പല കല്ലുകളെക്കുറിച്ചും നമ്മള് കേട്ടിട്ടുണ്ട്. കരിങ്കല്ല്, ചെങ്കല്ല്, മുള്ളന്‍ കല്ല്, വെള്ളാരന്‍ കല്ല്, മാണിക്യക്കല്ല്. കൂടാതെ അമ്മിക്കല്ല്, അരകല്ല്, അലക്കു കല്ല്, ആട്ടുകല്ല്, സര്‍വ്വേകല്ല്. ആനക്കല്ല്, കുട കല്ല് എന്ന സ്ഥലപേരു കൂടാതെ പെരുമ്പാവൂരില്‍ മേതലയില്‍ കല്ലില്‍ ക്ഷേത്രവുമുണ്ട്. കല്ലുവച്ച നുണ പറയുന്ന തലേക്കല്ലന്മാരും നമ്മുടെ നാട്ടില്‍ ഉണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമാണ് പേരുകൊണ്ട് കൗതുകമുണര്‍ത്തുന്ന നസീര്‍ക്കല്ലും ഷീലക്കല്ലും. പ്രശസ്ത സിനിമാനടനായിരുന്ന പ്രേംനസീര്‍, നടി ഷീലാമ്മ എന്നിവരുടെ പേര് എങ്ങനെ ഈ കല്ലിനു കിട്ടി എന്നുള്ളതാണ് ഇവിടെ പറയുന്ന കഥ.
1976-77 ആയിരിക്കണം വേങ്ങൂര്‍ പഞ്ചായത്തില്‍ പെരിയാര്‍ തീരത്തോട് ചേര്‍ന്നു കിടക്കുന്ന പാണംകുഴി എന്ന സ്ഥലത്ത് ആനപ്പാച്ചന് എന്ന മലയാള സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. വേങ്ങൂര്‍ പഞ്ചായത്തിന്റെ നാനാഭാഗത്തു നിന്നും ഷൂട്ടിങ് കാണാന്‍ ജനങ്ങള്‍ പാണംകുഴി പെരിയാര്‍ തീരത്തേക്ക് ഒഴുകി എത്തി. കാരണം തങ്ങളുടെ പ്രിയപ്പെട്ടവരായ നടന് നസീര്‍, ഷീല, അടൂര്‍ ഭാസി, ജയന്, ജോസ് എന്നിവരാണ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. നസീറിനെയും ഷീലയെയും നേരില്‍ കാണാനുള്ള സുവര്‍ണ്ണാവസരം ആരും പാഴാക്കിയില്ല.
വനാന്തരത്തില്‍ വാരിക്കുഴിയില്‍ വീണ കാട്ടാനയെ നാട്ടാനയും ആളുകളും ചേര്‍ന്ന് കരക്കു കയറ്റുന്ന രംഗം, ഷീല പുഴയില്‍ വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ നസീര്‍ ഷീലയോട് സംസാരിക്കുന്നതുമായ രംഗങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുന്നു.
ഷൂട്ടിങ് ഇടവേളകളില്‍ നസീറും ഷീലയും ഒരോ കല്ലുകളില്‍ ഇരിക്കും. അവരുടെ ഓരോ ചലനങ്ങളും വീക്ഷിച്ച് ആരാധകവൃന്ദങ്ങളും നിന്നു. ഒന്നോ രണ്ടോ ആഴ്ചകള്‍ ഷൂട്ടിങ് നടന്നു. പാണംകുഴിക്കാരനും അറിയപ്പെടുന്ന ബസ് ഡ്രൈവറുമായിരുന്ന ഇഞ്ചിപ്പറമ്പന്‍ കൊച്ചൗസേപ്പ് ഈ സിനിമയില്‍ ആന പിടുത്ത രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ആഴ്ചകള്‍ നീണ്ട ഷൂട്ടിങ് കഴിഞ്ഞ് എല്ലാവരും പോയി. അതിനുശേഷം പാണംകുഴി കടവില്‍ എത്തുന്നവരും, ആ വഴി പുഴക്ക് അക്കരെ വനത്തില്‍ തൊഴിലിനു പോകുന്നവരും നസീറും ഷീലയും ഇരുന്ന കല്ലുകളെ ആരാധിക്കാന്‍ തുടങ്ങി. പൂജകളോ മറ്റ് കര്‍മങ്ങളോ ആയിരുന്നില്ല. ആ കല്ലില്‍ അല്‍പ്പനേരം ഇരുന്ന് നിര്‍വൃതി കൊള്ളുക!
ഇതിലെ ഏറ്റവും രസാവഹമായ കാര്യം ഇരിക്കാന്‍ തെരഞ്ഞെടുക്കുന്ന കല്ല് ഏതെന്നുള്ളതായിരുന്നു. ആണുങ്ങള് ഷീല ഇരുന്നിരുന്ന കല്ലിലും പെണ്ണുങ്ങള് നസീര്‍ ഇരുന്നിരുന്ന കല്ലിലുമായിരുന്നു. ഇതാണ് നസീര്ക്കല്ലിനും ഷീലക്കല്ലിനും പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: