ശ്രീഹരി മനയ്ക്കല്‍
ഭഗത് സിങ്
സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പാഠപുസ്തകങ്ങളിലൂടെ നാം പഠിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ നൂറിരട്ടി വസ്തുതകള്‍ നമ്മളില്‍നിന്നും മറച്ചുവയ്ക്കപ്പെട്ടിട്ടുണ്ട്. ഇതിലൊന്നാണ് ഭഗത് സിങ്ങിന്റെ ഐതിഹാസിക ജീവിതം.
ഭഗത് സിങ്ങിന്റെ അച്ഛന് കിഷന് സിങ്ങും അമ്മാവന് അജിത് സിങ്ങും ഗദ്ദര്‍പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ തൂത്തെറിയാനായി അമേരിക്കയില്‍ രൂപീകൃതമായ വിപ്ലവ സംഘടനയായിരുന്നു ഗദ്ദര്‍ പാര്‍ട്ടി. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രണ്ടുപേരും പലതവണ ജയിലിലടയ്ക്കപ്പെട്ടു. അജിത് സിങ്ങിന്റെ പേരില്‍ 22 ഓളം കേസുകളുണ്ടായിരുന്നു. കാലാപാനിയിലേക്കുള്ള തടവുശിക്ഷയില്‍നിന്നും രക്ഷപ്പെടുന്നതിനായി അദ്ദേഹം ഇറാനിലേക്കു പോയി.
നാനൂറോളം പേര് കൊല്ലപ്പെട്ട ജാലിയന്‍വാലാബാഗ് സംഭവത്തിന്റെ സ്മരണകളിരമ്പുന്ന പഞ്ചാബിലാണ് ഭഗത്സിങ് വളര്‍ന്നത്. 14 വയസ്സുകാരനായ ഭഗത്സിങ് ജാലിയന്‍വാലാബാഗില്‍ പോവുകയും ബലിദാനികളുടെ രക്തപൂരിതമായ ഒരുപിടി മണ്ണ് തന്റെ ചോറ്റുപാത്രത്തില്‍ ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്തു. ഭഗത്സിങ്ങിന്റെ ബലിദാന്‍ ദിനത്തില്‍ ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ”ഭഗത്സിങ് ജീവിക്കുവാനാഗ്രഹിച്ചില്ല. അദ്ദേഹം മാപ്പുപറയാനോ എന്തിന് ഒരു അപ്പീല്‍ നല്കുവാനോ പോലും തയ്യാറായില്ല. അക്രമരഹിത സമരത്തെ ഭഗത്സിങ് പിന്തുണച്ചിരുന്നില്ല. എന്നാല്‍ അക്രമമാര്‍ഗം സ്വീകരിച്ചത് മാതൃരാജ്യത്തെ രക്ഷിക്കാന്‍ വേറെ വഴിയില്ലെന്നു കരുതിയാണ്.”
മാഡം ഭിക്കാജി കാമ
ജന്മജാത ദേശഭക്തയായിരുന്നു മാഡം ഭിക്കാജി കാമ. റുസ്തം കെ.ആര്.കാമയെയാണ് അവര്‍ വിവാഹം കഴിച്ചത്. സമ്പന്നനും മാന്യനുമായ സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായിരുന്നു റുസ്തം. ഭാര്യയും ഭര്‍ത്താവും ആശയപരമായി ഇരുധ്രുവങ്ങളിലായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യക്കുവേണ്ടി ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്തു എന്നു കരുതിപ്പോന്ന ആളായിരുന്നു റുസ്തം. എന്നാല്‍ ഇന്ത്യയെ ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചു നശിപ്പിച്ചെന്നും, അവരെ ഇവിടെനിന്നും തുരത്തിയോടിക്കണമെന്നും ഭിക്കാജി ഉറച്ചുവിശ്വസിച്ചു. ഒടുവില്‍ ഭാര്യാഭര്ത്താക്കന്മാര് വേര്‍പി
രിഞ്ഞു. ഇന്ത്യയുടെ ത്രിവര്‍ണ പതാക ആദ്യമായി പ്രകാശിപ്പിച്ചത് മാഡം ഭിക്കാജി കാമയായിരുന്നു. 1907 ല്‍ ജര്‍മ്മനിയിലെ സ്റ്റട്ട്ഗര്‍ട്ടില്‍ വച്ചായിരുന്നു അത്. കുങ്കുമം, ചുവപ്പ്, പച്ച എന്നീ നിറങ്ങളോടുകൂടിയ ആ ത്രിവര്‍ണ പതാക രൂപകല്‍പ്പന ചെയ്തത് വീരസാവര്‍ക്കറും സഹവിപ്ലവകാരികളും ചേര്‍ന്നാണ്. എട്ട് പ്രവിശ്യകളെ സൂചിപ്പിക്കുന്ന എട്ട് താമരകളും, ദേവനാഗരിയില്‍ വന്ദേമാതരമെന്നും അതില്‍ ആലേഖനം ചെയ്തിരുന്നു. സൂര്യചന്ദ്രന്മാരും ആലേഖനം ചെയ്യപ്പെട്ടിരുന്നു. ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടിയ 1907 ആഗസ്റ്റ് മൂന്നാം വാരത്തിലെ പൊതുചടങ്ങില്‍ ത്രിവര്‍ണ പതാക അവതരിപ്പിച്ചുകൊണ്ട് മാഡം കാമ ഇങ്ങനെ പറഞ്ഞു:
”സ്വതന്ത്രഭാരതത്തിന്റെ പതാകയാണിത്. അതെ, അത് പിറവികൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ബലിവേദിയില്‍ തൂകപ്പെട്ട യുവ വിപ്ലവകാരികളുടെ രക്തത്താല്‍ ഇത് പരിപൂതമാക്കപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കളേ, എഴുന്നേറ്റു നിന്ന് ഈ പതാകയെ അഭിവാദ്യം ചെയ്താലും!” സ്വാതന്ത്ര്യ സമ്പാദനത്തിന് കേവലം നാല്‍പ്പതു വര്‍ഷം മുന്‍പായിരുന്നു ദേശസ്നേഹികളില്‍ നവോന്മേഷം പകര്‍ന്ന ഈ സംഭവം. ഇന്ദു യാഗ്നിക് ഈ പതാക ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഇന്നത് പൂനെയിലെ ലൈബ്രറിയിലെ പ്രദര്‍ശനിയിലുണ്ട്.
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള പുസ്തകം രചിക്കുന്നതിന് എല്ലാവിധ പ്രോത്സാഹനങ്ങളും മാഡം ഭിക്കാജി കാമ സാവര്‍ക്കറിന് നല്‍കിയിരുന്നു. ഹോളണ്ടില്‍നിന്നും അത് പ്രിന്റ് ചെയ്യാനും, ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതിനാല്‍ ‘ഡോണ്‍ ക്വിക്സോട്ട്’ പുസ്തകങ്ങളെന്ന വ്യാജേന ഇന്ത്യയില്‍ അവ എത്തിക്കാനും മാഡം കാമ സഹായിച്ചു.
സുഭാഷ് ചന്ദ്രബോസ്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിന്നും തങ്ങളുടെ മകന് അകന്നുനില്ക്കണമെന്നായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചത്. മകന് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ഉന്നതപദവിയില്‍ എത്തണമെന്നവരാഗ്രഹിച്ചു. സുഭാഷ് ചന്ദ്രബോസ് മാതാപിതാക്കളുടെ ആഗ്രഹപ്രകാരം സിവില്‍ സര്‍വ്വീസ് പരീക്ഷ നാലാം റാങ്കോടെ വിജയിച്ചെങ്കിലും ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെത്തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് ഇംഗ്ലണ്ടില്‍നിന്നു മടങ്ങി.
ജര്‍മ്മനി ഉള്‍പ്പെടുന്ന അച്ചുതണ്ട് ശക്തികള്‍ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടാനുള്ള സൈനിക സഹായം ബോസിനു നല്കി. ലോകശക്തിയായി വളര്‍ന്നുവന്നുകൊണ്ടിരുന്ന ജപ്പാനുമായും ബോസ് സഖ്യത്തിലെത്തി. സാഹസികമായി യാത്ര ചെയ്തുകൊണ്ട് അദ്ദേഹം ജപ്പാനിലെത്തി. നാല്‍പ്പതിനായിരം സൈനികരടങ്ങുന്ന സേനയുടെ തലവനായി അവരോധിക്കപ്പെട്ടു. ആ സേന ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്നറിയപ്പെട്ടു. ബോസിന്റെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര സര്‍ക്കാരും രൂപീകരിക്കപ്പെട്ടു. ആസാദ് ഹിന്ദ് സര്‍ക്കാര്‍ എന്നായിരുന്നു അതിന്റെ പേര്.
ബോസിന്റെ നേതൃത്വത്തില്‍ ഐഎന്‍എ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹത്തെ ബ്രിട്ടീഷുകാരില്‍നിന്നും പിടിച്ചെടുക്കുകയും അവയ്ക്ക് സ്വരാജ് ഷഹീദ് ദ്വീപുകള്‍ എന്നു പേരിടുകയും ചെയ്തു.
സ്വാതന്ത്ര്യ വീരസവര്‍ക്കര്‍
കേവലം പതിനൊന്ന് വയസ് പ്രായത്തില്‍ വീരസാവര്‍ക്കര്‍ ബാലന്മാരുടെ ഒരു സംഘം രൂപീകരിച്ചിരുന്നു. മിത്രമേള എന്നായിരുന്നു അതിന്റെ പേര്. ഏതു പരിതസ്ഥിതിയെയും നേരിടാനുള്ള ശാരീരിക- മാനസിക ആരോഗ്യം എല്ലാവരും കരസ്ഥമാക്കണമെന്ന് സാവര്‍ക്കര്‍ കൂടെയുള്ളവരെ ബോധ്യപ്പെടുത്താറുണ്ടായിരുന്നു. ആ ലക്ഷ്യത്തോടെ നീന്തല്‍, ദീര്‍ഘകാല യാത്രകള്‍, മലകയറല്‍ എന്നിവ അദ്ദേഹം കൂട്ടുകാരോടൊത്ത് സംഘടിപ്പിച്ചു.
കാലാപാനിയിലെ സെല്ലുലാര്‍ ജയിലില്‍ വീര സാവര്‍ക്കറിന് എഴുതാന്‍ പേനയോ കടലാസോ ലഭിച്ചിരുന്നില്ല. അതിന് പക്ഷേ അദ്ദേഹത്തിന്റെ സാഹിത്യവാസനയെ തടയാനായില്ല. തന്നെ പാര്‍പ്പിച്ച സെല്ലിന്റെ ഭിത്തിയില്‍ കൂര്‍ത്ത ആണികൊണ്ടദ്ദേഹം ‘കമല’ എന്ന കാവ്യം കോറിയിട്ടു. സാവര്ക്കറില്നിന്നും മറാത്തി പഠിച്ച ഒരു സുഹൃത്ത് ഈ കാവ്യം മനഃപാഠമാക്കുകയും, അദ്ദേഹം ജയില്‍ മോചിതനായപ്പോള്‍ അതു മുഴുവന്‍ കടലാസില്‍ എഴുതി സാവര്‍ക്കറിന്റെ ബന്ധുക്കള്ക്കയച്ചു കൊടുക്കുകയും ചെയ്തു.
ഡോ. ഹെഡ്ഗേവാര്‍
സ്വാതന്ത്ര്യസമരത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം വഹിച്ച പങ്ക് തമസ്കരിക്കാന്‍ ഇടതു-കോണ്‍ഗ്രസ്സ് ചരിത്രകാരന്മാര് പരസ്പരം മത്സരിക്കാറുണ്ട്. സംഘസ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ വിപ്ലവസംഘടനകളായ യുഗാന്തറിലും അനുശീലന്‍ സമിതിയിലും അംഗമായിരുന്നു. അരവിന്ദ ഘോഷ്, ത്രൈലോക്യനാഥ് ചക്രവര്‍ത്തി, റാഷ് ബിഹാരി ബോസ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നത്. ഹെഡ്ഗേവാര്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിറങ്ങിയ സമയത്ത് മധ്യപ്രവിശ്യയില്‍ ആകെ എഴുപത്തിയഞ്ച് ഡോക്ടര്‍മാരെ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും തൊഴില്‍ ചെയ്ത് ധനം സമ്പാദിക്കുന്നതിനു പകരം ഭാരത സ്വാതന്ത്ര്യ സമ്പാദനത്തിനുവേണ്ടി പ്രവര്ത്തിക്കാനാണദ്ദേഹം തീരുമാനിച്ചത്.
ഖിലാഫത്തിന് മുന്‍തൂക്കം നല്കി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാനുള്ള ഗാന്ധിജിയുടെ നിലപാടിനോട് ഹെഡ്ഗേവാറിന് യോജിപ്പുണ്ടായിരുന്നില്ല. എങ്കിലും സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേരുന്നതിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലും പ്രസംഗങ്ങളിലും അദ്ദേഹം ഏര്‍പ്പെട്ടു. കാരോള്‍, ഭാരത്വാഡ എന്നിവിടങ്ങളില്‍ ചെയ്ത പ്രസംഗങ്ങളുടെ പേരില്‍ 1921 മെയില്‍ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. കോടതിയില്‍ അദ്ദേഹം നല്കിയ പ്രസ്താവന വായിച്ച ജഡ്ജി പറഞ്ഞതിപ്രകാരമാണ്: ”ഈ പ്രസ്താവന ഇദ്ദേഹത്തിന്റെ പ്രസംഗത്തേക്കാള്‍ രാജദ്രോഹപരമാണ്!” ഇതേതുടര്‍ന്ന് തടവിലാക്കപ്പെട്ട ഹെഡ്ഗേവാര്‍ 1922 ജൂലൈയില്‍ ജയില്‍ മോചിതനായി. ജയില്‍ മോചിതനായ അദ്ദേഹത്തിന് കോണ്‍ഗ്രസ് നല്കിയ സ്വീകരണത്തില്‍ മോത്തിലാല്‍ നെഹ്റുവും ഹക്കീം അജ്മല്‍ ഖാനും സന്നിഹിതരായിരുന്നു.
1930 ജൂലായ് 12 ന് ഡോ. എല്‍.വി. പരാഞ്ജ്പേയോടൊപ്പം പങ്കെടുത്ത ചടങ്ങില്‍ ‘വന സത്യഗ്രഹ’ത്തില്‍ പങ്കെടുക്കുന്നതായി ഹെഡ്ഗേവാര്‍ പ്രഖ്യാപിച്ചു. അതിനുവേണ്ടി സര്‍സംഘചാലക് പദവിയില്‍നിന്നും രാജിവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. പതിനൊന്നു പേരോടൊപ്പം വന സത്യഗ്രഹം ചെയ്ത് അദ്ദേഹം 1930 ജൂലായ് 21 അറസ്റ്റു വരിച്ചു. അന്നുതന്നെ വിചാരണ ചെയ്യപ്പെട്ടു. അദ്ദേഹത്തെ പിന്തുണച്ച് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കപ്പെട്ടു. ജസ്റ്റിസ് ബറൂച്ച്, ഹെഡ്ഗേവാറിന് ഒന്‍പതു മാസത്തെ കഠിനതടവ് വിധിച്ചു. അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ പതിനൊന്ന് പേര്‍ക്ക് നാല് മാസത്തെ തടവുശിക്ഷയും കിട്ടി. ഇത് ഹെഡ്ഗേവാറിന്റെ രണ്ടാമത്തെ ജയില്‍വാസമായിരുന്നു. മധ്യപ്രവിശ്യയിലെ സിവില്‍ നിയമലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങളില്‍ വിജയിച്ച ഒന്നായിരുന്നു ഹെഡ്ഗേവാറിന്റെ നേതൃത്വത്തില്‍ നടന്ന വന സത്യഗ്രഹം. ജയില്‍ മോചിതനായ ഹെഡ്ഗേവാര്‍ സര്‍സംഘചാലക് ചുമതലയില്‍ തിരികെയെത്തി. ഹെഡ്ഗേവാര്‍ ജയിലിലായിരുന്ന സമയത്ത് പരാഞ്ജപേ ആയിരുന്നു സര്‍സംഘചാലകിന്റെ ചുമതല വഹിച്ചിരുന്നത്.
വിഭജനത്തോടൊപ്പം 1947 ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. മുഴുവന്‍ രാജ്യവും ഒന്നുചേര്‍ന്ന് സ്വാതന്ത്ര്യലബ്ധി ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ ഒരു ഭാഗം ചോരയില്‍ കുതിര്‍ന്നു. ദല്ഹിയിലിരിക്കുന്നവര് ദുരിതമനുഭവിക്കുന്ന ഹിന്ദുക്കളെ തിരിഞ്ഞുനോക്കിയില്ല. പ്രത്യേകിച്ച് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുള്ളവരെ. 1949 ല്‍ പ്രസിദ്ധീകരിച്ച ”നൗ ഇറ്റ് ക്യാന്‍ ബി ടോള്‍ഡ്” എന്ന പുസ്തകത്തില്‍ പ്രൊഫ. എ.എന്‍. ബാലി ദുരിതക്കയത്തിലകപ്പെട്ട ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഗുരുജി ഗോള്‍വല്‍ക്കറുടെ നേതൃത്വത്തില്‍ സ്വയംസേവകര്‍ സംരക്ഷണം നല്‍കിയതിനെപ്പറ്റിയും ഇന്ത്യയിലേക്ക് എത്താന്‍ സഹായിച്ചതിനെപ്പറ്റിയും, വിവരിക്കുന്നുണ്ട്. പോലീസ് ലീഗുകാരെപ്പോലെ പെരുമാറിയെന്നും, സുചേതാ കൃപലാനിയും ഗാന്ധിയും രാജേന്ദ്ര പ്രസാദും നല്കിയ ഉപദേശങ്ങള്‍ ഹിന്ദു-സിഖ് സമൂഹത്തിന് രക്ഷ നല്‍കിയില്ലെന്നും രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ സമര്‍പ്പിതചിത്തരായ യുവാക്കള്‍ മാത്രമാണ് അവരുടെ രക്ഷയ്ക്കെത്തിയതെന്നും എ.എന്‍. ബാലി പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: