കാബൂള്‍: താലിബാന് വിരുദ്ധപ്പോരാട്ടത്തില്‍ അഫ്ഗാന് പോരാളികള്‍ക്ക് വീര്യം പകരാന്‍ അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേയും അഹമ്മദ് മസൂദും എത്തി. താലിബാനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുകയാണ് ഇപ്പോള്‍ പഞ്ച്ശീര്‍ താഴ് വരയിലെ പോരാളികള്‍. താലിബാന് തീവ്രവാദികള്‍ കൂട്ടത്തോടെ പഞ്ച് ശീര് താഴ് വരയെ വളഞ്ഞെങ്കിലും വിട്ടുകൊടുക്കാതെ പൊരുതുകയാണ് വടക്കന്‍ മുന്നണി എന്നറിയപ്പെടുന്ന താലിബാന് വിരുദ്ധസേന.
കാപിസ, പര്‍വന്‍, മറ്റ് പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവപോരാളികള്‍ കൂടുതലായി വടക്കന്‍ മുന്നണിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ പുതുയുവാക്കള്ക്ക് പഞ്ച്ശീറിലെ സരിച മേഖലയിലെ അഫ്ഗാന് കമാന്‍ഡര്‍മാരാണ് പരിശീലനം നല്‍കുന്നത്. ഇതിനിടെയാണ് പഞ്ച് ശീര് താഴ് വരയില്‍ അംറുള്ള സാലേയും അഹമ്മദ് മസൂദും പ്രത്യക്ഷപ്പെട്ടത്. താലിബാന് വിരുദ്ധപ്പോരാട്ടത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഇരുനേതാക്കളും പര്‍വ്വതങ്ങള്‍ കയറിയിറങ്ങി യുവപോരാളികളുടെ അടുത്തെത്തുന്നത് വീഡിയോയില്‍ കാണാം. ഇരുവരുടെയും സാന്നിധ്യം പുതുതായി സേനയില്‍ ചേര്‍ന്ന യുവാക്കള്‍ക്ക് ഹരം പകരുന്നത് വീഡിയോയില്‍ കാണാം.
പഞ്ച് ശീര് താഴ് വരയില്‍ സാലേ എത്തിച്ചേര്‍ന്നത് പോരാളികളുടെ മനോവീര്യം ഉണര്‍ത്തുക തന്നെ ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ച് ശീര് താഴ് വര വളരെ ദുര്‍ഘടം പിടിച്ച ഭൂപ്രദേശമായതിനാല്‍ കീഴടക്കുക എളുപ്പമല്ലെന്ന് ഇന്ത്യയുടെ മേജര്‍ ജനറലായി വിരമിച്ച എസ്പി സിങ് പറയുന്നു.
1990ല്‍ താലിബാന് ഈ പ്രദേശം കീഴടക്കാനായില്ല. ഉയരം കൂടിയ പര്‍വ്വതങ്ങളാല്‍ മൂന്ന് ഭാഗങ്ങളിലും ചുറ്റപ്പെട്ടതാണ് പഞ്ച് ശീര് പ്രദേശം. സോവിയറ്റ് റഷ്യയുടെ പട്ടാളക്കാര്‍ക്ക് പോലും അന്ന് പഞ്ച് ശീര് കീഴടക്കാനായില്ല. അതിലേക്ക് കയറാന്‍ ഇടുങ്ങിയ ഒരു വഴി മാത്രമാണുള്ളത്. താലിബാന് ഇക്കുറി അഫ്ഗാനിസ്ഥാനിലെ 33 പ്രവിശ്യകളും കീഴടക്കിയപ്പോള്‍, പഞ്ച്ശീര്‍ താഴ് വര മാത്രമാണ് കീഴടങ്ങാതെ പിടിച്ചുനില്‍ക്കുന്നത്.
ഇക്കുറിയും താലിബാന് ഇവിടേക്ക് കയറാനായിട്ടില്ല. കാപിസന് പ്രവിശ്യയിലെ സഞ്ജന്‍ മേഖലയിലൂടെ താലിബാന് തീവ്രവാദികള്‍ കടന്നുകയറാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. താലിബാന് വിരുദ്ധമുന്നണി വീറോടെ ഇതിനെ ചെറുത്തു. ഈ ഏറ്റുമുട്ടലില്‍ നിരവധി താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: