ശ്രീനഗര്‍: ജമ്മു ഡിവിഷന് കീഴിലുള്ള പത്തു ജില്ലകളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ചൊവ്വാഴ്ച മിന്നല്‍ പരിശോധന നടത്തി ജമ്മു കാശ്മീരിര്‍ ഭരണകൂടത്തിന്റെ പ്രത്യേക സംഘങ്ങള്‍. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 1,177 ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിശോധനയില്‍ കണ്ടെത്തി. മിന്നല്‍ പരിശോധനയ്ക്കായി പത്തു ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു.
ചില സര്‍ക്കാര്‍ കാര്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നതായി പരിശോധനയില്‍ വ്യക്തമായി, പ്രത്യേകിച്ച് രജൗരി, സാംബ ജില്ലകളില്‍. ജമ്മു ഡിവിഷണല്‍ കമ്മിഷണര്‍ രാഘവ് ലാംഗറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘങ്ങള്‍ പരിശോധനയ്ക്ക് എത്തിയത്. ഉദ്യോഗസ്ഥര്‍ ജോലിക്കെത്താതിനെക്കുറിച്ചും ഓഫിസുകളില്‍ സമയനിഷ്ഠ പാലിക്കാത്തതിലും നിരവധി പരാതികള്‍ അദ്ദേഹത്തിന് കിട്ടിയിരുന്നു.
‘സര്‍ക്കാര്‍ ഓഫിസുകളില്‍ ആളുകള്‍ക്ക് അസൗകര്യം നേരിടരുത്. സേവനങ്ങള്‍ കാര്യക്ഷമമായി ജനങ്ങള്‍ക്ക് നല്കാന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അതേസമയം ഉദ്യോഗസ്ഥര്‍ കൃത്യസമയം പാലിക്കാത്തതുമൂലം ആളുകള്‍ ബുദ്ധിമുട്ടുന്നു. ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഓഫിസുകളിലെത്തുന്നില്ലെന്ന് നിരവധി പ്രദേശങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് പരാതി കിട്ടി. അതുകൊണ്ടാണ് മിന്നല്‍ പരിശോധന നടത്തിയത്. ജോലിക്കെത്താതിരുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.’-ജമ്മു ജില്ലാ മജിസ്ട്രേട്ട് അന്‍ഷുല്‍ ഗാര്‍ഗ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
രാവിലെ 10.30നും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ ഡിവിഷന് കീഴിലുള്ള ആകെ പത്തു ജില്ലകളിലെ 773 ഓളം ഓഫിസുകളില്‍ പരിശോധന നടത്തി. ഡെപ്യൂട്ടി കമ്മിഷണര്‍മാരും ധാരാളം ഓഫിസുകള്‍ സന്ദര്‍ശിച്ചു. അതേസമയം, ഹാജരാകാതിരുന്ന ചിലരുടെ ഓഗസ്റ്റ് മാസത്തെ ശമ്പളം തടഞ്ഞുവച്ചു. ജീവനക്കാരുടെ വിശദീകരണം ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ ആലോചിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഒരു തരത്തിലുള്ള അച്ചടക്ക ലംഘനവും അനുവദിക്കില്ലെന്ന് രാഘവ് ലാംഗര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: