തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിനങ്ങള്‍ പൂര്‍ത്തിയായ വേളയില്‍ പോലും മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡിന്റെ അതിരൂക്ഷമായ വ്യാപനവും മുട്ടില്‍ മരംമുറിക്കേസിലെ ധര്‍മടം ബന്ധവും അടക്കം നിരവധി വിവാദച്ചുഴിയിലായിരുന്നു പിണറായി സര്‍ക്കാര്‍. കോവിഡ് സാഹചര്യത്തിനിടെ നിയമസഭയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേരളം ഒരു കപ്പലാണെന്നും അതിന് ഒരു കപ്പിത്താന് ഉണ്ടെന്നും വിശേഷിപ്പിച്ച പ്രസംഗമായിരുന്നു സോഷ്യല്‍മീഡിയയില്‍ അടക്കം ട്രോളായി പ്രചരിച്ചത്. കപ്പിത്താന് മുങ്ങിയെന്നും പിണറായി മുങ്ങിക്കപ്പലിന്റെ കപ്പിത്താന് ആണെന്നും അടക്കം ട്രോളുകള്‍ രാഷ്ട്രീയക്കാരും ജോയ് മാത്യു അടക്കം ചില സിനിമക്കാരും പ്രചരിപ്പിച്ചു. കുറച്ചു നാള് മുന്‍പ് പ്രത്യേക കാര്യങ്ങള്‍ ഒന്നുമില്ലെങ്കിലും എല്ലാദിവസവും ആറു മണിക്ക് ഒരു മണിക്കൂര്‍ പത്രസമ്മേളനം പിണറായി പതിവാക്കിയിരുന്നു. എന്നാല്‍, കോവിഡ് കൈവിട്ടതോടെ പത്രസമ്മേളനം അവസാനിപ്പിച്ചു.
ഇതോടെ, കോവിഡ് പ്രതിരോധത്തിലെ വീഴ്ച ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശനമുയര്‍ത്തിയും പ്രതിപക്ഷവും ബിജെപിയും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ വിമര്‍ശനം.
കോവിഡ് അവലോകന യോഗങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്താതിരിക്കുന്നതാണ് പരിഹാസത്തിന് ഇടയായത്. ഒരു ആറുമണി വാര്‍ത്ത സമ്മേളനം കേരളം കൊതിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പരിഹസിച്ചിരുന്നു. ‘ രണ്ടാം പിണറായി വിജയന് ഭരണകൂടത്തിന്റെ നൂറു ദിനം നരകമല്ലാതെ മറ്റൊന്നുമല്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സംഘവും കോവിഡില്‍ കേരളത്തെ നമ്പര്‍ വണ്‍ ആക്കി’ സുരേന്ദ്രന് പറഞ്ഞിരുന്നു. ‘മുങ്ങിക്കപ്പലും ഒരു കപ്പലാണ് കേട്ടോ അതിനും ഒരു കപ്പിത്താന് ഉണ്ട്’ എന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ പരിഹാസം.
‘ഈ കപ്പല്‍ ആടിയുലയുകയില്ല, ഇതിനൊരു കപ്പിത്താനുണ്ട്, നവകേരളത്തിന്റെ തീരത്തേക്ക് ഈ കപ്പല്‍ എത്തിക്കൊണ്ടിരിക്കുകയാണ് കപ്പിത്താന് കണ്ണന് സ്രാങ്ക്’ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പരഹാസം. എന്നാല്‍, ഒടുവില്‍ പരിഹാസം സഹിക്കാതെ വീണ്ടും പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പിണറായി വിജയന്. ഇന്നു വൈകിട്ട് ആറു മണിക്കാണ് വാര്‍ത്താസമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: