അമ്പലപ്പുഴ : അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരില്‍ വ്യാജ പ്രചരണം. ദേവസ്വം അധികൃതര്‍ പോലീസില്‍ പരാതി നല്കി.തിരുവോണ നാളില്‍ പത്തു പേര്‍ക്ക് കുടിക്കാവുന്ന രീതിയില്‍ ഒരു ലിറ്റര്‍ പാല്‍പ്പായസം വീടുകളിലെത്തിക്കുമെന്ന് കാട്ടിയാണ് പരസ്യം പ്രചരിപ്പിക്കുന്നത്.
ഒരു ലിറ്റര്‍ പാല് പായസത്തിന്റെ വിലയായ 300 രൂപ അക്കൗണ്ട്, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ സംവിധാനങ്ങളിലൂടെ നല്‍കാമെന്നും പരസ്യത്തില്‍ പറയുന്നു.വെള്ളിയാഴ്ച വരെ ബുക്ക് ചെയ്യുന്നതിനായി ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്.
ആലപ്പുഴ, മാരാരിക്കുളം, പള്ളാത്തുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ പാല്‍പ്പായസം വീടുകളിലെത്തിക്കുമെന്നാണ് പരസ്യത്തിലുള്ളത്. അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്കി.
ലോക പ്രശസ്തമായ അമ്പലപ്പുഴ പാല്പായസം എല്ലാ ഓണക്കാലത്തും വില്പന ചരക്ക് ആക്കാന്‍ തല്പര കക്ഷികള്‍ ശ്രമിക്കുന്നു. അമ്പലപ്പുഴ പാല്പായസം തിരുവോണനാളില്‍ വീടുകളില്‍ എത്തിക്കും എന്ന സമൂഹ മാധ്യമ പരസ്യങ്ങള്‍ വഴി ചരിത്രവും, ഐതിഹ്യവും, വിശ്വാസവും ഒത്തുചേരുന്ന അമ്പലപ്പുഴ പാല്പായസ മഹിമ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നിയമ നടപടിസ്വീകരിക്കണമെന്ന് വിഎച്ച്പി വിഭാഗ് ജോ.സെക്രട്ടറി എം.ജയകൃഷ്ണന് അമ്പലപ്പുഴ പോലിസില്‍ പരാതി നല്കി. ആചാരങ്ങള്‍ക്കും, വിശ്വാസങ്ങള്ക്കുമെതിരേയുള്ള ഏതൊരു നീക്കവും ശക്തിയുക്തം എതിര്‍ക്കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: