ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍
1600 ല്‍ ക്രിസ്തുമസ് സമ്മാനമായിട്ടായിരുന്നു എലിസബത്ത് രാജ്ഞി (1558-1603) ജോണ്‍ കമ്പനിക്ക് ഇന്ത്യയുമായി പതിനഞ്ചുവര്‍ഷം കച്ചവടം ചെയ്യുന്നതിന് അനുവാദം നല്‍കിയത്. ഈ ചെറിയ കരാറിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഭരണം 1858 വരെ നിലനിന്നു. ലാഭകരമായതിനാല്‍ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന് കമ്പനി ഭരണം അവസാനിപ്പിച്ച് ഇന്ത്യയുടെ ഭരണം ഇംഗ്ലീഷുകാര്‍ നേരിട്ട് നടത്തിവന്നത് 1947 ല്‍ അവസാനിപ്പിച്ചു. അതിന്റെ പ്രാരംഭമായിട്ടായിരുന്നു ജവഹര്‍ലാലിന്റെ നേതൃത്വത്തില്‍ 1946 ല്‍ തന്നെ ഒരു താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാക്കപ്പെട്ടത്. ഭരണമാറ്റം സുനിശ്ചിതമായിക്കഴിഞ്ഞിരുന്നു.
കല്ലറ, പാങ്ങോട്, ചെങ്ങന്നൂര്‍
1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കപ്പെട്ടത് നാട്ടുകാരാല്‍ അല്ല. ബ്രിട്ടീഷ് നയങ്ങളോടുള്ള ഇന്ത്യാക്കാരുടെ പ്രതികരണം അറിയാന്‍ വേണ്ടി ബ്രിട്ടീഷുകാരാല്‍ തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ ഉത്ഭവവും. ഉറക്കം തൂങ്ങി നയം അവസാനിപ്പിച്ച് സ്വരാജ് ലക്ഷ്യമാക്കിയപ്പോള്‍ (1905-1920) മുതല്‍ കോണ്‍ഗ്രസ് ഒരു കാര്യം തീരുമാനിച്ചിരുന്നു. നാട്ടുരാജ്യങ്ങളില്‍ സ്വാതന്ത്ര്യസമ്പാദന സമരങ്ങള്‍ വേണ്ട. അവിടെ വേണ്ടിയിരുന്നത് ഉത്തരവാദിത്ത ഭരണത്തിനുവേണ്ടിയുള്ള സമരങ്ങളായിരുന്നു. അതുകൊണ്ട് കല്ലറ-പാങ്ങോട്-ചെങ്ങന്നൂര്‍ സമരങ്ങളില്‍ (1938) കോണ്‍ഗ്രസ് അനുഭാവികളുടെ സമരങ്ങളാണ് അരങ്ങേറിയിരുന്നത്. ഫ്രാങ്കോ രാഘവന്‍പിള്ള നയിച്ച കടയ്ക്കല്‍ സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ട് സമരരംഗത്തെത്തി. കല്ലറ, പാങ്ങോട് സമരങ്ങളില്‍ അപ്പീല്‍ പോയിട്ടും തൂക്കിലേറ്റപ്പെട്ട കൊച്ചപ്പിപിള്ളയും പട്ടാളം കൃഷ്ണനും സമരാഗ്നി വ്യാപിപ്പിച്ചതിന്റെ രക്തസാക്ഷികളായിരുന്നു. പോലീസ് കസ്റ്റഡിയില്‍ മരിച്ച സുലൈമാന്പിള്ളയും കല്ലറ പ്ലക്കീഴില് കൃഷ്ണപിള്ളയും കൊച്ചു നാരായണനാശാരിയും പോലീസ് അതിക്രമത്തിന്റെ രക്തസാക്ഷികളായിരുന്നു കല്ലറ-പാങ്ങോട് സമരത്തില്‍.
ഇതൊക്കെ രാജ്യാഭിമാനം മൂലവും രാജ്യസ്നേഹം മൂലവും ഉണ്ടായ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളായിരുന്നു. ആരൊക്കെ അംഗീകരിച്ചാലും പുന്നപ്ര വയലാര്‍ സമരം നെഹ്റു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്നവയായതിനാല്‍ സ്വാതന്ത്ര്യസമരമായി അംഗീകരിക്കുവാന്‍ സധ്യമല്ല എന്ന ശുപാര്‍ശയായിരുന്നു എ.പി.
ഉദയഭാനുവിന്റേത്. (മുന്‍ കെപിസിസി അധ്യക്ഷനും മാതൃഭൂമി പത്രാധിപരും). ആര്‍എസ്പി നേതാവ് ശ്രീകണ്ഠന്‍നായരുടെ ഉത്തേജനത്താല്‍ സര് സിപിയുടെ ജീവന് അവസാനിപ്പിക്കാന്‍ തുനിഞ്ഞ മണിസ്വാമിയുടെ പ്രവൃത്തിയോടെ ദിവാന് ഭരണത്തിനും രാജഭരണത്തിനും തിരശ്ശീല വീണുവെന്ന് കാണാം. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള തിരുവിതാംകൂറിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. സര് സിപി തലസ്ഥാനം വിട്ട് പോയതോടെ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ വരുമെന്ന് ഉറപ്പായി.
ഉത്തരവാദിത്ത ഭരണം
കൊച്ചിയില്‍ ഇക്കണ്ടവാര്യരുടെ നേതൃത്വത്തിലുള്ള പ്രജാമണ്ഡലവും ഉത്തരവാദിത്തഭരണം ഉറപ്പാക്കി. മലബാര്‍ ഇംഗ്ലീഷുകാര്‍ നേരിട്ട് ഭരിച്ചിരുന്ന പ്രദേശമായതിനാല്‍ ഉത്തരവാദിത്ത ഭരണത്തിനുവേണ്ടിയുള്ള സമരമില്ലാതെ തന്നെ സ്വതന്ത്ര മലബാര്‍ ജില്ലയും പിന്നീട് കേരളത്തിന്റെ ഭാഗവുമായിത്തീര്ന്നു. മുഹമ്മദലി ജിന്നയും ഇഖ്ബാലും താല്‍പ്പര്യം കാണിക്കാതിരുന്ന ഖിലാഫത്ത് സമരം മലബാറില്‍ അരങ്ങേറിയതിന്റെ തിക്തഫലങ്ങള്‍ കുറച്ചൊന്നുമല്ല കേരളീയര്‍ അനുഭവിച്ചത്. ഇന്നും അതിന്റെ പ്രതിഫലനം കേരള സമൂഹത്തെ ഏറെക്കുറെ രണ്ടാക്കിമാറ്റിയിരിക്കുന്നുവെന്ന് ഒരു നൂറ്റാണ്ടുപിന്നിട്ടപ്പോള് നമുക്ക് മനസ്സിലായിട്ടുണ്ട്.
1956-57 കാലത്തെ ഭാഷാ സംസ്ഥാന സൃഷ്ടിയും പൊതുതെരഞ്ഞെടുപ്പും നവകേരള സൃഷ്ടിക്കുള്ള തുടക്കംകുറിക്കലായിരുന്നു. കൃഷിഭൂമി കര്ഷന് എന്ന് തുടങ്ങിയ പരിഷ്കരണങ്ങള്‍ക്ക് തുടക്കംകുറിച്ചതും ഇക്കാലത്തായിരുന്നു. എന്നാല്‍ അക്കാലത്ത് തുടങ്ങിവച്ച പല പരിഷ്കാരങ്ങളും ഇന്നും തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയാണ് എന്നത് ഓരോ കേരളീയനേയും ചിന്തിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണല്ലോ യൂണിവേഴ്സിറ്റി കോളജിലെ ചരിത്ര വിദ്യാര്‍ഥിയായിരുന്ന (1946-49) പത്മവിഭൂഷണ്‍ പി. പരമേശ്വര്‍ജി കേരളത്തിന്റെ മാറുന്ന മുഖഛായ എന്നൊരു ത്രിദിന സെമിനാര്‍ എറണാകുളം ഇടപ്പള്ളി കേരള മ്യൂസിയത്തില്‍ (ആര്. മാധവന്‍നായര്‍ സ്ഥാപിച്ച) നടത്തിയത്. 1995 ലെ ഈ സെമിനാറില്‍ പങ്കെടുത്ത പ്രഗത്ഭരും വിദഗ്ധരുമായ അമ്പതിലധികം പേരുടെ പ്രത്യാശകളെല്ലാം ഇന്നും ജലരേഖയായി പരിണമിച്ചിരിക്കുന്നു.
ജിപി പിള്ളയും ഹൗസ് ഓഫ് കോമണ്‍സും
ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കേരളത്തിന്റെ പങ്കെന്ത് എന്നാലോചിക്കുമ്പോള്‍ ആദ്യം പൊന്തിവരുന്ന പേര് ബാരിസ്റ്റര്‍ ജി. പരമേശ്വരന്‍പിള്ളയുടെ പേരാകുന്നു. യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ ജിപി എഴുതിയ ദിവാന് വിരുദ്ധ, രാജവിരുദ്ധ ലേഖനങ്ങള്‍ അദ്ദേഹത്തേയും രണ്ടുകൂട്ടുകാരേയും തിരുവിതാംകൂര്‍ സംസ്ഥാനം വിടുന്നതിന് നിര്‍ബന്ധിപ്പിച്ചു. മദിരാശിയില്‍ ചെന്ന ജിപി ആദ്യം പല പത്രങ്ങളിലും പ്രവര്‍ത്തിച്ചു. കരുണാകരമേനോന്റെ നിര്യാണത്തെ തുടര്‍ന്ന് മദ്രാസ് സ്റ്റാന്‍ഡേര്‍ഡിന്റെ എഡിറ്ററായി. ഇക്കാലത്ത് ദക്ഷിണാഫ്രിക്കയിലെ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക അനുകൂലമായ നടപടികളായിരുന്നു പത്രത്തിന്റെയും പത്രാധിപരുടെയും ഭാഗത്തുനിന്നുണ്ടായത്. ആഫ്രിക്കന്‍ സമരങ്ങള്‍ക്കുശേഷം ബോംബെയിലെത്തിയ ഗാന്ധിജിക്ക് ഒരു വലിയ നേതാവിനുള്ള സ്വീകരണമാണ് ലഭിച്ചത്. മദിരാശിയിലെത്തിയ ഗാന്ധിജി ‘ഞാന്‍ എന്റെ ഗുരുവിനെത്തേടിയെത്തിയതായിരുന്നു’വെന്ന് യങ് ഇന്ത്യയിലും ഗാന്ധിയന്‍ സാഹിത്യത്തിലും എഴുതിയിട്ടുള്ളത് അഖിലേന്ത്യാതലത്തില്‍ തന്നെ ജിപിക്ക് അദൈ്വതീയസ്ഥാനം നേടിക്കൊടുത്തിരുന്നു. കേരളത്തിലെ അവശസമുദായക്കാരുടെ വിശിഷ്യ ജനസംഖ്യയുടെ ആറില്ലൊന്ന് വരുന്ന ഈഴവര്‍ അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചയ്ക്ക് വന്നതിനും ജിപിയായിരുന്നു ഉത്തരവാദി. ബാരിസ്റ്റര്‍ പരീക്ഷയ്ക്ക് ഇംഗ്ലണ്ടില്‍ പോയിരുന്ന അദ്ദേഹം പല കോമണ്സഭാംഗങ്ങളോടും ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തുകൊണ്ടുള്ള പ്രഭാഷണങ്ങള്‍ വഴി ഇന്ത്യാ വിരുദ്ധ ചേരിയെ നിര്‍ജീവമാക്കുകയും ഉണ്ടായി എന്ന കാര്യം മറക്കാന്‍ സാധ്യമല്ല.
അറിയപ്പെടുന്ന പത്രാധിപരായിരുന്നു പോത്തന് ജോസഫ്. അദ്ദേഹത്തിന്റെ സഹോദരനായിരുന്ന ജോര്‍ജ് ജോസഫ് ‘യങ് ഇന്ത്യ’യുടെ പത്രാധിപരും ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നുവെന്ന് എത്രപേര്‍ക്ക് അറിയാം. 1924-25 ലെ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തുവന്ന ജോര്‍ജിനെ ”വൈക്കത്തെ കാര്യം ഹിന്ദുക്കള്‍ നോക്കട്ടെ” എന്നുപറഞ്ഞുകൊണ്ട് ഗാന്ധിജി യങ് ഇന്ത്യയുടെ എഡിറ്ററാക്കുകയായിരുന്നു.
മദ്യവര്‍ജന പ്രവര്‍ത്തനത്തിലും ജോര്‍ജ് ജോസഫ് കാര്യമായ പങ്കുവഹിച്ചു. അവസാനകാലത്ത് തമിഴ്നാട്ടിലെ സ്വാതന്ത്ര്യസമര സന്നാഹങ്ങളുമായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന സമരഭടനായിരുന്നു ചെങ്ങന്നൂര്കാരനായ ജോര്‍ജ് ജോസഫ്. ഇദ്ദേഹത്തിന്റെ മകള്‍ മേരി ജോസഫും സമരാങ്കണത്തില്‍ ഉണ്ടായിരുന്നു.
ഗാന്ധിജിയെ അവിശ്വസിച്ച സര് സി. ശങ്കരന് നായര്‍
അമൃത്സര്‍ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് വൈസ്രോയിയുടെ കാര്യനിര്‍വഹണ സമിതിയില്‍ നിന്നും രാജിവച്ച ഒരാള്‍ കേരളീയനായിരുന്നു. 1897 ലെ അമരാവതി കോണ്‍ഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്ന ഏകമലയാളി എഐസിസി അധ്യക്ഷന്‍ സര് സി. ശങ്കരന് നായര്‍. ഭരണാധിപന് എന്ന നിലയില്‍ കൃത്യനിര്‍വഹണം നിഷ്കര്‍ഷയോടെ നിര്വഹിച്ചതുകൊണ്ടായിരുന്നു ശങ്കരന്‍നായരെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കൊണ്ടുവന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടുള്ള ഇംഗ്ലീഷ് സമീപനമാണദ്ദേഹത്തെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചത്. രാജിവച്ച അദ്ദേഹത്തോട് പകരം ആരെയെങ്കിലും നിര്‍ദ്ദേശിക്കാമോ എന്ന ചോദ്യത്തിന് എന്റെ ചപ്രാസിവരും എന്ന മറുപടി നല്കാന് സര് സിയ്ക്ക് കഴിഞ്ഞുവെന്നുള്ളത് നിസാരമായി കാണാന്‍ പറ്റില്ല അന്നത്തെ കോളനിവാഴ്ചക്കാലത്ത്.
ഗാന്ധിജിയെപോലും സര് സി.ശങ്കരന് നായര്‍ കണ്ണടച്ച് വിശ്വസിച്ചിരുന്നില്ല-ഗാന്ധിയുടെ നടപടികള്‍ സമാധാനം സ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ – അരാജകത്വം സൃഷ്ടിക്കുമോ എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. ഫലമോ? 1922 ല്‍ പ്രസിദ്ധീകരിച്ച സര് സിയുടെ ഇംഗ്ലീഷ് ഗ്രന്ഥം – ഗാന്ധി ആന്‍ഡ് അനാര്‍ക്കി. കര്‍ശന നടപടികള്‍ വേണ്ടിടത്ത് അത് ചെയ്യണമെന്നും പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്നുമായിരുന്നു ശങ്കരന് നായരുടെ വ്യക്തിഗതാഭിപ്രായം.
ചെമ്പകരാമന്‍ പിള്ളയുടെ പോരാട്ടങ്ങള്‍
തിരുവനന്തപുരം ഗാന്ധാരി അമ്മന്‍കോവിലിന് എതിര്‍വശത്ത് ഇന്ന് ഓറഞ്ച് അച്ചടിശാല നില്‍ക്കുന്നസ്ഥലത്ത് ജനിച്ച ഡോ. കെ. ചെമ്പകരാമന്‍ പിള്ളയെ ദേശീയ നേതാക്കള്‍ വാഴ്ത്താറുണ്ട്. ഒരു സമരഭടന് എന്നതിനേക്കാള്‍ ഒരു നേതാവ് എന്ന നിലയില്‍ സുഭാഷ് ചന്ദ്രബോസുമായിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തെ ദേശീയധാരയില്‍ എത്തിച്ചത്. ഇംഗ്ലീഷുകാരെ തുരത്താന്‍ ഇംഗ്ലണ്ടിന്റെ ശത്രുസഖ്യത്തിന്റെ പിന്തുണ ആര്ജിക്കണമെന്നഭിപ്രായം മൂലമാണ് സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിച്ചത്. ഇതുവഴി ജപ്പാന്റെയും ജര്‍മ്മനിയുടെയും സഹായത്താല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യയെ മോചിപ്പിക്കാമെന്നായിരുന്നു പ്ലാന്‍. ഇതിനുവേണ്ടി ഒരു അച്ചുതണ്ട് പ്രവര്‍ത്തിച്ചു. ഇതില്‍ സുഭാഷ് ബോസ് പുതിയ രാജ്യത്തലവന് ആകുകയും ഡോ. ചെമ്പകരാമന്‍പിള്ള വിദേശകാര്യ മന്ത്രിയാവുകയുമായിരുന്നു പ്ലാന്‍. ഇതിനായി ഹിറ്റ്ലര്‍ അടക്കമുള്ളവരെ കണ്ട് ഇന്ത്യയിലെ സ്ഥിതിഗതികള്‍ പഠിക്കുകയായിരുന്നു ചെമ്പകരാമന്‍പിള്ള ചെയ്തിരുന്നത്. സുഭാഷ് ബോസിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു ഇത്. നായര്‍ സാന്‍ എന്ന പ്രശസ്തനായ എ.എം. നായര്‍ ‘ജപ്പാനില്‍ 55 വര്‍ഷം’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇതില്‍ ബോസിന്റെയും ചെമ്പകരാമന്പിള്ളയുടെയും പ്രവര്‍ത്തനങ്ങളെ താന്‍ ജപ്പാന് ഭരണാധിപനുമായി ഏകോപിപ്പിച്ചിരുന്നതായി പറയുന്നുണ്ട്. ഹിരോഹിതോ ചക്രവര്‍ത്തി ഇന്ത്യയാക്രമിച്ച് ഇംഗ്ലീഷ്കാരില്‍ നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞിരുന്നതായി നായര്‍ സാന്‍ ഈ ലേഖകനോട് പറഞ്ഞിരുന്നു. (പൂജപ്പുരയില്‍ അദ്ദേഹം ദീര്‍ഘകാലം താമസിച്ചിരുന്നു)
വി.കെ. കൃഷ്ണ മേനോന്റെ സാഹസങ്ങള്‍
കോഴിക്കോട്ടുനിന്നും ഉന്നതവിദ്യാഭ്യാസത്തിനായി കപ്പല്കയറിയ പില്ക്കാല ഇന്ത്യന്‍ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്റെ ഇംഗ്ലണ്ടിലെ ഇന്ത്യാലീഗുമായുള്ള പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാവുന്നതല്ല. വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയില്‍ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും മേനോന് അടുത്ത ബന്ധമുണ്ടായിരുന്നു. ഹാരോള്‍ഡ് ലാസ്കിയും ഇന്ദിരാഗാന്ധിയുമൊക്കെ മേനോന്റെ കയ്യില്‍ ഒതുങ്ങിയിരുന്ന വ്യക്തികളായിരുന്നു. ഇതുകൊണ്ടായിരുന്നു ഐക്യരാഷ്ട്രസഭയില്‍ പോലും ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രസംഗിക്കാന്‍ -കശ്മീര്‍ പ്രശ്നം- വി.കെ. കൃഷ്ണമേനോനെ പ്രധാനമന്ത്രി നെഹ്റു നിയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ ചൈനയും പാക്കിസ്ഥാനുമായി ഇന്ത്യ നല്ല ബന്ധം സ്ഥാപിക്കണമെന്ന ആശ-പ്രത്യാശ-മേനോനെ വഴി തെറ്റിച്ചത് ചൈനയുമായുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ ദയനീയ പരാജയത്തിന് ഹേതുവായി. ഐക്യരാഷ്ട്രസഭയില്‍ കട്ടന്‍ചായയും കഴിച്ചുകൊണ്ട് ദീര്‍ഘനേരം പ്രസംഗിച്ച് അതൊരു റെക്കോര്‍ഡ് ആക്കിയെങ്കിലും പ്രശ്നം പരിഹരിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഇന്നും അതൊരു കീറാമുട്ടിയായിത്തുടരുന്നു. മക്മോഹന്‍ ലൈന്‍ വരെയുള്ള പ്രദേശങ്ങള്‍ ലഭിക്കാതെ ഇന്ത്യയ്ക്ക് എങ്ങനെ അടങ്ങിയിരിക്കാന്‍ സാധിക്കും?
മഞ്ചേരി രാമയ്യരും ടി.എം. നായരും
ഇംഗ്ലീഷ് സര്‍ക്കാര്‍ മൂന്ന് വട്ടമേശ സമ്മേളനങ്ങള്‍ നടത്തിയിരുന്നു മുപ്പതുകളില്‍. ഒന്നില്‍ അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്ന് ഇംഗ്ലീഷുകാര്‍ പരാമര്‍ശിച്ച ഗാന്ധിജി തന്നെയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇത്തരം വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുത്ത് പ്രവര്‍ത്തിച്ചൊരു മലയാളിയായിരുന്നു മഞ്ചേരി രാമയ്യര്. ഇദ്ദേഹത്തിന്റെ രണ്ട് തലമുറകള്‍ക്കു ശേഷമുള്ള അഡ്വ.സുന്ദര്സിങ്ങിനുപോലും തന്റെ കാരണവര്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത മഹാനായിരുന്നുവെന്ന കാര്യം ആദ്യം അറിയില്ലായിരുന്നു. രാമയ്യര് ലണ്ടനിലെത്തിയെങ്കിലും അദ്ദേഹത്തെ പ്രസംഗിക്കാന്‍ അനുവദിക്കുകയുണ്ടായില്ല. എഴുതിക്കൊണ്ടുപോയ ഭരണമാറ്റത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് മടങ്ങേണ്ടി വന്നുവെങ്കിലും അത്തരമൊരു കാര്യ നിര്‍വ്വഹണത്തെ നിസ്സാരമാക്കാന്‍ സാധിക്കുകയില്ല. ഹോംറൂള്‍ പ്രസ്ഥാനത്തിലും സജീവമായിരുന്നു രാമയ്യര്. ആനി ബസന്റുമായി ചേര്‍ന്ന് മലബാറില്‍ ഹോംറൂള്‍ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുത്തിയതില്‍ മഞ്ചേരി രാമയ്യരുടെ സേവനങ്ങള്‍ക്ക് സീമയില്ല.
ഇന്ത്യയിലെ അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ അമരക്കാരന് ഡോ. തറവത്ത് മാധവന്‍നായര്‍ (ടി. എം. നായര്‍) സ്വാതന്ത്ര്യ സമ്പാദനത്തിന് ആക്കം കൂട്ടിയവരില്‍ ഒരാളാണ്. ഇന്ന് നാം ഇ.വി. രാമസ്വാമി നായ്ക്കര്‍ എന്ന് കേള്‍ക്കുമ്പോള്‍ അബ്രാഹ്മണ പ്രസ്ഥാനത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നു. ഇവിആറിന്റെ ജസ്റ്റിസ് പാര്‍ട്ടിയില്‍ നിന്നായിരുന്നു ദ്രാവിഡ കഴകം ഉണ്ടായത്. ഇവിആറിന് മുന്‍പ് അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായതും മലയാളിയായ ടി.എം. നായര്‍ ഒന്നാം ലോക മഹായുദ്ധകാലം മുതല്‍ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. മെഡിക്കല്‍ ഡോക്ടറാണെങ്കിലും ഡോ. ടി.എം. നായര്‍ തമിഴ്നാട്ടില്‍ എല്ലായിടത്തും ഓടി നടന്ന് കോണ്‍ഗ്രസിന് ബദലായി രൂപീകരിച്ച ജസ്റ്റിസ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്നു.
ചുരുക്കത്തില്‍ ഇന്ത്യന്‍ ദേശീയതയെ വികസിപ്പിക്കുന്നതിലും അതുവഴി സ്വാതന്ത്ര്യം നേടിത്തരുന്നതിലും പല മലയാളികളും കേരളത്തിന് വെളിയില്‍ പ്രവര്‍ത്തിച്ച് മാതൃക കാട്ടിയിരുന്നു. ഐഎന്‍എ പോലുള്ള സംഘടനകളിലെ പരശ്ശതം മലയാളികള്‍ക്കും അഭിമാനിക്കാം തങ്ങളുടെ കൂടി ശ്രമത്തിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നതില്‍.
(പ്രമുഖ ചരിത്രകാരനും പൈതൃകപഠനകേന്ദ്രം മുന്‍ ഡയറക്ടര്‍ ജനറലുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: