അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസിയുവില്‍ രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത് നാലു ദിവസത്തിന് ശേഷമെന്ന് പരാതി. ചെങ്ങന്നൂര്‍ പെരുങ്ങാല കവിണോടിയില്‍ വീട്ടില്‍ തങ്കപ്പനാ (68)ണ് കഴിഞ്ഞ 10ന് കൊവിഡ് ഐസിയുവില്‍ മരിച്ചത്. ഈ വിവരം രോഗിയോടൊപ്പം പരിചരിക്കാനുണ്ടായിരുന്ന മകന് ജിത്തു അറിയുന്നത് 14ന് വൈകിട്ട് ആറിന്. മൃതദേഹം 15ന് വൈകിട്ടോടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടക്കം ചെയ്യാന്‍ ബന്ധുക്കള്‍ ഏറ്റെടുത്തു.
ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: കൊവിഡ് ബാധിച്ച തങ്കപ്പന്റെ ഭാര്യ ചന്ദ്രികയെ കഴിഞ്ഞ ആറിന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ച് വീണ് പരിക്കേറ്റ ചന്ദ്രികയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ചന്ദ്രികയെ പരിചരിക്കാന്‍ ഒപ്പമുണ്ടായിരുന്ന തങ്കപ്പനും ഒന്‍പതിന് കുഴഞ്ഞുവീണു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന തങ്കപ്പനെ 10ന് ഐസിയുവിലേക്ക് മാറ്റി.
ഇവരുടെ പരിചരണത്തിനായി മകന് ജിത്തുവും ഒപ്പമുണ്ടായിരുന്നു. ദിവസവും അച്ഛന്റെ വിവരങ്ങള്‍ ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് അന്വേഷിച്ചിരുന്നു. ജിത്തുവിന്റെ മൊബൈല്‍ നമ്പരും നല്‍കിയിരുന്നു. എന്നാല്‍ 14ന് വൈകിട്ട് ആറോടെ അറിയുന്നത് തങ്കപ്പന് 10ന് മരിച്ചതായാണ്. നമ്പരും മേല്‍വിലാസവും കൃത്യമായിരുന്നില്ലെന്നും അതുകൊണ്ടാണ് മരിച്ച വിവരം അറിയിക്കാന്‍ സാധിക്കാതിരുന്നതെന്നുമാണ് ഐസിയു അധികൃതര്‍ പറഞ്ഞത്.
പരാതിയുമായി മുന്നോട്ട് പോകരുതെന്ന നിര്‍ദേശവും നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ബന്ധുക്കള്‍ അമ്പലപ്പുഴ പോലീസിന് പരാതി നല്കി. കൊവിഡ് ബാധിതനായ ഹരിപ്പാട് സ്വദേശി മരിച്ച വിവരം ബന്ധുക്കളെ അറിക്കുന്നത് രണ്ടു ദിവസം കഴിഞ്ഞാണെന്ന പരാതി ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അടുത്ത പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: