വാഷിങ്ടൺ: കാബൂള്‍ വിമാനത്താവള കവാടത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ 13 അമേരിക്കന്‍ സൈനീകരുടെ ജീവന് പൊലിഞ്ഞതിന് ഉത്തരവാദികള്‍ കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. “ആരാണോ ഈ ആക്രമണം നടത്തിയത് അല്ലെങ്കില്‍ ആരാണോ അമേരിക്കയെ ദ്രോഹിക്കണമെന്ന് ആഗ്രഹിച്ചത് അവര്‍ ഒരു കാര്യം ഓര്‍ക്കുക, ഞങ്ങള്‍ മറക്കില്ല ക്ഷമിക്കില്ല, ഞങ്ങള്‍ നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ട് തന്നെ കണക്ക് പറയിക്കും” ബൈഡന് പറഞ്ഞു.
പതിവില്‍ നിന്നും വിരുദ്ധമായി ശക്തമായ ഭാഷയിലാണ് സംഭവത്തോട് ബൈഡന് പ്രതികരിച്ചത്. ഞങ്ങള്‍ ഇത് ക്ഷമിക്കില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ബൈഡന് വികാരനിര്‍ഭരനായാണ് വാക്കുകള്‍ പൂര്‍ത്തിയാക്കിയത്. ഒഴിപ്പിക്കല്‍ ദൗത്യം മുമ്പ് പ്രഖ്യാപിച്ചത് പോലെ ആഗസ്റ്റ് 31 ന് തന്നെ അവസാനിപ്പിക്കുമെന്നും തങ്ങളുടെ ദൗത്യം തടയാമെന്ന് ആരും കരുതേണ്ടെന്നും ദൗത്യം പൂര്‍ത്തിയാക്കിയെ മടങ്ങൂ എന്നും ബൈഡന് പറഞ്ഞു. ഐഎസ് തീവ്രവാദികള്‍ക്ക് വിജയിക്കാമെന്ന് മോഹമുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്നും ബൈഡന് പറഞ്ഞു.
ഇത് അമേരിക്കയാണെന്ന് ഓര്‍മ്മിപ്പിച്ച ബൈഡന് അവസാനത്തെ അമേരിക്കകാരനെയും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കുമെന്നും തിരിച്ചടി കനത്തതായിരിക്കുമെന്നും പറഞ്ഞു. രക്ഷാദൗത്യം അസാധാരണവും പ്രയാസമേറിയതുമാണെന്നു പറഞ്ഞ പ്രസിഡന്റ് ഇതിനാലാണ് സമരപരിധി തീരുമാനിച്ചിരിക്കുന്നതെന്നും പറഞ്ഞു. സ്ഫോടനത്തിന് ശേഷം പ്രസിഡന്റിന്റെ പരിപാടികളുടെ ഷെഡ്യൂള്‍ തന്നെ മാറ്റി നിശ്ചയിച്ചിരുന്നു.
ഇന്നലെ രാവിലെ 11 : 30 ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഇന്നത്തേയ്ക്ക് മാറ്റി നിശ്ചയിച്ചു. അഫ്ഗാന് അഭയാര്‍ത്ഥികളുടെ പുനരധിവാസം സംബന്ധിച്ച ഓണ്‍ലൈന്‍ മീറ്റിംഗും പ്രസിഡന്റ് റദ്ദ് ചെയ്തു. അഫ്ഗാനില്‍ നിന്നും രക്ഷപെടാനായി നിരവധിയാളുകള്‍ കാത്തുനില്ക്കുന്ന വിമാനത്താവളത്തിന് പുറത്തായിരുന്നു രണ്ട് സ്ഫോടനങ്ങളും അമേരിക്കന്‍, ബ്രിട്ടീഷ് പട്ടാളക്കാര്‍ നിലയുറപ്പിച്ച ആബി ഗേറ്റിന് സമീപമായിരുന്നു ആദ്യ സ്ഫോടനം. സമീപത്തെ ഹോട്ടലിനോട് ചേര്‍ന്നായിരുന്നു രണ്ടാമത്തെ സ്ഫോടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: