക്കാന്‍ പോലും വിശേഷബുദ്ധി ഇല്ലാത്തവരായി പോയല്ലോശില്പ്പ വിരോധികള്‍ !.
മലപ്പുറം ജില്ലയിലെ പ്രതിമാ വിരോധത്തിനു പിന്നില്‍ മതവികാരം തന്നെയാണെന്ന് വിശ്വസിക്കേണ്ടതുണ്ട്. തുഞ്ചത്താചാര്യന് ജീവിത സായാഹ്നത്തില്‍ സന്യാസം സ്വീകരിച്ച് ആനന്ദപദം ചേര്‍ത്ത് രാമാനന്ദ സ്വാമികള്‍ എന്ന പേരിലാണ് ജീവിച്ചിരുന്നത്. ഇനി അതായിരിക്കുമോ തുഞ്ചത്താചാര്യന്റെ പ്രതിമയോടുള്ള വിരോധമെന്നും അറിയില്ല.
തുഞ്ചത്താചാര്യന്റെ പേരില്‍ തിരൂരില്‍ രണ്ട് സര്‍വ്വകലാശാലകളുണ്ട്. അതിലൊന്ന് തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ്കോളേജും മറ്റൊന്ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുമാണ്. ഇവിടേയും തുഞ്ചത്താചാര്യന്റെ പ്രതിമ സ്ഥാപിക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയാണുള്ളത്. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠപദവി ലബ്ധി വന്നിട്ടും ആചാര്യന്റെ ജന്മഭൂമിയില് അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് വിരോധം കല്‍പ്പിച്ചിരിക്കുന്നു.
സാക്ഷര കേരളമെന്നു ഖ്യാതി നേടിയ കേരളത്തില്‍, വിശേഷിച്ച് കേരളത്തിന്റെ ആദ്യകാല സാംസ്കാരിക ഭൂമിയില്‍ ഗുരുപരമ്പരകളെ സ്മരിക്കാന്‍ ഒരു പ്രതിമ പോലും വെക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയില്‍ മലയാളികള്‍ ലജ്ജിച്ച് തല താഴ്ത്തുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: