ചരിത്രം തെളിവുകളുടെ സമാഹാരമാണ്. ഐതിഹ്യങ്ങളെയും കേട്ടുകേള്‍വികളെയും ചരിത്രമായി പരിഗണിക്കാനാവില്ല എന്നതു പോലെത്തന്നെ പ്രധാനമാണ് വ്യക്തിപരമായ ധാരണകളും മുന്‍വിധികളും വ്യാഖ്യാനങ്ങളും ചരിത്രമായി പരിഗണിക്കില്ലെന്നതും. മതപരമായ ആവശ്യങ്ങളും രാഷ്‌ട്രീയ ലക്ഷ്യങ്ങളും ഇന്ന്ചരിത്രപഠനത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുമ്പോള്‍ വസ്തുനിഷ്ഠചരിത്രപഠനം എത്രത്തോളം സാധ്യമാണ് എന്ന് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഭരണകൂടങ്ങളെപ്പോലും മതഭീകരശക്തികള്‍ പിടിച്ചെടുക്കുന്ന ഇക്കാലത്ത് ചരിത്രപഠനവും അവതരണവും എത്രമാത്രം സുരക്ഷിതമാണെന്ന ചിന്ത സ്വാഭാവികമാണ്. ഇന്ത്യയിലെ ചരിത്രപഠനഗവേഷണമേഖലയെ വളരെ മുന്‍പ് തന്നെ ഇടത് രാഷ്‌ട്രീയ ശക്തികള്‍ കൈപ്പിടിയിലാക്കിയിരുന്നു. സര്‍വ്വകലാശാലകളുടെ അക്കാദമിക നിയന്ത്രണം എക്കാലത്തും ഇടത് സഹയാത്രികരുടെ നിയന്ത്രണത്തിലായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സാര്‍വ്വദേശീയ പ്രേമം ഇതിന് സഹായകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
1921 മാപ്പിളകലാപത്തിന് നൂറാണ്ട് തികയുമ്പോള്‍ ഈ ചരിത്രയാഥാര്‍ത്ഥ്യം ഏറെ തെളിഞ്ഞുവരുന്നു. തികഞ്ഞ വര്‍ഗ്ഗീയ ഉള്ളടക്കമുണ്ടായിരുന്ന ഒരു ദുരന്തത്തെ കാര്‍ഷിക കലാപമായും സ്വാതന്ത്ര്യസമരമായും അവതരിപ്പിക്കുകയായിരുന്നു ഒരു വിഭാഗം ചരിത്രകാരന്മാര്‍. ഖിലാഫത്ത് സമരത്തിന്റെ ഭാഗമായി ആരംഭിച്ച് ഹിന്ദുവംശഹത്യയായി മലബാര്‍ അനുഭവിച്ച ആ ദുരന്തനാളുകളെ തങ്ങള്‍ക്കാവശ്യമുള്ള പ്രമാണസമ്പാദനത്തിലൂടെ വളച്ചൊടിക്കുകയായിരുന്നു ഇത്തരം ഇടത് ചരിത്രകാരന്മാര്‍.” ഖിലാഫത്തുല്‍ മുസ്ലീമിനെയും പുണ്യസ്ഥലങ്ങളെയും അന്യമതസ്തരുടെ കീഴില്‍ ആക്കുന്നതില്‍ വ്യസനപൂര്‍വ്വം ഇസ്ലാംസഹോദരന്മാര്‍ അവരുടെ ധനവും ചെലവഴിച്ചു ഖിലാഫത്തുല്‍ മുസ്ലിമിനെയും പുണ്യസ്ഥലങ്ങളെയും രക്ഷപ്പെടുത്താന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഈ അവസരത്തില്‍ മലയാള മുസ്ലിംകളായ നമ്മള്‍ മൗനം ദീക്ഷിക്കുന്നത് ഇസ്ലാം ദീനിന് അനുസരിച്ചതാണോ”. 1920 ജൂലായ് 8 ന് കോഴിക്കോട് ഡിസ്ട്രിക്ട് ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി പി.സി. മൊല്ലാസാഹിബിന്റെ അറിയിപ്പാണിത്. ഇത്തരം നിരവധി ഫത്‌വകളും ആഹ്വാനങ്ങളുമാണ് മലബാറിലെ മുസ്ലിങ്ങളെ ഹാലിളക്കി 1921 ലെ വേട്ടക്കൊരുക്കിയടുത്തത്. സമരത്തെ നേരിട്ട് കണ്ട കെപിസിസി ജനറല്‍ സെക്രട്ടറി കെ. മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപം എന്ന ഗ്രന്ഥത്തില്‍ കലാപത്തിന്റെ കൊടുംക്രൂരതകള്‍ അക്കമിട്ട് വിവരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്രമായിരുന്ന മലബാര്‍ പ്രദേശത്ത് ഖിലാഫത്ത് സമരത്തെ ചേര്‍ത്തുകൊണ്ടല്ലാതെ തന്നെ സ്വാതന്ത്ര്യപ്രക്ഷോഭത്തെ സജീവമാക്കാമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പിഴച്ചനയമാണ് ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിച്ച് അതിനെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാക്കാന്‍ നടന്ന ശ്രമം. അതുകൊണ്ട്മാത്രം അന്നത്തെ കലാപത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ അംശമുണ്ടെന്ന് പറയാനാവില്ല. മൈസൂര്‍ ആക്രമണത്തിനെത്തുടര്‍ന്ന് മലബാറിലെ പ്രത്യേക മാനസികാവസ്ഥയെ ആളിക്കത്തിക്കാനാണ് പക്ഷെ, അത്‌വഴിതെളിയിച്ചത്. പ്രത്യേക രാഷ്‌ട്രീയ നിര്‍ണ്ണായകാവകാശം നേടണമെന്നുള്ള ആഗ്രഹം മനസ്സിലുണ്ടായിരുന്ന മുസ്ലിം സമുദായത്തിന് ഖിലാഫത്ത് പ്രക്ഷോഭം ഒരു പുതിയ വഴിതുറക്കുകയായിരുന്നു. സയ്യിദ് അലവി പി. തങ്ങള്‍ , സയ്യിദ് ഫസല്‍ പൂക്കോയതങ്ങള്‍ തുടങ്ങിയ മമ്പുറത്തെ മതപുരോഹിതരുടെ പരിശ്രമവും ഇതിന് വേണ്ടിയായിരുന്നു. മതരാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ അക്രമങ്ങള്‍ കൂട്ടമതംമാറ്റത്തിലും കലാശിച്ചിരുന്നു. ഇന്ത്യന്‍ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ഇതുസംബന്ധിച്ച് കണക്കുകള്‍ ശേഖരിച്ചിരുന്നു. മഞ്ചേരി പോലീസ് ലോക്കപ്പ് ബലം പ്രയോഗിച്ച് തുറന്ന് തടവുകാരെ മോചിപ്പിച്ച സംഘം അതിലുണ്ടായിരുന്നവരെ മതം മാറ്റി എന്ന് കാണുമ്പോള്‍ എത്രമാത്രം മതാവേശമാണ് ലഹളക്കാരെ നയിച്ചതെന്ന് മനസ്സിലാക്കാം.
ലഹളക്കുശേഷം ദുരിതാശ്വാസപ്രവര്‍ത്തനത്തിനെത്തിയ ആര്യസമാജത്തിന്റെ പണ്ഡിറ്റ് ഋഷിറാം ഇത് വ്യക്തമാക്കുന്നുണ്ട്. ആര്യസമാജത്തില്‍ മാത്രം മതംമാറിപ്പോയവരുടെ 1766 പേരുകള്‍ അന്ന് റജിസ്റ്റര്‍ ചെയ്തിരുന്നു.
” തിരൂരങ്ങാടിയിലും അയല്‍ പ്രദേശങ്ങളിലും ബ്രിട്ടീഷ് ഭരണം അവസാനിച്ചിരുന്നു. അവിടങ്ങളില്‍ ഭരണം നടത്തിയിരുന്നത് ആലിമുസ്ല്യാരുടെ കല്പന പ്രകാരം അദ്ദേഹത്തിന്റെ ആള്‍ക്കാരാണ്” എന്നാണ് ആഗസ്ത് 26 ന് തിരൂരങ്ങാടി സന്ദര്‍ശിച്ച കെ.പി. കേശവമേനോന്‍ എഴുതിയത്. മക്കയില്‍ നിന്ന് മതപഠനം കഴിഞ്ഞ് തിരിച്ചെത്തി മുദരിസായി മതപുരോഹിത്യത്തിന്റെ വഴിയില്‍ സഞ്ചരിച്ച അലിമുസലിയാര്‍ തിരൂരങ്ങാടി ജുമഅത്ത് പള്ളിയിലെ മുദരിസ് ആയിരുന്നു. കര്‍ഷകരുടെ മോചനമോ ഭാരതത്തിന്റെസ്വാതന്ത്ര്യമോ ആയിരുന്നില്ല മറിച്ച് ഖിലാഫത്ത് രാജ്യമായിരുന്നു ലഹളയുടെ ലക്ഷ്യം. മതപരിവര്‍ത്തനവും മതരാജ്യം സ്ഥാപിക്കലും സ്വാതന്ത്ര്യസമരമായോ കര്‍ഷക ലഹളയായോ പരിഗണിക്കാനാവില്ലല്ലോ. ” ആവേശക്കാരും അജ്ഞരുമായ മാപ്പിളമാരുടെ അക്ഷമയാണ് ഇംഗ്ലീഷ് മേധാവികള്‍ക്കനുകൂലമായ വിധത്തില്‍ ദേശീയ സമരത്തെ വര്‍ഗീയ ലഹളയായി മാറ്റിയത്. എന്നാല്‍ പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റുകള്‍ ആ ലഹളയെ കര്‍ഷകസമരമായി മഹത്വവല്‍ക്കരിക്കുകയും മാപ്പിളമാര്‍ ആ കെണിയില്‍ വീഴുകയും ചെയ്തു.” വെന്നാണ് എം.ജി.എസ് നാരായണന്‍ ഇതിനെ വിലയിരുത്തുന്നത്. സ്വാതന്ത്ര്യസമരത്തില്‍ അന്ന് പരക്കെ ഉപയോഗിച്ചിരുന്ന ഒരു മുദ്രാവാക്യം പോലും ഇതിലുയര്‍ന്നില്ല. പകരം ലഹളക്കാവേശം വര്‍ധിപ്പിക്കുന്ന മതമുദ്രാവാക്യങ്ങളാണ് കലാപകാരികള്‍ ഉയര്‍ത്തിയത്.ചരിത്രത്തില്‍ സംഭവിച്ച അബദ്ധങ്ങളെ തിരുത്തുന്നതിനും തിരിച്ചറിയുന്നതിനും പകരം അത്തരം അബദ്ധങ്ങളെ തങ്ങളുടെ സങ്കുചിത മതരാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി വളച്ചൊടിക്കുകയാണ് പിന്നീട് ഉണ്ടായത്. മഹാത്മജിയും അംബേദ്കറും ആനിബസന്റുമടക്കമുള്ള ദേശീയ നേതാക്കള്‍ ലഹളയുടെ ക്രൂരത തുറന്നുകാട്ടിയിരുന്നു. കുമാരനാശാന്‍ മുതല്‍ തകഴിവരെയുള്ള എഴുത്തുകാര്‍ ലഹളയെക്കുറിച്ച് എഴുതിയതും മലയാളിയുടെ മുമ്പിലുണ്ട്.
സ്വാതന്ത്ര്യസമരചരിത്രത്തില്‍ കേരളത്തിന്റെ പങ്ക് വളരെയേറെയാണ്. വയനാടന്‍ ഗോത്രവര്‍ഗ്ഗസമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പഴശ്ശിപ്പോരാട്ടങ്ങളുടെയും സ്വത്വബോധത്തെ ഉറപ്പിച്ചുനിര്‍ത്തിയവേലുത്തമ്പിയുടെയും അടക്കം വിപുലമായ ചരിത്രമാണത്. ഉപ്പുകുറുക്കിയും ലാത്തിയടിയേറ്റും സമരഗാഥകള്‍ രചിച്ച ചരിത്രത്തിലെ അവിസ്മരണീയമായ ഘട്ടം. മാപ്പിളലഹളയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കുന്നതിലൂടെ ആ
സമരത്തെ അശുദ്ധമാക്കുകയാണ് നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള ചരിത്രവ്യാഖ്യാനങ്ങള്‍ ചെയ്യുന്നത്. മുസ്ലിംമതവികാരം എളുപ്പത്തില്‍ കത്തിപ്പിടിക്കാനുതകുന്നതാണെന്ന അനുഭവത്തിലൂടെ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുകയാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്ന് മുസ്ലിംസമൂഹം തിരിച്ചറിയണം. കഴിഞ്ഞ നൂറ്റാണ്ടിലെ പിഴവുകള്‍ തള്ളിപ്പറയുന്നതിന് പകരം അത് ആവേശം കൊള്ളാനുള്ളതാണെന്ന സംഘടിത പ്രചാരണത്തെ മുസ്ലിം സമൂഹം കരുതിയിരിക്കേണ്ടതുണ്ട്.വാരിയംകുന്നന് സ്മാരകം പണിഞ്ഞാല്‍ തൃപ്തിയാവുന്നതാണ് തങ്ങളുടെ മതബോധമെന്ന രാഷ്‌ട്രീയ കുരുക്കിലേക്ക് സമുദായം സ്വയം തലവെച്ചുകൊടുക്കരുത് . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന കുതന്ത്രത്തിന്റെ തുടര്‍ച്ചയാണ് മാപ്പിളലഹളയെ മഹത്വവല്‍ക്കരിക്കാനുള്ള നീക്കം. ആര്‍ജിതമായ അനുഭവങ്ങളുടെയും പുതിയ കാലത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മുസ്ലിം സമൂഹം തയ്യാറാവണം.
1921 ല്‍ നിന്ന് കേരളവും ഭാരതവും ഏറെ മാറിയിരിക്കുന്നുവെന്നും ലഹളയുടെ മന:ശാസ്ത്രത്തിന് ജനാധിപത്യഭാരതത്തില്‍ സ്ഥാനമില്ലെന്നുമുള്ള പാഠം മതവര്‍ഗ്ഗീയ ഭീകരസംഘടനാനേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ മുസ്ലിം സമൂഹം മുന്‍കൈയെടുക്കണം.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ രാജ്യം അമൃതമഹോത്സവത്തിന് തയ്യാറെടുക്കുകയാണ്. ഭാരതപ്പുഴയുടെ തീരത്ത് അന്ത്യവിശ്രമം കൊള്ളുന്ന കേരളഗാന്ധിയുടെ സമാധിസ്ഥലം മുതല്‍ അനാഥമാക്കപ്പെട്ട സ്വാതന്ത്ര്യസമരചരിത്രത്തിന്റെ കേ
രളത്തിലെ യഥാര്‍ത്ഥ സ്രോതസുകള്‍ ഈ അമൃതമഥനത്തില്‍ ഉയര്‍ന്നുവരും. വാരിയന്‍ കുന്നനല്ല, മറിച്ച് കേളപ്പജിയാണ് കേരളത്തിന്റെ പ്രതീകം. കേരള ഗാന്ധിയെ രാഷ്‌ട്രീയമായി ഇല്ലാതാക്കാനും ശാരീരികമായി വധിക്കാനും ശ്രമിച്ചവര്‍ക്ക് ഇത് മനസിലാകില്ല. എന്നാല്‍ ചിട്ടത്തെറ്റുകള്‍ തിരുത്താന്‍ ഭാരതം തയ്യാറെടുക്കുകയാണ്. ആ അമൃതമഹോത്സവത്തിന്റെ ഉജ്ജ്വലസന്ദര്‍ഭത്തില്‍ മാപ്പിളകലാപ രക്തസാക്ഷികള്‍ക്ക് ഉചിതമായ ശ്രദ്ധാഞ്ജലി കൂടി നല്‍കേണ്ടതുണ്ട്. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന രക്തസാക്ഷി അനുസ്മരണ ആചരണവും അമൃതവര്‍ഷ മഹോത്സവും അതിനുള്ള അവസരമാകട്ടെ.
ഡോ. സി.ഐ. ഐസക്ക്
ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ അംഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: