മലപ്പുറം: ”സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ നല്‍കണം, പക്ഷേ സ്ത്രീകളുടെ വാക്ക് മാത്രം കണക്കിലെടുത്ത് ആരെയും കേസില്‍ പ്രതിയാക്കരുത്,” മലപ്പുറം തെന്നല സ്വദേശി ശ്രീനാഥിന് സങ്കടം കൊണ്ട് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍, പോക്സോ കേസില്‍ അറസ്റ്റിലാകുകയും ഡിഎന്‍എ ടെസ്റ്റില്‍ ആരോപണം ശരിയല്ലെന്ന് കണ്ടെത്തി ജാമ്യം ലഭിക്കുകയും ചെയ്ത കൗമാരക്കാരന് ഇപ്പോഴും ഞെട്ടലില്‍ നിന്ന് മോചിതനായിട്ടില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കുറ്റം ചുമത്തിയാണ് ശ്രീനാഥിനെ (18) കല്പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 22ന് അര്‍ധരാത്രി പോലീസ് വീട്ടില്‍ കയറി വന്ന രംഗം ശ്രീനാഥിന്റെ അമ്മയ്ക്ക് ഇപ്പോഴും മറക്കാന്‍ കഴിയുന്നില്ല. ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്ന ശ്രീനാഥിനെ അസഭ്യവര്‍ഷത്തോടെയാണ് പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയത്. അറസ്റ്റിന് പിന്നാലെ ശ്രീനാഥ് റിമാന്‍ഡിലായി. 35 ദിവസം വിവിധ സബ് ജയിലുകളില്‍ കഴിഞ്ഞു. ഒടുവില്‍ ഡിഎന്‍എ ടെസ്റ്റില്‍ ശ്രീനാഥല്ല പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ ദിവസം മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചു.
പതിനാറുകാരി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് വിവാദ പോക്സോ കേസിന്റെ തുടക്കം. കേസില്‍ ശ്രീനാഥിനെതിരേയാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. മൊഴിയില്‍ കല്പകഞ്ചേരി പോലീസ് ശ്രീനാഥിനെ അറസ്റ്റ് ചെയ്തു. ശ്രീനാഥിന്റെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നായിരുന്നു മൊഴി. അതിനാല്‍ കേസ് പിന്നീട് തിരൂരങ്ങാടി പോലീസിന് കൈമാറി.
പോലീസ് വീട്ടില്‍ വന്ന നിമിഷം മുതല്‍ ഇപ്പോഴും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വ്യാജമായി കുടുക്കിയതാണെന്നും ശ്രീനാഥ് തറപ്പിച്ചു പറയുന്നു. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ പരിചയമുണ്ടെന്നും, പക്ഷേ അടുപ്പമൊന്നുമില്ലെന്നും ശ്രീനാഥ് തുടക്കം മുതല്‍ ആവര്‍ത്തിച്ചിരുന്നു. ഇതാണ് ഡിഎന്‍എ ടെസ്റ്റിലേക്കും തുടര്‍ന്ന് മറ്റ് ഉപാധികളൊന്നുമില്ലാതെ ജാമ്യം ലഭിക്കുന്നതിലേക്കും വഴി തെളിച്ചത്.
തെറ്റ് ചെയ്തെങ്കില്‍ മാത്രമേ പേടിക്കേണ്ടതുള്ളൂ, ചെയ്യാത്ത കുറ്റത്തിന് പേടിയില്ല എന്നാണ് ജാമ്യം ലഭിച്ചശേഷം ശ്രീനാഥ് പ്രതികരിച്ചത്. ഒരു പക്ഷേ, ഈ കേസില്‍ ശ്രീനാഥിനെ കോടതി കുറ്റവിമുക്തനാക്കുകയാണെങ്കില്‍ അയാള്‍ ജയിലില്‍ കഴിഞ്ഞ 35 ദിവസത്തിന് ആരാണ് ഉത്തരവാദിയെന്ന നിയമപ്രശ്നമുയരും. ഈ പ്ലസ്ടു വിദ്യാര്‍ഥിയും കുടുംബവും അനുഭവിച്ച ദുഃഖത്തിനും അപമാനത്തിനും എന്താണ് പരിഹാരമെന്ന ചോദ്യവുമുണ്ട്.
കേസില്‍ എങ്ങനെ ഉള്‍പ്പെട്ടുവെന്ന് ശ്രീനാഥിനോ അച്ഛനമ്മമാര്‍ക്കോ ഇതുവരെ അറിയില്ല. ഇരയായ പെണ്‍കുട്ടി ശ്രീനാഥിന്റെ പേര് പറഞ്ഞതെന്നതില്‍ വ്യക്തതയില്ല. യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ മൊഴിയെന്നും സംശയിക്കുന്നു. ശ്രീനാഥിന്റെയും അഭിഭാഷകന്റെയും അഭ്യര്‍ഥന പരിഗണിച്ചാണ് കോടതി ഡിഎന്‍എ ടെസ്റ്റിന് അനുമതി നല്‍കിയത്.
കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശ്രീനാഥ് ബന്ധുവീട്ടിലാണ്. 35 ദിവസം നീണ്ട ജയില്‍വാസം ഏറെ അസ്വസ്ഥനാക്കിയെന്ന് ബന്ധുക്കള്‍ പറയുന്നു. തത്കാലം ബഹളങ്ങളില്‍നിന്നെല്ലാം മാറ്റി നിര്‍ത്തുന്നതാണ് നല്ലത്. കള്ളക്കേസിനെതിരേ നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
കേസില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ നടപടിയിലേക്ക് കടന്ന പോലീസും ഇതോടെ പ്രതിക്കൂട്ടിലാണ്. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ശ്രീനാഥിനെ ഒഴിവാക്കിയിട്ടില്ല. ജാമ്യം മാത്രമാണ് ലഭിച്ചത്. ശ്രീനാഥിനെതിരെയുള്ള പരാതിയും കേസുമെല്ലാമുണ്ട്. പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്കിയ മൊഴിയും ഡോക്ടര്‍ക്ക് നല്കിയ മൊഴിയും ഇപ്പോഴുമുണ്ടെന്നും തിരൂരങ്ങാടി എസ്എച്ച്ഒ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: