കോഴിക്കോട്: പാര്‍ട്ടിപിടിക്കാനും പിടിമുറുക്കാനും മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണനെ പിണിയാളാക്കുന്നു. ഇതിന്റെ ഭാഗമായി, മുന്‍ പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി കോണ്‍ഗ്രസ് പോലുള്ള ഏറെ ഉത്തരവാദിത്വമുള്ള ജോലി ഏല്പ്പിച്ചുകൊടുത്തിരിക്കെ, താല്കാലിക സെക്രട്ടറിയായി എ. വിജയരാഘവന് തുടരുന്നതിലെ യുക്തി പാര്‍ട്ടിയിലെ പിണറായി വിരുദ്ധപക്ഷം ചോദ്യം ചെയ്യാന്‍ തുടങ്ങി.
ആരോഗ്യപ്രശ്നം എന്ന കാരണം പറഞ്ഞാണ് കോടിയേരിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. ചികിത്സാര്‍ഥം കോടിയേരി അവധിക്ക് അപേക്ഷിച്ചുവെന്ന കാരണവും പറഞ്ഞു. പകരക്കാരനായാണ് വിജയരാഘവനെ നിയോഗിച്ചത്. എത്രകാലത്തേക്കെന്ന് നിയമിക്കുമ്പോള്‍ പറഞ്ഞിട്ടുമില്ല. 2020 നവംബര്‍ 13 നായിരുന്നു കോടിയേരിയെ മാറ്റിയത്. എന്നാല്‍, ഈ മാറ്റിനിര്‍ത്തലിന് കാരണം കോടിയേരിയുടെ മകന് ബിനീഷ് കോടിയേരി ലഹരിമരുന്നുകടത്തുകേസില്‍ പ്രതിയായി ജയിലിലായതാണ്. പക്ഷേ പാര്‍ട്ടി അക്കാര്യം സമ്മതിച്ചിട്ടില്ല.
പത്തു മാസത്തിനിടെ, കോടിയേരി ആരോഗ്യവാനാണെന്ന് തെളിയിച്ചു. പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നു, പാര്‍ട്ടി കോണ്‍ഗ്രസ് പോലെ അഖിലേന്ത്യാതലത്തില്‍ പ്രധാനമായ പരിപാടി സംഘടിപ്പിക്കാനുള്ള ചുമതല പാര്‍ട്ടി ഏല്‍പ്പിക്കുന്നു. പിണറായി സര്‍ക്കാരിനെ വിലയിരുത്താനും നിരീക്ഷിക്കാനുമുള്ള നാലംഗ സമിതിയിലെ പ്രധാനിയും കോടിയേരിയാണ്. ഇതിനു പുറമേ, സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാനും അതിന് ജില്ലാ കമ്മിറ്റികള്‍ വശത്താക്കാനും പാര്‍ട്ടിയിലെ എതിരാളികളെ ഒതുക്കാനും കോടിയേരിയെ പിണറായി വലംകൈ ആക്കിയിരിക്കുകയുമാണ്.
പാര്‍ട്ടി സെക്രട്ടറിസ്ഥാനം തിരികെ നേടിക്കൊടുക്കാമെന്ന പ്രലോഭനത്തില്‍ പിണറായിയുടെ പിണിയാളായി പ്രവര്‍ത്തിക്കുകയാണ് കോടിയേരിയെന്നാണ് പാര്‍ട്ടിയില്‍ ചിലരുടെ ആക്ഷേപം. കാര്യം കാണാന്‍ ആരെയും വിനിയോഗിക്കുന്ന പിണറായിയെ ഇനിയും കോടിയേരിക്ക് മനസിലായിട്ടില്ലേ എന്നും ചിലര്‍ അതിശയപ്പെടുന്നു.
ഒന്നുകില്‍, ആരോഗ്യം വീണ്ടെടുത്തുവെന്ന് തെളിയിച്ച കോടിയേരിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണം; അല്ലെങ്കില്‍ മകന്റെ ലഹരിമരുന്നിടപാടിനെ തുടര്‍ന്നാണ് സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയതെന്ന് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടിവരും. അങ്ങനെ സെക്രട്ടറിസ്ഥാനം തിരികെ നല്കിയാല് വിജയരാഘവനെ കണ്‍വീനര്‍ മാത്രമാക്കണം. ഇരട്ടപ്പദവി നിലനിര്ത്തുന്നതിനുപിന്നില് അതും കാരണമാണ്. അതിനിടെ, കോടിയേരിയെക്കൊണ്ട്, എതിരാളികളാകാന്‍ ഇടയുള്ള പി. ജയരാജന്. ജി. സുധാകരന്, തോമസ് ഐസക്, എം.എ. ബേബി തുടങ്ങിയവരെ നിര്‍വീര്യരാക്കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ പിണറായി നടത്തുന്നത്. പാര്‍ട്ടി സെക്രട്ടറി ആരായാലും പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ പിണറായി വീണ്ടും സര്‍ക്കാരിലെ പാര്‍ട്ടി നിയന്ത്രണങ്ങള്‍ തകര്‍ക്കും. കൂടുതല്‍ ഏകാധിപതിയാകുകയും പലര്‍ക്കും അപ്രതീക്ഷിതമായ സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: