കാബൂള്‍: താലിബാന് വിരുദ്ധസേന അഫ്ഗാനിസ്ഥാനിലെ ഫുജ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 50 താലിബാന് തീവ്രവാദികളെ വധിച്ചു. 20 താലിബാന്‍കാരെ തടവുകാരായി പിടിച്ചു. ബാഗ്ലാന് പ്രവിശ്യയിലെ ബെനോ ജില്ലയുടെ ഗവര്‍ണറായ താലിബാന് നേതാവിനെയും സേന വധിച്ചു.
അഹ്മദ് മസൂദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനിലുടനീളം താലിബാനെതിരെ ചെറുത്ത് നില്പ് ശക്തമാവുകയാണ്. സാധാരണക്കാരായ അഫ്ഗാന്‍കാര്‍ ആയുധമെടുത്ത് പ്രധാനചെറുത്തുനില്പ് കേന്ദ്രമായ പഞ്ച് ശീര് ലക്ഷ്യമായി പോകുന്നതായും റിപ്പോര്‍ട്ടുണ്ട്. താലിബാന് പിടികൊടുക്കാത്ത ഒരേയൊരു പ്രവിശ്യയായ പഞ്ച് ശീറില്‍ അന്തിമപ്പോരാട്ടം നടക്കുകയാണ്.
അഫ്ഗാനിസ്ഥാന്റെ മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സാലേയുടെയും സേനാത്തലവന് അഹ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള താലിബാന് വിരുദ്ധസേനയായ വടക്കന്‍ മുന്നണിയിലേക്ക് കൂടുതല്‍ അഫ്ഗാന്‍കാര്‍ ചേരുകയാണ്. അഫ്ഗാന് മുന്‍ പ്രസിഡന്റായ അഷ്റഫ് ഗനി നാടുവിട്ടതോടെ അഫ്ഗാന്റെ പ്രസിഡന്റായി സ്വയം സ്ഥാനമേറ്റെടുത്താണ് അംറുള്ള സാലേ പഞ്ച് ശീര് കേന്ദ്രമായി താലിബാനെതിരെ ചെറുത്തുനില്‍പ്പുയര്‍ത്തുന്നത്. പഞ്ച് ശീറിലും കാപിസയിലും വന്‍ ചെറുത്തുനില്‍പ്പാണ് നടക്കുന്നത്. ആന്ദരാബില്‍ തിങ്കളാഴ്ച 300 താലിബാന് തീവ്രവാദികള്‍ വധിക്കപ്പെട്ടു. വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുള്ള കാപിസ കേന്ദ്രമായും താലിബാന് വിരുദ്ധ സേനയുടെ വന്‍ പടയൊരുക്കം നടക്കുന്നു.
താലിബാനും വിജയം
അതേ സമയം താലിബാന് വിരുദ്ധസേനയ്ക്ക് തിങ്കളാഴ്ച തിരിച്ചടിയുടെ കൂടി ദിവസമായിരുന്നു. നേരത്തെ താലിബാന് വിരുദ്ധസേന പിടിച്ചിരുന്ന ബാഗ് ലാന് പ്രവിശ്യയിലെ ജില്ലകളായ ദേ സാലിഹ്, ബാനോ, പുള്‍ ഹെസാര്‍ എന്നിവ പോരാട്ടത്തിലൂടെ താലിബാന് തിരിച്ചുപിടിച്ചു. ഈ ജില്ലകള്‍ താലിബാനില്‍ നിന്നും തിരിച്ചുപിടിച്ചതായി രണ്ട് ദിവസം മുന്‍പ് താലിബാന് വിരുദ്ധസേനയുടം കമാന്ററും മുന്‍ അഫ്ഗാന് പ്രതിരോധമന്ത്രിയുമായ ബിസ്മില്ലാ മൊഹമ്മദി പ്രഖ്യാപിച്ചിരുന്നു.
പഞ്ച് ശീറില്‍ ഇരുകൂട്ടര്‍ക്കും വിജയം
അതേ സമയം പഞ്ച് ശീറില്‍ വലിയ പോരാട്ടം നടക്കുകയാണ്. ഇരുവിഭാഗങ്ങളും വിജയം അവകാശപ്പെടുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ചില വീഡിയോ ദൃശ്യങ്ങളില്‍ താലിബാന് സേന പഞ്ച് ശീര് വളയുന്നതായി കാണുന്നു. മറ്റ് ചില ദൃശ്യങ്ങളില്‍ താലിബാന് തീവ്രവാദികളെ വഹിക്കുന്ന വാന്‍ പൊട്ടിത്തെറിക്കുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: