ഒരു സമൂഹത്തില്‍ നായകന്മാരും പ്രതിനായകന്മാരും ഉണ്ടാകും. അതില്‍ നായകരെ സമൂഹം ആദരിക്കുന്നു. പ്രതിനായകരെ തള്ളിക്കളയുന്നു. സമൂഹത്തില്‍ നായകര്‍ ജനങ്ങളെ ഒരുമിപ്പിക്കുന്നു. പ്രതിനായകര്‍ ഭിന്നിപ്പിക്കുന്നു. ജനിച്ച സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരാണ് നായകന്മാര്. ഇത്രയും കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം മാപ്പിളലഹളയുടെ ശതാബ്ദി ആഘോഷിക്കാനും ലഹളയുടെ നേതാവിന് സ്മാരകം തുടങ്ങിയവ പണിയാനും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നു എന്ന വാര്‍ത്തയാണ്. ഇത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാണ്. ജനങ്ങളെ ഒരുമിപ്പിച്ച് വൈദേശികര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച പഴശ്ശി, വേലുത്തമ്പി, തലയ്ക്കല്‍ ചന്തു തുടങ്ങിയ ധീരസ്വാതന്ത്ര്യ സമര നായകരുടെ സ്മരണകള്‍ ജനമനസ്സില്‍ എത്തിക്കാനാണ് ഈ വര്‍ഷം ഉപയോഗപ്പെടുത്തേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, അവരെ തമസ്കരിക്കുകയും ചെയ്യുന്നു.
മാപ്പിള കലാപം ഹിന്ദുവംശഹത്യയാണ്
1921 ലെ മാപ്പിള കലാപം കുപ്രസിദ്ധമായ ഒരു ഹിന്ദു നരഹത്യയാണ്. അതിന് നേതൃത്വം നല്‍കിയത് വാരിയംകുന്നത്ത് ഹാജി, ആലി മുസലിയാര്‍ തുടങ്ങിയവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു കലാപം എന്നൊരു പ്രചാരണവും. അതേപോലെ കാര്‍ഷിക ലഹളയാണെന്നും. ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപമായിരുന്നെങ്കില്‍ എന്തിനാണ് നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയത്. വസ്തുത മറ്റൊന്നാണ്. ഖിലാഫത്തിന്റെ ഭാഗമായി ഭാരതത്തില്‍ പ്രക്ഷോഭം നടന്നു. എന്നാല്‍ ഖിലാഫത്ത് രാജ്യം ഉണ്ടാക്കുകയെന്ന ലക്ഷ്യമായിരുന്നു കലാപകാരികളുടേത്. ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യങ്ങളല്ല, ജിഹാദ്, അല്ലാഹു അക്ബര്‍, ബോലോ തക്ബീര്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കലാപകാരികള്‍ മുഴക്കിയത്. സ്വാതന്ത്ര്യസമരമായിരുന്നെങ്കില്‍ അതിനായി ഒരാവശ്യവും ഒരു മുദ്രാവാക്യവും മുഴക്കിയിട്ടില്ല. ഖിലാഫത്ത് നേതാവായ ഷൗക്കത്ത് അലി ഇതു വ്യക്തമാക്കിയിട്ടുണ്ട്.
1930 മാര്‍ച്ച് 12 ലെ യങ് ഇന്ത്യയില്‍ മഹാത്മജി എഴുതുന്നത് നോക്കുക:
”സ്വാതന്ത്ര്യപ്രസ്ഥാനം ‘സ്വരാജി’നുവേണ്ടിയുള്ളതല്ല, ‘ഹിന്ദു സ്വരാജി’നു വേണ്ടിയുള്ളതാണെന്നും അതിനാല്‍ മുസല്മാന്മാര് അതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും മൗലാനാ ഷൗക്കത്തലി പ്രസ്താവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അത് വായിച്ച ഉടനെ വാസ്തവസ്ഥിതി അറിയുവാന്‍ ഞാനദ്ദേഹത്തിന് കമ്പിയടിച്ചു. ശരിയാണെന്ന് മറുപടി അദ്ദേഹം ദയാപൂര്‍വ്വം അയച്ചുതന്നു.” ഇത് സൂചിപ്പിക്കുന്നത് ഇസ്ലാമിക രാജ്യം സ്ഥാപിക്കലായിരുന്നു ഖിലാഫത്തിന്റെയും അതിന്റെ ഭാഗമായി നടന്ന മാപ്പിളലഹളയുടെയും ഉദ്ദേശ്യമെന്നു തന്നെയാണ്. കലാപത്തില്‍ അനേകായിരം ഹിന്ദുക്കള്‍-അവര്‍ ഹിന്ദുക്കളാണെന്ന ഒറ്റക്കാരണത്താല്‍-കൊലചെയ്യപ്പെട്ടു. കൊല ചെയ്യും മുന്‍പ് പൈശാചികമായ പീഡനങ്ങള്‍ അവര്‍ക്കനുഭവിക്കേണ്ടിവന്നു. കൊല്ലപ്പെട്ടവരും മൃതപ്രായമായവരുടെയും വെട്ടിനുറുക്കപ്പെട്ട ശരീരങ്ങള്‍ നിക്ഷേപിച്ച തൂവൂര് കിണര്‍ പോലെ അനേക സ്ഥലങ്ങളുണ്ട്. ഈ കൊടുംക്രൂരത നേരിട്ട് മനസ്സിലാക്കിയശേഷം തന്റെ ഹൃദയവേദന ‘ദുരവസ്ഥ’ എന്ന കാവ്യത്തിലൂടെ കുമാരനാശാന് വ്യക്തമാക്കി. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ ആ ദുരവസ്ഥയിലുള്ളതാണ് ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന മുദ്രാവാക്യം. മുദ്രാവാക്യം സ്വീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും ആശാന്റെ ഹൃദയവ്യഥ പങ്കിട്ടില്ല. ഇങ്ങനെ ഹിന്ദുസമൂഹത്തെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി നടന്ന കലാപമായിരുന്നു മാപ്പിള കലാപമെന്ന് അനേകം സാഹിത്യസൃഷ്ടികളിലെയും ചരിത്രത്തിലെയും ഏടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കാര്‍ഷിക ലഹളയാണെന്നും മറ്റും പറയുന്നതും ശുദ്ധ ഭോഷ്ക്കാണ്. ഭാരതത്തില്‍ ഒരിടത്തും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടിരുന്നില്ല. കാര്‍ഷിക കലാപമാണെന്ന വാദവും തെറ്റാണ്. ഇ.എം.എസ്. നമ്പൂതിരിപ്പാടു തന്നെ അദ്ദേഹത്തിന്റെ ആത്മകഥയില്‍ മാപ്പിള കലാപകാരികളെ പേടിച്ച് നാടുവിട്ടു ഓടിയത് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യസമരമോ കാര്ഷികലഹളയോ ആയിരുന്നെങ്കില്‍ മാപ്പിളകലാപത്തില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടതെങ്ങനെയാണ്? ക്ഷേത്രങ്ങള്‍ തകര്ത്തതെന്തുകൊണ്ടാണ്? നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തത് എന്തിനുവേണ്ടിയാണ്? ആയിരക്കണക്കിന് ആളുകളെ മതംമാറ്റിയത് ആരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
യഥാര്‍ത്ഥ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കണം
മാപ്പിള കലാപത്തെയും അതിന്റെ നേതാക്കളെയും വെള്ളപൂശാന്‍ അമിതോത്സാഹം കാണിക്കുന്ന കേരള സര്‍ക്കാരും സിപിഎമ്മും തന്റെ മുസ്ലിം പ്രജകളടക്കമുള്ളവരെയെല്ലാം ഒരുമിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച പഴശ്ശിക്ക് കേരള ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുന്നില്ല. വനവാസിയായ ചന്തുവിന്റെ ധീരമായ മരണത്തെപ്പറ്റി പറയുന്നില്ല.
കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപമുയര്‍ത്തിയ വേലുത്തമ്പിയെ വിസ്മരിക്കുന്നു. ഇത്തരത്തില്‍ അനേകം ചോദ്യങ്ങളുയരുന്നുണ്ട്. കേരളത്തില്‍ അവഗണനയ്ക്കും മറവിക്കും തമസ്കരണത്തിനും വിധേയരായ അനേകം സ്വാതന്ത്ര്യസമരസേനാനികളുണ്ട്. കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന് അത്തരത്തില്‍ ഒരാളാണ്. കേരളത്തിലെ പ്രധാനമായും മലബാറിലെ സ്വാതന്ത്ര്യസമര സേനാനികളെ അംഗീകരിക്കാനുള്ള അവസരമായി സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം മാറണം. ഡച്ച് അധിനിവേശത്തെ കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ മാര്‍ത്താണ്ഡവര്‍മ്മ, വിദേശത്തുപോയി ബ്രിട്ടീഷുകാര്‍ക്കെതിരായി പൊരുതിയ ചെമ്പകരാമന്‍പിള്ള എന്നിവരും നമ്മുടെ തലമുറകള്‍ക്ക് അന്യമായിക്കൂടാ.
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ജനങ്ങള്‍ ഈ ധീരനായകരെക്കുറിച്ച് ഓര്‍മയും അറിവും ആദരവും വളര്‍ത്താന്‍ സാധിക്കണം. ജനങ്ങളെ ഒരുമിപ്പിച്ച് വരെയാണ്, ഭിന്നിപ്പിച്ചവരെയല്ല സമൂഹം ഓര്‍ക്കേണ്ടത്. ജനകീയ ശക്തി വൈദേശികാധിപത്യത്തിനെതിരെ തിരിച്ചുവിടാം. ഈ ധീരനായകരെ അംഗീകരിക്കാനും ആദരിക്കാനും കേരളം തയ്യാറാവണം. അല്ലാതെ മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച മതഭീകരവാദിക്ക് പട്ടും വളയും നല്കി ആദരിക്കുകയല്ല ചെയ്യേണ്ടത്.
കമ്യൂണിസ്റ്റ് മുതലെടുപ്പ്
മലബാര്‍ കലാപം ഹിന്ദു വംശഹത്യയല്ല, കാര്ഷികലാപമാണെന്ന് പറഞ്ഞുപരത്തിയത് കമ്യൂണിസ്റ്റുകാരാണ്. മുസ്ലിം നേതാക്കള്‍ പോലും അക്കാലത്ത് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചിട്ടില്ല. സവര്‍ക്കര്‍, അംബേദ്കര്‍, ആനിബസന്റ് തുടങ്ങിയവരും അതിനെ ഹിന്ദുവംശഹത്യയായാണ് കണ്ടത്. ആനിബസന്റ് മലബാറില്‍ നേരിട്ടുവന്ന് വസ്തുതകള്‍ മനസ്സിലാക്കിയശേഷമാണ് ഇതിനെ ഹിന്ദുവംശഹത്യ എന്നു പറഞ്ഞത്.
കമ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ മുതലെടുപ്പിന് മാപ്പിള ലഹളയെ വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയാണ്. കലാപത്തിന് ഹിന്ദു ജന്മികള് ഇരയായിട്ടുണ്ട്. എന്നാല്‍ അവര്‍ കലാപകാരികളുടെ കൊലക്കത്തിക്ക് ഇരയായത് ജന്മികളായിരുന്നതിനാലല്ല. മറിച്ച് ഹിന്ദുക്കളായിരുന്നതിനാലാണ് എന്നത് വ്യക്തമാണ്. ഇങ്ങനെയുള്ള കലാപത്തിന് കാര്‍ഷിക ലഹള പട്ടം ചാര്‍ത്തിക്കൊടുത്ത് വെള്ള പൂശുന്നത് കമ്യൂണിസ്റ്റുകള്‍ ഹിന്ദുക്കളോടു ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണ്.
ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ഗാന്ധിജി അത് കാര്ഷികലഹളയെന്ന് വിളിച്ചിട്ടില്ല. മലബാറിലെ മുസ്ലിങ്ങളുടെ ഹിന്ദുനരനായാട്ടിനെ ഗാന്ധിജി ന്യായീകരിക്കുകയാണെന്ന് ആരോപണമുയര്‍ന്നപ്പോള്‍ പോലും അതിന് കാര്‍ഷിക കലാപം എന്ന് വിളിച്ചിട്ടില്ല. മറിച്ച് അദ്ദേഹം “brave God fearing Mappila’s who where fighting for what they consider as religion and in a manner which they consider as religious” ഇവിടെ ‘മതപരമായ’ അക്രമമാണ് നടന്നതെന്ന് ഗാന്ധിജിക്ക് സംശയമേയില്ല. അംബേദ്കര്‍ പറഞ്ഞു: “The aim was to establish a kingdom of Islam by overthrowing the British Government’ ഗാന്ധിജിക്കും അംബേദ്കറിനും അക്രമം മതപരമാണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലായിരുന്നു. എന്നുമാത്രമല്ല, ഗാന്ധിജി അത് ഇസ്ലാം മതത്തിന്റെ വിശ്വാസപ്രകാരമാണെന്ന് ന്യായീകരിക്കുകയും ചെയ്തു.
കാര്‍ഷിക ലഹള എന്നു പറയുന്നവര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. ലോകത്തെല്ലായിടത്തും കാര്‍ഷിക കലാപമുണ്ടാകുന്നതിന് മുന്‍പായി അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്. കര്‍ഷകരുടെ ബോധവല്‍ക്കരണവും അതിനായി മീറ്റിങ്ങുകള്‍, അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍, ലഘുലേഖകള്‍ എന്നിവ പ്രസിദ്ധീകരിക്കാറുമുണ്ട്. ഇതിലൊന്നും തന്നെ മാപ്പിളലഹളയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. കാര്‍ഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഒരു മുദ്രാവാക്യം പോലും കലാപകാരികള്‍ ഉയര്‍ത്തിയതായി പറയുന്നില്ല. മറിച്ച് അവ മതപരമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്. ഹിന്ദു ജന്മിമാര് മാത്രമാണ് കലാപത്തിന്റെ ഇരകളായത്. മുസ്ലിം ജന്മിമാര് കലാപകാരികളുടെ സംരക്ഷണവലയത്തിലായിരുന്നു. ഇത് സൂചിപ്പിക്കുന്നത് കാര്‍ഷിക പ്രശ്നങ്ങളല്ല കലാപത്തിന് കാരണമെന്നുതന്നെയാണ്.
ലക്ഷ്യമിട്ടത് ഇസ്ലാമിക രാജ്യം
ലഹളയുടെ നേതാക്കളാരും ഭാരത സ്വാതന്ത്ര്യം നേടേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ചിട്ടില്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ തുടങ്ങിയ സ്ഥാപിച്ച രാജ്യത്ത് മുസ്ലിം ഭരണമായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയല്ല, ഇസ്ലാമിക രാജ്യം സ്ഥാപിക്കാനാണ് അവര്‍ ശ്രമിച്ചത്. ജെസിയ തുടങ്ങിയ മതനികുതികള് നല്കി ഡിമ്മികളായി ജീവിക്കാന്‍ ഹിന്ദുക്കളെ അവര്‍ അനുവദിച്ചു.
ചരിത്രത്തില്‍ മുറിപ്പെടുത്തുന്ന ഓര്‍മകള്‍ സ്മരിക്കാം. പക്ഷേ അവ ആഘോഷിക്കുന്നത് മുറിവില്‍ ഉപ്പു തേയ്ക്കലാണ്. മാപ്പിളലഹളയുടെ നൂറാം വാര്‍ഷികം ഹിന്ദുക്കളും മുസ്ലിങ്ങളും ചേര്‍ന്ന് പ്രായശ്ചിത്ത വര്‍ഷമായി ആചരിക്കുന്നതാണ് ഉചിതം. ഇനി ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം. അതേസമയം വീര പഴശ്ശി, വേലുത്തമ്പി തുടങ്ങി ജനമനസ്സില്‍ സ്വാതന്ത്ര്യത്തിന്റെ സമരജ്വാല കൊളുത്തിയ സേനാനികളെ ഓര്‍മിക്കുന്നതും ആരാധിക്കുന്നതും വഴി സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ അത്യന്തം പ്രേരണാദായകമായ ഒരു മനോഗതി ജനങ്ങളിലും വളര്‍ത്താന്‍ സാധിക്കും.
അവര്‍ക്ക് ഉചിതമായ സ്മാരകങ്ങളും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പഠനങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ ഈയവസരം ഉപയോഗപ്പെടുത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: