കാബൂള്‍ : ഹമീദ് കര്‍സായി വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധ സംഘം കാബൂളില്‍ എത്തിയതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിച്ചേക്കുമെന്നും സൂചനയുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നെതര്‍ലാന്‍ഡ് വിദേശ കാര്യ മന്ത്രാലയവുമായി താലിബാന് നേതാക്കള്‍ ദോഹയില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാനിസ്ഥാന് ഭരണം താലിബാന് കയ്യേറിയതിന് ശേഷം യൂറോപ്യന്‍ യൂണിയനുമായി നടത്തിയ താലിബാന്റെ ആദ്യ യോഗമായിരുന്നു അത്.
നിലവില്‍ താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഖത്തറില്‍ നിന്നുള്ള സംഘം അഫ്ഗാനില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിലെ ഒഴിപ്പിക്കലുകള്‍ക്ക് സഹായം ഉറപ്പാക്കാനും സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കാനും, കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കാനുമാണ് താലിബാന്റെ ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ വിമാനത്താവളത്തെ തകര്‍ത്തുവെന്ന് മുതിര്‍ന്ന താലിബാന് നേതാവ് അനസ് ഹഖാനി അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ച് വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്നും അനസ് ഹഖാനി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിച്ചതിന് പിന്നാലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി താലിബാന് നേതൃത്വം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ പഴയപടി പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ദോഹയില്‍ വെച്ചാണ് താലിബാന് സംഘം വിവിധ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: