തിരുവനന്തപുരം: രസതന്ത്രത്തിൽ വിദഗദ്ധർക്ക് പോലും 118 മൂലകങ്ങളുടെയും പേര് തെറ്റാതെ പറയാൻ അൽപം ഒന്നുശങ്കിക്കും. പക്ഷെ അയിലം ഗവൺ എച്ച് എസ്സിലെ പത്താംക്ലാസുകാരി അഭിരാമിക്ക് 36 സെക്കന്റ് മതി 118 മൂലകങ്ങളും തെറ്റാതെ പറയാൻ. ആ പറച്ചിൽ അടിച്ചെടുത്തത് ഇന്ത്യബുക്ക് ഓഫ് റെക്കോർഡും.
രസതന്ത്രതിലെ പീരിയോഡിക് ടേബിൾ അഭിരാമിക്ക് ഏറെ ഇഷ്ടമാണ്. ദിവസവും 10 എണ്ണം വച്ച് കാണാതെ പഠിച്ച് മനഃപാഠമാക്കുകയും ചെയ്തു. ആ ഇടയ്ക്കാണ് മോഹൻലാൽ ചിത്രങ്ങളുടെ പേര് പറഞ്ഞ് റെക്കോർഡ് നേടിയ കുട്ടിയുടെ വാർത്ത ശ്രദ്ധയിൽ പെട്ടത്. ഇതോടെ റെക്കോർഡ് എന്ന മോഹം മൊട്ടിട്ടു. പിന്നീട് റെക്കോർഡ് നേടുന്നതിനെ കുറിച്ചുള്ള പഠനമായി. യൂടൂബിലും ഗൂഗിളിലുമൊക്കെ നോക്കി വിശദമായി പഠിച്ചു. ഒരുമിനിട്ടുനുള്ളിൽ പറഞ്ഞ് തീർക്കലായിരുന്നു ആദ്യത്തെ ശ്രമം. പിന്നീട് വേഗത കൂട്ടി. ഒടുവിൽ 36 സെക്കന്റിനുള്ളിൽ 118 മൂലകങ്ങളും അഭിരാമിക്ക് കീഴടങ്ങി. തുടർന്ന് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡിന്റെ വെബ്സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിച്ചു.
ജൂലൈ 22 ന് റെക്കോർഡിനായി ഓൺലൈനായി പറഞ്ഞു. 48 സെക്കന്റ് എന്ന മുൻ റെക്കോർഡ് അഭിരാമി 36 സെക്കന്റിൽ പിടിച്ചുകെട്ടി. ജൂലൈ 28ന് റക്കോർഡ് നേടിയ വിവരം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അധികൃതർ അഭിരാമിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. 14 വയസ്സുള്ള അഭിരമായുടെ നേട്ടത്തെ അഭിനന്ദിച്ചുള്ള ഇന്ത്യ ബുക്ക് ഓഫ് റക്കോർഡിന്റെ സർട്ടിഫിക്കറ്റും മെഡലും കഴിഞ്ഞ ദിവസം വീട്ടിലെത്തി.
അഭിരാമിയുടെ അമ്മയുടെ സഹോദരൻ വിഷ്ണൂവായിരുന്നു ഓൺലൈൻ വഴിയുള്ള പരിശോധനയ്ക്ക് വേണ്ടതെല്ലാം ചെയ്ത് നൽകിയത്. വേൾഡ് റക്കോർഡ് നേടണമെന്നാണ് അഭിരാമിയുടെ ആഗ്രഹം. അതിനുള്ള പരിശ്രമവും തുടങ്ങിക്കഴിഞ്ഞു. അഭിരാമിക്ക് രസതന്ത്രത്തേക്കാൾ ഇഷ്ടം ജീവശാസ്ത്രമാണ്. നൃത്തവും വരയും ഒക്കെ ഏറെ ഇഷ്ടമുള്ള അഭിരാമിക്ക് പ്ലസ്ടുവിന് ബയോളജി എടുത്ത് പഠിക്കാനാണ് ആഗ്രഹം.
അയിലം അങ്കണവാടിയിലെ താത്കാലിക ജീവനക്കാരി സുകന്യയുടെയും ഡ്രൈവർ അനീഷിന്റെയും മകളാണ്. അയിലം സ്കൂളിലെ തന്നെ നാലാം ക്ലാസുകാരി അഭിശ്രീ ആണ് സഹോദരി. അഭിരാമിയുടെ നേട്ടത്തോടെ അയിലം എന്ന ഗ്രാമവും ഏറെ അഭിമാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: